Prathikarana Vedhi

നിര്‍മ്മാതാവിന്റെ നെഞ്ചത്ത് പൊങ്കാല ഇടുന്ന സിനിമാ സംഘടനകള്‍ക്ക് നിയന്ത്രണം അനിവാര്യം. വീണ്ടും ഒരു സിനിമാ സമരം കൂടി..

പി ആർ രാജ്
മറ്റേതൊരു ബിസിനസ്സും പോലെ പണം  മുടക്കുന്നവര്‍ക്ക് അര്‍ഹിക്കുന്ന അംഗീകാരം ലഭിക്കുന്ന
ബിസിനസ് ആയി സിനിമാ മാറിയെ മതിയാകൂ സിനിമ ആത്യന്തികമായി ഒരു കലാരൂപം തന്നെയാണ്. സംശയമില്ല. അത് ക്രിയാത്മക ചിന്തകളിലൂടെയും നിരവധി പേരുടെ കൂട്ടുത്തരവാദിത്വത്തോടെയും നടപ്പില്‍വരുത്തേണ്ട ഒരു സംരംഭമാണ് എന്നതിലും തര്‍ക്കമില്ല. പക്ഷേ കുറേപ്പേര്‍ ക്രീയാത്മകമായി ഇരുന്ന് ചിന്തിച്ചാലോ കുറച്ചുപേര്‍ സാക്ഷാത്കരിക്കാന്‍ ശ്രമിച്ചാലോ മാത്രം സിനിമ ഉണ്ടാകില്ല. അവരുടെ ചിന്തകള്‍ക്കും സാക്ഷാത്കാരങ്ങള്‍ക്കും അരങ്ങും ഊര്‍ജവും ആവേശവും ഉണ്ടാകണമെങ്കില്‍ അതിനു പര്യാപ്തമായ പണം വേണം. അപ്പോള്‍ എന്താണ് പണം മുടക്കുന്നവന്റെ റോള്‍? മറ്റേതൊരു ബിസിനസിലായാലും ലാഭനഷ്ടങ്ങളുടെയും പ്രോജക്ട് റിപ്പോര്‍ട്ടിന്റെയും വ്യക്തമായ സാമ്പത്തിക പദ്ധതികളുടെയും അടിസ്ഥാനത്തില്‍ മാത്രം മുതല്‍മുടക്ക് നടത്തുമ്പോള്‍, പലപ്പോഴും താല്‍പര്യത്തിന്റെപേരില്‍ മാത്രം കൂടുതലൊന്നും ആലോചിക്കാതെ മേല്‍പറഞ്ഞ ക്രീയാത്മകവാദികള്‍ക്കായി പണം മുടക്കാന്‍ തയ്യാറാകുന്നവരാണ് ചലച്ചിത്ര നിര്‍മാതാക്കള്‍. നിര്‍ഭാഗ്യവശാല്‍ പണം മുടക്കുന്നവര്‍ ഒന്നുമല്ലാതെ പോകുന്ന, വെറും നോക്കുകുത്തികളാകുന്ന ഏക മേഖലയും സിനിമ മാത്രമാണ്. ഒരാള്‍ പണം മുടക്കാന്‍ സമ്മതിച്ചുകഴിഞ്ഞാല്‍ പരമാവധി അയാളെ പിഴിയുകയും സമ്മര്‍ദത്തിലാക്കുകയും ചെയ്യുന്നതാണു ഭൂരിഭാഗം ക്രീയാത്മകവാദികളുടെയും വിനോദം.
പറഞ്ഞുവരുന്നത്, സംസ്ഥാനത്ത് ഇപ്പോള്‍ തുടരുന്ന സിനിമാ സമരത്തെ തുടര്‍ന്നാണ്. അന്യായമായ വേതന വര്‍ധന അംഗീകരിക്കാനാകില്ലെന്നു ചൂണ്ടിക്കാട്ടി ഷൂട്ടിങ് നിര്‍ത്തിവയ്ക്കാന്‍ ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ തീരുമാനിച്ചിരിക്കുകയാണ്. ഇന്ന് മികച്ചരീതിയില്‍ ദിവസ വേതനം ലഭ്യമാക്കുന്ന വ്യവസായങ്ങളിലൊന്നാണ് സിനിമ. ഓരോ വിഭാഗത്തിനും പ്രത്യേക തൊഴിലാളി സംഘടനകളുള്ള സിനിമയില്‍, അതത് വിഭാഗം ശക്തമായ സമ്മര്‍ദം ചെലുത്തി മികച്ച വേതന വ്യവസ്ഥകള്‍ തന്നെ സ്വന്തമാക്കിയിട്ടുമുണ്ട്. അത്തരം സാഹചര്യത്തിലാണു വീണ്ടും പ്രതിഫലം വര്‍ധിപ്പിക്കണമെന്ന ആവശ്യവുമായി മുന്നോട്ടു വന്നിരിക്കുന്നത്. തൊഴിലാളികളുടെ പ്രതിഫലം വര്‍ധിപ്പിച്ചാല്‍ പരമാവധി ആറുലക്ഷം രൂപ മാത്രമേ ചെലവുവരുന്നുള്ളൂ എന്നു ഫെഫ്ക വാദിക്കുമ്പോള്‍, അങ്ങനെയെങ്കില്‍ ഈ തുക ഫെഫ്ക ഓഫീസില്‍ കെട്ടിവയ്ക്കാമെന്നു പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ വ്യക്തമാക്കി കഴിഞ്ഞു. അംഗീകരിക്കപ്പെട്ട വേതന കരാറിലെ വ്യവസ്ഥകള്‍ക്കു വിരുദ്ധമായി ഫെഫ്കയിലെ ചില യൂണിയനുകള്‍ ഏകപക്ഷീയമായ വേതന വര്‍ധന നടപ്പാക്കുന്നതിലൂടെ വെല്ലുവിളിക്കുന്ന ചില താന്‍പോരിമ രീതികള്‍ എങ്ങനെയാണ് അംഗീകരിക്കാനാവുക. എഴുപതു ശതമാനം വരെയാണു ഇക്കൂട്ടര്‍ വേതനം വര്‍ധിപ്പിച്ചിരിക്കുന്നതെന്നാണു വിവരം. പ്രതിഫലത്തിന്റെ കാര്യത്തില്‍ യാതൊരു കടുംപിടിത്തത്തിനും നില്‍ക്കാത്തവരാണ് നിര്‍മാതാക്കള്‍. പക്ഷേ അവര്‍ക്കു തിരിച്ചു തൊഴിലാളികള്‍(സഹപ്രവര്‍ത്തകര്‍) നല്‍കുന്നത് എന്താണ്?

