
തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം ശക്തിപ്രാപിച്ചതോടെ വിവിധ ജില്ലകളിൽ വ്യാപക നാശനഷ്ടവും ആറ് മരണവും. സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുകയാണ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് തുടങ്ങി 11 ജില്ലകളിൽ തിങ്കളാഴ്ച റെഡ് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണ്.
അതിശക്തമായ മഴയിൽ മലപ്പുറം കരുളായിയില്‍ വീടിന്റെ മുകളിലേക്ക് മരം വീണു. അപകടം ഒഴിവായത് തലനാരിഴയ്ക്ക്. കരുളായി പുലഞ്ചേരിയില്‍ രാത്രി 12 മണിയോടെയായിരുന്നു സംഭവം. ബിബിന്‍ ജോര്‍ജിന്റെ വീട്ടിലേക്കാണ് മരം പൊട്ടി വീണത്. അയല്‍വാസിയുടെ വീടിന്റെ മതിലും തകര്‍ന്നിട്ടുണ്ട്. ഫയര്‍ഫോഴ്സ് എത്തി മരം മുറിച്ചു മാറ്റി.
ഇടുക്കി, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ അടുത്ത മൂന്ന് മണിക്കൂറില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
കൊല്ലം, ആലപ്പുഴ, കാസര്‍കോട് ജില്ലകളില്‍ അടുത്ത മൂന്ന് മണിക്കൂറില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നത്. ശക്തമായ കാറ്റിലും മഴയിലും മരക്കൊമ്പ് വീണും മറ്റും വൈദ്യുതിക്കമ്പികള്‍ പൊട്ടിക്കിടക്കാനോ ചാഞ്ഞുകിടക്കാനോ സാധ്യതയുണ്ടെന്നും പുറത്തിറങ്ങുമ്പോള്‍ വലിയ ജാഗ്രത വേണമെന്നും കെഎസ്ഇബി മുന്നറിയിപ്പ് നല്കി.
പൊട്ടിവീണ ലൈനില്‍ മാത്രമല്ല പരിസര പ്രദേശങ്ങളിലും വൈദ്യുതപ്രവാഹം ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ അടുത്തു പോവുകയോ സ്പര്‍ശിക്കുകയോ ചെയ്യരുത്. മറ്റാരെയും സമീപത്തേക്ക് പോകാന്‍ അനുവദിക്കുകയുമരുതെന്നും ഇത്തരം അപകടമോ അപകടസാധ്യതയോ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം തൊട്ടടുത്ത കെഎസ്ഇബി സെക്ഷന്‍ ഓഫീസിലോ 94 96 01 01 01 എന്ന എമര്‍ജന്‍സി നമ്പരിലോ അറിയിക്കണമെന്നും കെഎസ്ഇബി അറിയിച്ചു.
പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് റെഡ് അലേര്‍ട്ടാണ്. ഇവയില്‍ പാലക്കാട് ഒഴികെയുള്ള ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. സ്പെഷ്യല്‍ ക്ലാസുകളും ട്യൂഷന് ക്ലാസുകളുമുള്‍പ്പെടെ ഇന്ന് വെക്കരുതെന്നാണ് വിവിധ ജില്ലകളിലെ കളക്ടര്‍മാര്‍ അറിയിക്കുന്നത്. കണ്ണൂര്‍ സര്‍വകലാശാല ഇന്ന് നടത്താന്‍ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റി വെച്ചിട്ടുണ്ട്.
കനത്ത മഴയില്‍ വിവിധ ഇടങ്ങളില്‍ ചെറിയ നാശനഷ്ടങ്ങളുണ്ടായിട്ടുണ്ട്. ഇടുക്കിയില്‍ രാത്രിയില്‍ ഉണ്ടായ മഴയില്‍ വിവിധ ഇടങ്ങളില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടിട്ടുണ്ട്. നേരിമംഗലം റാണികല്ലില്‍ മരം വീണ് തടസപ്പെട്ട ഗതാഗതം ഭാഗികമായി പുനസ്ഥാപിച്ചിട്ടുണ്ട്. റോഡരികില്‍ നിന്ന മരം കടപുഴകി റോഡിലേക്ക് വീഴുകയായിരുന്നു. തൃശൂര്‍-ഗുരുവായൂര്‍ റൂട്ടില്‍ അമല പരിസരത്ത് റെയില്‍വേ ട്രാക്കില്‍ ഇലക്ട്രിക് ലൈനിലേക്ക് മരം വീണ് ട്രെയിന്‍ ഗതാഗതവും തടസ്സപ്പെട്ടു. കോഴിക്കോട് മുക്കത്തും ശക്തമായ മഴയില്‍ മരം കടപുഴകി വീണതിനാല്‍ ഏറെ നേരം ഗതാഗത തടസം നേരിട്ടു.
Post Your Comments