കനത്ത മഴയിൽ മരം വീണ് സ്ത്രീ മരിച്ചു : സംസ്ഥാനത്ത് കാലവർഷം നാശം വിതയ്ക്കുന്നു

തൃശൂര്‍ അരിമ്പൂര്‍ മനക്കൊടിയില്‍ തെങ്ങ് കടപുഴകി വീണ് വീട് തകര്‍ന്നു

തിരുവനന്തപുരം : സംസ്ഥാനത്ത് മഴക്കെടുതികള്‍ തുടരുന്നു. വ്യാപക നാശമാണ് മഴ വിതയ്ക്കുന്നത്. പാമ്പാടുംപാറയില്‍ മരം വീണ് സ്ത്രീ മരിച്ചു. മധ്യപ്രദേശ് സ്വദേശി മാലതിയാണ് മരിച്ചത്. മലപ്പുറം അരീക്കോട് ഒരു വീടിന്റെ മതില്‍ അടുത്ത വീട്ടിലേക്ക് ഇടിഞ്ഞുവീണു. വീടിന്റെ ഭിത്തി തകര്‍ന്ന് ഒന്നര വയസ്സുള്ള കുട്ടിക്ക് പരുക്കേറ്റു.

മലപ്പുറം മുസ്‌ലിയാരങ്ങാടി സംസ്ഥാന പാതയില്‍ മഴയിലും കാറ്റിലും കാറിനു മുകളില്‍ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. റോഡിലേക്ക് ചാഞ്ഞുനിന്നിരുന്ന ബദാം മരമാണ് വീണത്. ആര്‍ക്കും പരിക്കില്ല. തൃശൂര്‍ അരിമ്പൂര്‍ മനക്കൊടിയില്‍ തെങ്ങ് കടപുഴകി വീണ് വീട് തകര്‍ന്നു. വീട്ടിലുണ്ടായിരുന്ന വയോധികയും മകനും അത്ഭുതകരമായി രക്ഷപ്പെട്ടു. കൊല്ലത്ത് കാറ്റില്‍ പരസ്യ ബോര്‍ഡ് മറിഞ്ഞുവീണു. വന്‍ അപകടം ഒഴിവായി. പാലക്കാട് നെല്ലിയാമ്പതി ചന്ദ്രമല എസ്റ്റേറ്റിലെ തോട്ടം തൊഴിലാളികളുടെ ലയത്തിന് മുകളില്‍ വൈദ്യുതി പോസ്റ്റ് വീണു.

നെല്ലിയാമ്പതി തുത്തന്‍പാറയിലേക്കുള്ള വഴിയില്‍ മരം വീണ് വിനോദ സഞ്ചാരികള്‍ കുടുങ്ങി. ഇന്നലെ പകല്‍ പെയ്ത ശക്തമായ മഴയിലാണ് മരം കടപുഴകി വീണത്. തുത്തന്‍പാറ എസ്റ്റേറ്റ് ബംഗ്ലാവില്‍ താമസിക്കാനായി എത്തിയ അഞ്ചംഗ സംഘമാണ് വന മേഖലയിലെ വഴിയില്‍ കുടുങ്ങിയത്. വനം വകുപ്പ് ഇവരെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി. പാലക്കാട് പത്തിരിപ്പാലയില്‍ ബസിന് മുകളില്‍ മരം കടപുഴകി വീണു. ആര്‍ക്കും പരുക്കില്ല.

കോഴിക്കോട്ട് നിര്‍ത്തിയിട്ട കാറിന് മുകളില്‍ മതില്‍ ഇടിഞ്ഞു വീണു. മാവൂര്‍ പൈപ്പ് ലൈന്‍ ജങ്ഷനു സമീപം ഓഡിറ്റോറിയത്തിന്റെ പാര്‍ക്കിംഗ് ഏരിയയില്‍ നിര്‍ത്തിയിട്ട കാറിന് മുകളിലേക്കാണ് മതിലിടിഞ്ഞ് വീണത്. കാറിലും തൊട്ടടുത്തും ആരും ഇല്ലാതിരുന്നതിനാല്‍ അപകടം ഒഴിവായി. പമ്പ മുതല്‍ ഇലവുങ്കല്‍ വരെയുള്ള ഭാഗങ്ങളില്‍ വ്യാപകമായി മരം വീണു.

ഇടുക്കിയിലെ ഹൈറേഞ്ചുകളിലും മഴ ശക്തമാണ്. കൊട്ടാരക്കര-ദിണ്ഡിഗല്‍ പാതയില്‍ മണ്ണിടിച്ചിലുണ്ടായി. തടസ്സപ്പെട്ട ഗതാഗതം പിന്നീട് പുനസ്ഥാപിച്ചു. ആലപ്പുഴ തൃക്കുന്നപ്പുഴയില്‍ ഇന്നും കടല്‍ക്ഷോഭം രൂക്ഷമാണ്.

Share
Leave a Comment