യാതൊരു രീതിയിലുമുള്ള അച്ചടക്കവും പാലിക്കാത്ത വ്യവസായമാണ് സിനിമ എന്നുകൂടി പറയേണ്ടി വരുന്നു. പ്രത്യേകിച്ച് സാമ്പത്തിക അച്ചടക്കം. ഒരു സിനിമാ പ്രോജക്ടിനുവേണ്ടി ചെലവഴിക്കപ്പെടുന്ന ഒരു രൂപപോലും നിര്‍മാതാവില്‍നിന്നാണു ചെലവാകുന്നതെന്നിരിക്കേ, നിര്‍മാതാവിനെ സാമ്പത്തിക ഞെരുക്കത്തില്‍നിന്നോ പ്രതിസന്ധിയില്‍നിന്നോ സംരക്ഷിക്കാനോ പിന്തുണക്കാനോ ഒരാള്‍പോലും തയ്യാറാകുന്നില്ല എന്നതു ഗൗരവത്തോടെ കാണേണ്ടതാണ്. കോടികള്‍ മുടക്കുന്ന നിര്‍മാതാവ് അക്ഷരാര്‍ഥത്തില്‍ നോക്കുകുത്തി ആകുന്ന ഗതികെട്ട അവസ്ഥയാണ് സിനിമയില്‍ സംഭവിക്കുന്നത്. എങ്ങനെയും ചെലവ് കുറക്കാന്‍ ശ്രമിക്കുന്ന നിര്‍മാതാക്കളെ സിനിമാ യൂണിയനുകള്‍ പരോക്ഷമായി ഭീഷണിപ്പെടുത്തി സമ്മര്‍ദത്തിലാക്കുന്നതും പതിവാകുന്നു. സ്വന്തമായി ഹോട്ടല്‍ ഉള്ള നിര്‍മാതാവിന് ഷൂട്ടിങ് ലൊക്കേഷനിലേക്കുള്ള ഭക്ഷണം ആ ഹോട്ടലില്‍നിന്നു എത്തിക്കാന്‍ യൂണിയന്‍കാര്‍ സമ്മതിക്കില്ല. സ്വന്തമായി ട്രാവല്‍ ഏജന്‍സി ഉള്ള നിര്‍മാതാവിന് ലൊക്കേഷനിലേക്ക് ആവശ്യമായ വാഹനങ്ങള്‍ സ്വന്തം സ്ഥാപനത്തില്‍നിന്നും എത്തിക്കാന്‍ അനുവാദമില്ല. താമസത്തിന്റെ കാര്യവും അതുതന്നെ. അപ്പോള്‍ ഇവിടെയെല്ലാം സംഭവിക്കുന്നതു, പുറത്തുനിന്നും ‘അറേഞ്ച്’ ചെയ്യുക വഴി വന്‍ തുക കമ്മീഷന്‍ തട്ടാനുള്ള വഴിയൊരുക്കല്‍ മാത്രമാണ്.

