അപകടത്തിൽപ്പെട്ട കപ്പലിലെ അവശേഷിച്ചിരുന്ന മൂന്ന് ജീവനക്കാരെയും രക്ഷപ്പെടുത്തി

നാവികസേനയുടെ ഐ എന്‍ എസ് സുജാത എന്ന കപ്പലിലാണ് ഇവരെ പുറത്തെത്തിച്ചത്

കൊച്ചി : തീരത്ത് അപകടത്തില്‍ പെട്ട ചരക്കു കപ്പലില്‍ അവശേഷിച്ചിരുന്ന മൂന്നു പേരെയും രക്ഷപ്പെടുത്തി. ക്യാപ്റ്റന്‍ ഉള്‍പ്പെടെയുള്ളവരെയാണ് രക്ഷപ്പെടുത്തിയത്. നാവികസേനയുടെ ഐ എന്‍ എസ് സുജാത എന്ന കപ്പലിലാണ് ഇവരെ പുറത്തെത്തിച്ചത്.

കപ്പലില്‍ നിന്ന് കൂടുതല്‍ കണ്ടെയ്‌നറുകള്‍ കടലിലേക്ക് വീണു. കപ്പല്‍ കൂടുതല്‍ അപകടാവസ്ഥയിലായിട്ടുണ്ട്. അതിനാല്‍ കപ്പല്‍ ഉപേക്ഷിച്ചായിരുന്നു രക്ഷാപ്രവര്‍ത്തനം. നിലവില്‍ കപ്പല്‍ 28 ഡിഗ്രിയോളം ചരിഞ്ഞിട്ടുണ്ട്. തീരദേശ സേനയും നാവികസേനയും സ്ഥിതിഗതികള്‍ നിരീക്ഷിച്ചു വരികയാണ്. തീരത്ത് കണ്ടെയ്നറുകള്‍ അടിഞ്ഞാല്‍ അടുത്ത് പോകരുതെന്ന് മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.

തീരത്ത് എണ്ണപ്പാടയടക്കം ശ്രദ്ധയില്‍പ്പെട്ടാല്‍ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ 112 എന്ന നമ്പറിലോ അറിയിക്കണം. മറൈന്‍ ഓയില്‍ ഉള്‍പ്പെടെയുള്ള അപകടകരമായ വസ്തുക്കളാണ് കാര്‍ഗോകളിലുള്ളത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് വിഴിഞ്ഞത്ത് നിന്ന് കൊച്ചിയിലേക്ക് പുറപ്പെട്ട എം എസ് സി എല്‍സ എന്ന കപ്പലാണ് അപകടത്തില്‍പ്പെട്ടത്.

കൊച്ചിയില്‍ നിന്ന് 38 നോട്ടിക്കല്‍ മൈല്‍ അകലെയായിരുന്നു അപകടം. ഇന്നലെ രാത്രിയോടെ കൊച്ചിയില്‍ എത്തേണ്ടതായിരുന്നു കപ്പല്‍. 24 ജീവനക്കാരാണ് കപ്പലിലുണ്ടായിരുന്നത്. ഇവരില്‍ 21 പേരെ നേരത്തെ രക്ഷപ്പെടുത്തിയിരുന്നു.

Share
Leave a Comment