Kerala

അതി തീവ്ര മഴ: വിലങ്ങാട് മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ ഭീതി, 16 കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി

കോഴിക്കോട്: സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ വിവിധ സ്ഥലങ്ങളിൽ അപകടവും നാശനനഷ്ടങ്ങളുമുണ്ടായി. മലയോരത്ത് മഴ ശക്തി പ്രാപിച്ചതോടെ കോഴിക്കോട് ജില്ലയിൽ 58 പേരെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. വിലങ്ങാട് മഞ്ഞച്ചീളിയിൽ 16 കുടുംബങ്ങളിൽ നിന്നുള്ളവരെയാണ് മാറ്റിയത്. പ്രദേശത്ത് ഉരുൾപൊട്ടൽ ഭീതി നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഇവരെ ക്യാമ്പിലേക്ക് മാറ്റിയത്.

വിലങ്ങാട് സെന്‍റ് ജോർജ്ജ് ഹൈസ്കൂളിൽ സജ്ജീകരിച്ച ദുരിതാശ്വസ ക്യാമ്പിലേക്കാണ് ഇവരെ മാറ്റി താമസിപ്പിച്ചത്. മണ്ണിടിച്ചൽ , ഉരുൾ പൊട്ടൽ ഭീഷണി നിലനിൽക്കുന്ന പന്നിയേരി ഉന്നതിയിൽ നിന്ന് കൂടുതൽ കുടുംബങ്ങൾ ബന്ധുവീടുകളിലേക്കും, സുരക്ഷിത സ്ഥാനങ്ങളിലേക്കും താമസം മാറി. മേഖലയിൽ ശക്തമായ മഴ തുടരുന്നതിനാൽ നേരത്തെ ഉരുൾപൊട്ടൽ നാശം വിതച്ച പ്രദേശങ്ങളിൽ നിന്നും കുടുംബങ്ങൾ സ്വയം മാറി തുടങ്ങിയിട്ടുമുണ്ട്.

ഇന്നല രാത്രി മണ്ണിടിച്ചിലിനെ തുടർന്ന് പന്നിയേരി ഉന്നതിയിൽ നിന്ന് ഒരു കുടുംബത്തെ മാറ്റി താമസിപ്പിച്ചിരുന്നു. കോഴിക്കോട് ജില്ലയിൽ ഇന്ന് റെഡ് അലർട്ടാണ്. അതിതീവ്രമായ മഴയ്ക്കുള്ള സാധ്യതയാണ് കോഴിക്കോട് പ്രഖ്യാപിച്ചിട്ടുള്ളത്. റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ ജില്ലയിലെ സ്കൂളുകൾക്ക് കലക്ടർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം കനത്ത മഴയെ തുടർന്ന് വയനാട് നൂൽപ്പുഴ പുഴ കരകവിഞ്ഞ് ഉന്നതിയിലേക്ക് വെള്ളം കയറി. പുത്തൂർ ഉന്നതിയിൽ നിന്ന് കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. ആറ് കുടുംബങ്ങളിൽ 23 പേരെയാണ് മാറ്റിയത്. ഇതിൽ 6 പേരെ കല്ലൂർ ഗവൺമെന്‍റ് ഹയർ സെക്കൻഡറി സ്കൂളിലെ ക്യാമ്പിലേക്ക് മാറ്റി. മറ്റു കുടുംബങ്ങൾ ബന്ധുവീടുകളിലേക്ക് മാറി. വയനാടും ശക്തമായ മഴ തുടരുകയാണ്. മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ സാധ്യതയുള്ള മേഖലയിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും നിർദ്ദേശാനുസരണം മാറി താമസിക്കണമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button