കടലില്‍ വീണത് നൂറോളം കണ്ടെയ്‌നറുകൾ : കപ്പലിലെ എണ്ണ കലരുന്നത് തടയാനായി കോസ്റ്റ് ഗാർഡ് രംഗത്ത്

കപ്പലിലെ കണ്ടെയ്‌നറുകള്‍ ഏകദേശം മണിക്കൂറില്‍ മൂന്ന് കിലോമീറ്റര്‍ വേഗത്തില്‍ കടലില്‍ ഒഴുകി നടക്കുകയാണെന്നും വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കുന്നു

തിരുവനന്തപുരം : അറബിക്കടലില്‍ മുങ്ങിയ ചരക്കു കപ്പല്‍ എം എസ് സി എല്‍സ 3ല്‍ നിന്ന് നൂറോളം കണ്ടെയ്‌നറുകള്‍ കടലില്‍ വീണെന്ന് സംസ്ഥാന സര്‍ക്കാറിന്റെ ഉന്നതല യോഗത്തില്‍ വിലയിരുത്തല്‍. കപ്പല്‍ മുങ്ങിയ സാഹചര്യത്തില്‍ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ അടിയന്തരമായി ചേര്‍ന്ന യോഗത്തില്‍ പ്രതിരോധ നടപടികള്‍ ചര്‍ച്ച ചെയ്തു.

കപ്പലിലെ ഇന്ധനമായ എണ്ണ ചോര്‍ന്നിട്ടുണ്ടെന്നും കോസ്റ്റ് ഗാര്‍ഡ് രണ്ട് കപ്പലുകള്‍ ഉപയോഗിച്ച് എണ്ണ വെള്ളത്തില്‍ കലരുന്നത് തടയാന്‍ നടപടിയെടുത്തിട്ടുണ്ടെന്നും സര്‍ക്കാര്‍ ഇറക്കിയ വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു.  ഡോണിയര്‍ വിമാനം ഉപയോഗിച്ച് എണ്ണ നശിപ്പിക്കാനുള്ള പൊടി എണ്ണ പാടക്ക് മേല്‍ തളിക്കുകയാണ്. കപ്പലിലെ കണ്ടെയ്‌നറുകള്‍ ഏകദേശം മണിക്കൂറില്‍ മൂന്ന് കിലോമീറ്റര്‍ വേഗത്തില്‍ കടലില്‍ ഒഴുകി നടക്കുകയാണെന്നും വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കുന്നു.

എണ്ണപ്പാട എവിടെ വേണമെങ്കിലുമെത്താം എന്നതിനാല്‍ കേരള തീരത്ത് പൂര്‍ണമായും ജാഗ്രതാ നിര്‍ദേശം നല്‍കി. കപ്പല്‍ മുങ്ങിയ ഭാഗത്തുനിന്ന് 20 നോട്ടിക്കല്‍ മൈല്‍ പ്രദേശത്ത് ആരും മത്സ്യ ബന്ധനത്തിന് പോകരുത്. കണ്ടെയ്നറുകള്‍ കരയില്‍ സുരക്ഷിതമായി മാറ്റാന്‍ രണ്ട് ടീമുകളെയും തയ്യാറാക്കി.

എണ്ണപ്പാട തീരത്ത് എത്തിയാല്‍ കൈകാര്യം ചെയ്യാന്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ നേതൃത്വത്തില്‍ രണ്ട് വീതം റാപ്പിഡ് റെസ്‌പോണ്‍സ് ടീമുകളെയും സജ്ജമാക്കിയിട്ടുണ്ട്. ദേശീയ എണ്ണപ്പാട പ്രതിരോധ പദ്ധതിയുടെ അധ്യക്ഷനായ കോസ്റ്റ് ഗാര്‍ഡ് ഡയറക്ടര്‍ ജനറല്‍ നേരിട്ട് ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നുണ്ട്.

Share
Leave a Comment