NewsInternationalGulf

വന്‍ മയക്കുമരുന്നുവേട്ട; മൂന്നു സ്ത്രീകളടക്കം എട്ടുപേര്‍ പിടിയില്‍

അബുദബി: യു.എ.ഇ തലസ്ഥാനമായ അബുദബിയില്‍ കുറ്റാന്വേഷണ വിഭാഗത്തിന്റെ നേതൃത്വത്തില്‍ വന്‍ മയക്കുമരുന്ന് വേട്ട. മയക്കുമരുന്നു കടത്തും വില്‍പനയുമായി ബന്ധപ്പെട്ട് എട്ട് പേരെയാണ് പൊലിസ് അറസ്റ്റ് ചെയ്തത്.. ഇവരില്‍ നിന്ന് 398 കവറുകളില്‍ സൂക്ഷിച്ചിരുന്ന മയക്കുമരുന്നും പിടിച്ചെടുത്തു. മയക്കുമരുന്ന് വിറ്റ് ലഭിച്ച 1.25 ലക്ഷം ദിര്‍ഹവും പിടിച്ചെടുത്തിട്ടുണ്ട്. അറബ്, ജി.സി.സി പൗരന്‍മാരായ കോളജ് വിദ്യാര്‍ഥികള്‍, വിവിധ രാജ്യക്കാരായ മൂന്ന് പെണ്‍കുട്ടികള്‍, മൂന്ന് യൂറോപ്യന്‍ വംശജര്‍ എന്നിവരാണ് പിടിയിലായത്. യൂറോപ്യന്‍ വംശജര്‍ സന്ദര്‍ശനത്തിന് എത്തിയതാണ്. യു.എ.ഇയിലേക്ക് മയക്കുമരുന്ന് കള്ളക്കടത്ത് നടത്തുകയും വില്‍പന നടത്തുകയും ചെയ്തവരാണ് പിടിയിലായത്. സുഗന്ധവ്യഞ്ജനങ്ങള്‍ എന്ന വ്യാജേനയാണ് മയക്കുമരുന്ന് കച്ചവടം നടത്തിയിരുന്നത്.

രഹസ്യ വിവരത്തേത്തുടര്‍ന്ന് അബുദബി പൊലിസിന്റെ കുറ്റാന്വേഷണ വിഭാഗം നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. പ്രതികള്‍ കുറ്റം സമ്മതിച്ചതായി കുറ്റാന്വേഷണ വിഭാഗം മേധാവി കേണല്‍ ഡോ. റാഷിദ് മുഹമ്മദ് ബുര്‍ഷീദ് പറഞ്ഞു. പിടിയിലായവരെയും മയക്കുമരുന്നും തുടര്‍നടപടികള്‍ക്കായി ബന്ധപ്പെട്ട അധികൃതര്‍ക്ക് കൈമാറി. കുറ്റാന്വേഷണ വിഭാഗത്തിന് ലഭിച്ച വിവരത്തെ തുടര്‍ന്ന് പ്രതികള്‍ നിരീക്ഷണത്തിലായിരുന്നുവെന്ന് മയക്കുമരുന്ന് വിരുദ്ധ വിഭാഗം മേധാവി കേണല്‍ സുല്‍ത്താന്‍ സുവായെഹ് അല്‍ ദര്‍മാക്കി പറഞ്ഞു. വിവിധ വലുപ്പത്തിലുള്ള കവറുകളിലായാണ് മയക്കുമരുന്ന് സൂക്ഷിച്ചിരുന്നത്. യുവാക്കള്‍ക്കിടയിലടക്കം മയക്കുമരുന്ന് വ്യാപനം നടത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടികള്‍ തുടരുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button