Latest NewsNewsSaudi ArabiaGulf

ഹജ്ജ് തീർത്ഥാടകർക്കുള്ള കസ്റ്റംസ് നിബന്ധനകൾ പുറത്തിറക്കി സൗദി അറേബ്യ

സൗദി അറേബ്യയിലേക്ക് വിദേശത്ത് നിന്ന് പ്രവേശിക്കുന്ന മുഴുവൻ തീർത്ഥാടകർക്കും ഈ നിബന്ധനകൾ ബാധകമാണ്

റിയാദ് : വിദേശത്ത് നിന്ന് ഹജ്ജ് അനുഷ്ഠിക്കുന്നതിനായി സൗദി അറേബ്യയിലേക്കെത്തുന്ന തീർത്ഥാടകർ തങ്ങളുടെ കൈവശം 60000 റിയാലിൽ കൂടുതൽ മൂല്യമുള്ള പണം, വസ്തുക്കൾ എന്നിവ ഉണ്ടെങ്കിൽ, അവയുടെ വിവരങ്ങൾ അധികൃതരുമായി പങ്ക് വെക്കണമെന്ന് ഹജ്ജ്, ഉംറ മന്ത്രാലയം വ്യക്തമാക്കി. ഏപ്രിൽ 28-നാണ് സൗദി ഹജ്ജ്, ഉംറ മന്ത്രാലയം ഇത് സംബന്ധിച്ച ഒരു അറിയിപ്പ് നൽകിയത്.

സൗദി അറേബ്യയിലേക്ക് വിദേശത്ത് നിന്ന് പ്രവേശിക്കുന്ന മുഴുവൻ തീർത്ഥാടകർക്കും ഈ നിബന്ധനകൾ ബാധകമാണ്. തീർത്ഥാടകർ ഹജ്ജിന് ശേഷം സൗദിയിൽ നിന്ന് വിദേശത്തേക്ക് തിരികെ മടങ്ങുന്ന അവസരത്തിലും ഈ നിബന്ധനകൾ ബാധകമാണ്.

ഈ അറിയിപ്പ് പ്രകാരം ഹജ്ജ് തീർത്ഥാടകർ താഴെ പറയുന്ന സാഹചര്യങ്ങളിൽ കസ്റ്റംസ് ഡിക്ലറേഷൻ നൽകാൻ ബാധ്യസ്ഥരാണെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്:

  • തീർത്ഥാടകർ തങ്ങളുടെ കൈവശം 60000 റിയാലിൽ കൂടുതൽ മൂല്യമുള്ള സൗദി കറൻസി അല്ലെങ്കിൽ വിദേശ കറൻസി കൈവശം സൂക്ഷിച്ചിട്ടുള്ള സാഹചര്യത്തിൽ.
  • 60000 റിയാലിൽ കൂടുതൽ മൂല്യമുള്ള വസ്തുക്കൾ കൈവശം സൂക്ഷിച്ചിട്ടുള്ള സാഹചര്യത്തിൽ.
  • മൂവായിരം സൗദി റിയാലിൽ കൂടുതൽ വിലവരുന്ന വാണിജ്യ ഉത്പന്നങ്ങൾ കൈവശം സൂക്ഷിച്ചിട്ടുള്ള സാഹചര്യത്തിൽ.
  • സൗദിയിലേക്ക് കൊണ്ട് വരുന്നതിന് വിലക്കുള്ള പുരാവസ്തുക്കൾ പോലുള്ളവ കൈവശം സൂക്ഷിച്ചിട്ടുള്ള സാഹചര്യത്തിൽ.
  • എക്‌സൈസ് ടാക്‌സിന്റെ പരിധിയിൽ വരുന്ന സാധനങ്ങൾ കൈവശം സൂക്ഷിച്ചിട്ടുള്ള സാഹചര്യത്തിൽ.
  • ബന്ധപ്പെട്ട അധികൃതരിൽ നിന്ന് അനുമതി ആവശ്യമുള്ള മരുന്നുകൾ പോലുള്ള വസ്തുക്കൾ കൈവശം കരുതിയിട്ടുള്ള സാഹചര്യത്തിൽ.

ഇതിന് പുറമെ ലഹരിവസ്തുക്കൾ, വ്യാജ കറൻസി, വിലപിടിച്ച ലോഹങ്ങൾ, സ്വകാര്യസംഭാഷണം ഒളിഞ്ഞുകേൾക്കുന്നതിനും, രഹസ്യങ്ങൾ ചോർത്തുന്നതിനും ഉപയോഗിക്കുന്ന ഉപകരണങ്ങൾ തുടങ്ങിയ നിരോധിത വസ്തുക്കൾ കൈവശം സൂക്ഷിക്കരുതെന്ന് ഹജ്ജ് തീർത്ഥാടകർക്ക് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button