Kerala

കൊച്ചി തീരത്ത് അപകടത്തിൽപ്പെട്ട കപ്പൽ മുങ്ങി

കൊച്ചി തീരത്ത് അപകടത്തിൽ പെട്ട എംഎസ്‌സി എല്‍സ 3 എന്ന കപ്പൽ മുങ്ങി. കപ്പൽ മുങ്ങാതെയിരിക്കാനായി നടത്തിയ ശ്രമങ്ങളെല്ലാം വിഫലമായി. കൂടുതൽ കണ്ടെയ്‌നറുകൾ കടലിൽ പതിച്ചതായും ക്യാപ്റ്റനെയും രണ്ട് പേരെയും നേവിയുടെ കപ്പലിലേക്ക് മാറ്റിയതായും വിവരങ്ങളുണ്ട്.

സ്ഥിതി വഷളാകുന്നുവെന്ന് മനസിലാക്കിയ ഉടൻ നാവിക സേന ഇടപെട്ടു. കപ്പലിലുണ്ടായിരുന്ന ക്യാപ്റ്റനടക്കം മൂന്ന് ജീവനക്കാരെ ഐഎൻഎസ് സുജാതയിലേക്ക് മാറ്റി. എന്നാൽ, കപ്പലിന് അടുത്തേക്ക് പോകാൻ ഐഎൻഎസ് സുജാതയ്ക്ക് സാധിച്ചില്ല. കണ്ടെയ്‌നറുകളെ മറികടന്ന് മുന്നോട്ട് പോകാൻ നാവികസേന കപ്പലിന് സാധിക്കുന്നില്ലെന്നാണ് ലഭിക്കുന്ന വിവരം.

കേരളാ തീരത്ത് നിന്ന് 38 നോട്ടിക്കല്‍ മൈല്‍ അകലെയാണ് കഴിഞ്ഞ ദിവസം എംഎസ്‌സി എല്‍സ 3 എന്ന ലൈബീരിയന്‍ കപ്പല്‍ ചെരിഞ്ഞത്. കഴിഞ്ഞ ദിവസം തന്നെ 24ല്‍ 21 ജീവനക്കാരെ നാവികസേന രക്ഷിച്ചിരുന്നു. കപ്പലില്‍ നിന്ന് കടലില്‍ വീണ കണ്ടെയ്നറുകളില്‍ അപകടകരമായ രാസവസ്തുക്കളുള്ളതിനാല്‍ കൊച്ചി, തൃശൂര്‍, ആലപ്പുഴ അടക്കമുള്ള തീരമേഖലകളില്‍ അതീവ ജാഗ്രത പുറപ്പെടുവിച്ചിട്ടുണ്ട്.

തീരത്ത് അസാധാരണമായി എന്തെങ്കിലും കണ്ടാല്‍ തൊടരുതെന്നും 112ലേക്ക് വിളിച്ച് ഉടന്‍ വിവരമറിയിക്കണമെന്നും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിര്‍ദേശിച്ചിട്ടുണ്ട്. ഇന്ന് കണ്ടെയ്‌നറുകൾ മാറ്റാനുള്ള ശ്രമങ്ങൾ തുടരുമെന്നായിരുന്നു അറിയിച്ചിരുന്നത്. അതിനായി ഇതേ കമ്പനിയുടെ മറ്റൊരു കപ്പൽ എത്തിച്ചിരുന്നു.

shortlink

Post Your Comments


Back to top button