കാലവർഷം നേരത്തെ ഇങ്ങെത്തി ! ഇന്ന് രണ്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്

പതിനാറ് വര്‍ഷത്തിനിടെ ഇതാദ്യമായാണ് കാലവര്‍ഷം നേരത്തെയെത്തുന്നത്

തിരുവനന്തപുരം : കേരളത്തില്‍ കാലവര്‍ഷമെത്തിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. സാധാരണയായി ജൂണ്‍ ഒന്നാം തീയതിയോടെയാണ് സംസ്ഥാനത്ത് കാലവര്‍ഷമെത്താറ്. 16വര്‍ഷത്തിനിടെ ഇതാദ്യമായാണ് കാലവര്‍ഷം നേരത്തെയെത്തുന്നത്. അതിതീവ്രമഴക്ക് സാധ്യതയുള്ളതിനാല്‍ ഇന്ന് കണ്ണൂര്‍ ,കാസര്‍കോട് ജില്ലകളില്‍ റെഡ് അലര്‍ട്ടാണ്.

മൂന്ന് ദിവസത്തേക്ക് സംസ്ഥാനത്ത് അതിതീവ്രമഴ മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. മറ്റന്നാള്‍ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ഒഴികെയുള്ള മറ്റ് ജില്ലകളിലാണ് റെഡ് അലര്‍ട്ടാണ്. കിഴക്കന്‍ മധ്യ കൊങ്കന്‍ മേഖലകളില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടതാണ് കാലവര്‍ഷം നേരത്തെയെത്താന്‍ കാരണമായത്.

കനത്തമഴയിലും കാറ്റിലും തിരുവനന്തപുരം ജില്ലയില്‍ കനത്ത നാശനഷ്ടങ്ങളുണ്ടായി.നഗരത്തിലും ഗ്രാമങ്ങളിലും മരങ്ങള്‍ വ്യാപകമായി കടപുഴകി വീടുകള്‍ക്ക് അടക്കം കേടുപാടുകള്‍ പറ്റി. കൊല്ലത്ത് നഗര പ്രദേശങ്ങളിലും കിഴക്കന്‍ മലയോര മേഖലയിലും ഇടവിട്ട് ശക്തമായ മഴ തുടരുകയാണ്.

മണ്‍സൂണിനെ വരവേല്‍ക്കാന്‍ നല്ല തയാറെടുപ്പുകള്‍ നടത്തിയിട്ടുണ്ടെന്നും ജനങ്ങളുടെ ഭാഗത്ത് നിന്ന് നല്ല ജാഗ്രത ഉണ്ടാവണമെന്നും മന്ത്രി കെ രാജന്‍ പറഞ്ഞു.ആവശ്യമെങ്കില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറക്കും. വടക്കന്‍ ജില്ലകളിലും ഇടുക്കി, പത്തനംതിട്ട ജില്ലയിലും ജാഗ്രത പാലിക്കണമെന്നും മന്ത്രി വ്യക്തമാക്കി.

Share
Leave a Comment