നിര്‍മാതാവിന്റെ സ്വന്തം പ്രതിനിധിയായി പ്രവര്‍ത്തിക്കേണ്ടവരാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍. നിര്‍ഭാഗ്യവശാല്‍ ചിത്രീകരണം ആരംഭിച്ചുകഴിഞ്ഞാല്‍ അവര്‍ പ്രൊഡ്യൂസര്‍മാരെ കണ്‍ട്രോള്‍ ചെയ്യുന്നവരായി മാറുകയാണ്. തൊഴിലാളി സംഘടനയുടെ ഭാഗമായി നിന്നു നിര്‍മാതാവിനെ ചൊല്‍പ്പടിക്കു നിര്‍ത്താനാണു പ്രൊഡക്ഷന്‍ കണ്‍ട്രോള്‍മാരുടെ ശ്രമം. ഫെഫ്കയില്‍ അംഗങ്ങളായിട്ടുള്ള പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാരാണു പ്രൊഡ്യൂസറുടെ ആളായി നിന്നു കാര്യങ്ങള്‍ നിര്‍വഹിക്കേണ്ടത്. എന്നാല്‍ സിനിമയെക്കുറിച്ച് ഒന്നും അറിയാതെ, അധ്വാനിച്ചുണ്ടാക്കിയതോ വസ്തുവകകള്‍ പണയം വച്ചോ വിറ്റഴിച്ചോ ലഭിച്ച പണവുമായി സിനിമാ നിര്‍മാണത്തിനു ഇറങ്ങുന്ന പ്രൊഡ്യൂസര്‍മാരെയടക്കം ഇക്കൂട്ടര്‍ ചക്രശ്വാസം വലിപ്പിക്കുകയാണ്. (ചില വ്യക്തിഗത താല്‍പര്യങ്ങള്‍ക്കുവേണ്ടി അഡ്ജസ്റ്റ്‌മെന്റ് സിനിമകള്‍ക്കു പണം മുടക്കുന്നവരെ പ്രൊഡ്യൂസര്‍മാര്‍ എന്ന നിര്‍വചനത്തില്‍നിന്നും മാറ്റിനിര്‍ത്തുകയാണ്). സിനിമകളുടെ ചിത്രീകരണം ആരംഭിച്ചുകഴിഞ്ഞാല്‍ അനാവശ്യമായ വാദങ്ങള്‍ നിരത്തി പ്രൊഡ്യൂസര്‍മാരില്‍നിന്നും പണം പിടിച്ചുപറിക്കുന്നതാണ് ഇവരുടെ രീതി. പലപ്പോഴും മറ്റു സാങ്കേതിക പ്രവര്‍ത്തകരുമായുള്ള അവിശുദ്ധ ബന്ധത്തിന്റെ മേല്‍ കമ്മീഷന്‍ തുക പറഞ്ഞുറപ്പിച്ച് നിര്‍മാതാവിനു മുന്നില്‍ അനാവശ്യ കണക്കുകള്‍ നിരത്തിയാകും ഇവര്‍ പണം തട്ടുന്നത്. വളരെ ആസൂത്രിതമായാണു പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാരുടെ പ്രവര്‍ത്തനം. നേരത്തെ തന്നെ കരാര്‍ ഉറപ്പിച്ചു ഹോട്ടലുകള്‍ ബുക്ക് ചെയ്യുക, കാറ്ററിങ് യൂണിറ്റിനെ ഏര്‍പ്പാടാക്കുക, വാഹനങ്ങള്‍ ബുക്ക് ചെയ്യുക, ലൊക്കേഷന്‍ ഉടമകളുമായി ബന്ധമുണ്ടാക്കുക തുടങ്ങിയവയിലൂടെയൊക്കെ ലക്ഷങ്ങളാണു ഇവര്‍ തട്ടിയെടുക്കുന്നത്. പല സ്ഥലങ്ങളിലും പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന ഏജന്റുമാരും മാനേജര്‍മാരുമുണ്ട്. അനാവശ്യമായി പണം ചെലവഴിക്കപ്പെടുന്ന ഇവിടെയൊക്കെ നിര്‍മാതാവിനു ഒന്നും പറയാനോ ചെയ്യാനോ പറ്റാത്ത അവസ്ഥയായിരിക്കും. പലപ്പോഴും നിയന്ത്രിക്കാവുന്നതിനും അപ്പുറത്തേക്ക് സിനിമയുടെ ചിത്രീകരണ ചെലവ് കൊണ്ടെത്തിക്കുന്നതും പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാരുടെ തരികിട ഇടപാടുകളാണ്. മിക്ക പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാരും പ്രൊഡ്യൂസര്‍മാരെ തങ്ങളുടെ ഏറ്റവും വലിയ ശത്രു എന്ന ദൃഷ്ടിയിലാണു നോക്കിക്കാണുന്നത്.

