കടലൂരില്‍ ലഡുവിന് ടൊമാറ്റോ സോസ് കിട്ടിയില്ലെന്ന് ആരോപിച്ച് മലയാളി ഹോട്ടല്‍ ജീവനക്കാരെ തല്ലിച്ചതച്ചു

കഴിഞ്ഞ ദിവസം രാത്രിയാണ് പ്രദേശവാസികളായ മൂന്ന് യുവാക്കള്‍ ചേര്‍ന്ന് ഹോട്ടല്‍ ജീവനക്കാരെ മര്‍ദിച്ചത്

വിരുധാചലം : തമിഴ്‌നാട്ടിലെ കടലൂരില്‍ ലഡുവിന് ടൊമാറ്റോ സോസ് കിട്ടിയില്ലെന്ന് ആരോപിച്ച് മലയാളി ഹോട്ടല്‍ ജീവനക്കാര്‍ക്ക് ക്രൂരമര്‍ദ്ദനം. കടലൂരിലെ വൃദ്ദചലത്തുള്ള ക്ലാസിക് കഫെ ഹോട്ടല്‍ ജീവനക്കാര്‍ക്കാണ് മര്‍ദനമേറ്റത്.

മലപ്പുറം തിരൂരങ്ങാടി സ്വദേശികളായ നിസാര്‍, താജുദ്ധീന്‍, വേങ്ങര സ്വദേശി സാജിദ് എന്നിവര്‍ക്ക് തലയ്ക്കും മുഖത്തും പരുക്കേറ്റിട്ടുണ്ട്. അക്രമികള്‍ ഇരുമ്പ് പൈപ്പും, ചട്ടകവും കൊണ്ടാണ് മൂവരെയും ആക്രമിച്ചത്. കഴിഞ്ഞ ദിവസം രാത്രിയാണ് പ്രദേശവാസികളായ മൂന്ന് യുവാക്കള്‍ ചേര്‍ന്ന് ഹോട്ടല്‍ ജീവനക്കാരെ മര്‍ദിച്ചത്.

ലഡുവിന് സോസ് കൂട്ടി കഴിക്കില്ലെന്ന് പറഞ്ഞതിനാണ് മര്‍ദിച്ചത്. യുവാക്കള്‍ നേരത്തെയും പ്രശ്നമുണ്ടാക്കിയിട്ടുണ്ട്. മനപ്പൂര്‍വം പദ്ധതിയിട്ട് അടിയുണ്ടാക്കിയതാണ്. പ്രതികളെ അറസ്റ്റ് ചെയ്യാന്‍ പോലീസിന് പണം നല്‍കേണ്ട അവസ്ഥയാണെന്ന് പരുക്കേറ്റ നിസാര്‍ പറഞ്ഞു. ഇവര്‍ക്കെതിരെ പരാതി കൊടുത്തിട്ടും പോലീസ് നടപടിയെടുക്കുന്നില്ലെന്നും ആക്ഷേപമുണ്ട്.

തങ്ങള്‍ പിടിച്ചു കൊടുത്ത പ്രതിയെ മാത്രമേ പോലീസ് പിടിച്ചിട്ടുള്ളുവെന്ന് നിസാര്‍ പറഞ്ഞു. യുവാക്കള്‍ കഞ്ചാവ് ഉപയോഗിച്ചിട്ടുണ്ടോയെന്ന് സംശയമുണ്ടെന്നും നിസാര്‍ കൂട്ടിച്ചേര്‍ത്തു.

Share
Leave a Comment