India

ആറ് ഭീകരരേയും വധിച്ചു, വ്യോമതാവളത്തില്‍ ഭീകരര്‍ കെണികളൊരുക്കിയിരുന്നു: പ്രതിരോധമന്ത്രി

പത്താന്‍കോട്ട്: പത്താന്‍കോട്ട് വ്യോമതാവളം ആക്രമിച്ച ആറുപേരെയും വധിച്ചെന്ന് കേന്ദ്ര പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍. തിരച്ചില്‍ തുടരുമെന്നും ഭീകരരെ നേരിട്ട സുരക്ഷാ ഭടന്മാരെ അഭിനന്ദിക്കുന്നെന്നും അദ്ദേഹം അറിയിച്ചു.

വ്യോമതാവളത്തില്‍ ഉണ്ടായിരുന്ന വാഹനങ്ങളെ മറയാക്കിയാണ് ഭീകരര്‍ ആക്രമണം നടത്തിയത്. വന്‍ സ്‌ഫോടക വസ്തു ശേഖരവും അത്യാധുനിക ആയുധങ്ങളും ഭീകരരുടെ പക്കലുണ്ടായിരുന്നു. ആക്രമണവുമായി ബന്ധപ്പെട്ട് ദേശീയ അന്വേഷണ ഏജന്‍സി അന്വേഷണം തുടങ്ങി. ഭീകരര്‍ക്ക് പാകിസ്ഥാനുമായി ബന്ധമുണ്ടെന്നാണ് സൂചനകള്‍. ഭീകരര്‍ പല കെണികളും ഒരുക്കിവെച്ചിരുന്നു. ഇത്തരമൊരു കെണിയില്‍പ്പെട്ടാണ് നമുക്ക് സൈനികരെ നഷ്ടമായതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഏറെ ബുദ്ധിമുട്ട് നിറഞ്ഞതായിരുന്നു പത്താന്‍കോട്ടിലെ ഓപ്പറേഷന്‍. ജനവാസ കേന്ദ്രമായതിനാല്‍ അതുകൂടി നോക്കിയേ സേനയ്ക്ക് പ്രവര്‍ത്തിക്കാന്‍ സാധിക്കുമായിരുന്നുള്ളൂ. എല്ലാ പ്രതിരോധ താവളങ്ങളിലും സുരക്ഷ ശക്തമാക്കാന്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. ചില വീഴ്ചകള്‍ സംഭവിച്ചതായി കാണുന്നുണ്ട്. എല്ലാ കാര്യവും അന്വേഷണത്തിന് ശേഷം പറയാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

shortlink

Post Your Comments


Back to top button