സിനിമയുടെ അണിയറ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വ്യക്തമായ ബോധമില്ലാത്ത പ്രൊഡ്യൂസര്‍മാര്‍ ഇന്നും കബളിപ്പിക്കപ്പെടലിനു ഇരയാവുകയാണ്. ആവശ്യത്തില്‍ കൂടുതല്‍ തൊഴിലാളികളെ നിയമിക്കുന്നതും പ്രമുഖ സാങ്കേതിക പ്രവര്‍ത്തകരുടെ സഹായികളായി കൂടുതല്‍പ്പേരെ സഹകരിപ്പിക്കുന്നതുമെല്ലാം നിര്‍മാതാവിന്റെ കീശ അനാവശ്യമായി ചോര്‍ത്തുന്ന സംഗതികളാണ്. സിനിമ പൂര്‍ത്തിയാക്കേണ്ടത് നിര്‍മാതാവിന്റെ മാത്രം ആവശ്യമല്ലെന്നും ഇക്കാര്യത്തില്‍ കൂട്ടായ്മ പ്രവര്‍ത്തനമാണ് വേണ്ടതെന്നും ഓരോ സാങ്കേതിക പ്രവര്‍ത്തകനും തിരിച്ചറിയേണ്ടിയിരിക്കുന്നു. പണം മുടക്കുന്നവര്‍ക്ക് യാതൊരു വിലയോ ബഹുമാനമോ അംഗീകാരമോ ലഭിക്കാത്ത ബിസിനസ് എന്ന അവസ്ഥയില്‍നിന്നും സിനിമ മോചിപ്പിക്കപ്പെട്ടേ മതിയാകൂ. പണ്ട് ഉദയ അടക്കമുള്ള വന്‍കിട ബാനറുകള്‍ക്കുമുന്നില്‍ തൊഴിലാളികള്‍ ഓച്ഛാനിച്ചു നിന്നിരുന്ന കാലത്തില്‍നിന്നാണു ഇന്നു തൊഴിലാളികള്‍ നിര്‍മാതാവിന്റെ മേല്‍ അടിമത്ത മനോഭാവത്തോടെ പെരുമാറുന്നത് എന്നോര്‍ക്കണം. നിര്‍മാതാക്കളെ അംഗീകരിക്കാന്‍ കഴിയാത്ത ചില അഭിനേതാക്കളുടെയും ചില സാങ്കേതിക പ്രവര്‍ത്തകരുടെയും ചില തൊഴിലാളി യൂണിയനുകളുടെയും മേല്‍ക്കോയ്മാ മനോഭാവം തന്നെയാണു മലയാള സിനിമയുടെ യഥാര്‍ഥ പ്രതിസന്ധി. പൈസ മുടക്കാന്‍ ആളില്ലെങ്കില്‍ ആരുടെയും ഒരു തരത്തിലുമുള്ള ക്രീയാത്മക സ്വപ്നങ്ങളോ തൊഴിലവസരങ്ങളുടെ സാഹചര്യസൃഷ്ടിയോ നടക്കില്ല എന്നിരിക്കേ, ആത്യന്തികമായി സിനിമയുടെ അവസാന വാക്കായി പ്രൊഡ്യൂസര്‍മാര്‍ മാറണം. അന്നു മാത്രമേ മലയാള സിനിമ രക്ഷപ്പെടുകയുള്ളൂ.

shortlink

Related Articles

Post Your Comments

Related Articles


Back to top button