MusicMovie SongsCinema KaryangalWriters' Corner

സംഗീതം കൊണ്ട് ഉള്ളുലച്ച് ദൈവത്തിന്റെ സ്വന്തം എ ആർ

ശ്രീ

അല്ലാ രഖാ റഹ്മാൻ, ദൈവത്താൽ പരിപാലിക്കപ്പെടുന്നവൻ എന്നാണു ആ പേരിന്റെ അർത്ഥം. പ്രശസ്ത മലയാളം-തമിഴ് സംഗീത സംവിധായകനായിരുന്ന ആർ കെ ശേഖരിന്റെ മകനായി 1966 ജനുവരി 6 ൽ എ.എസ്. ദിലീപ്‌ കുമാർ എന്നാ പേരില് ജനിക്കുമ്പോഴും വളരുമ്പോഴും ഇന്ത്യൻ സംഗീത ലോകം അറിഞ്ഞിരുന്നുവോ ഈ കുട്ടി വളർന്നു ലോകം മുഴുവൻ സംഗീതതാൽ കയ്യിലെടുക്കുന്ന അസാമാന്യ പ്രതിഭയാകുമെന്ന്. ചിലരുടെ വിരലുകൾ ദൈവത്താൽ സ്പർശിക്കപ്പെട്ടതാണ്‌.അവർ തൊടുന്നതെല്ലാം തനി തങ്കമായി മാറുകയും ചെയ്യും. കടന്നു വന്ന വഴികളിൽ തങ്ങളുടെതായി കുറെ ഹൃദയങ്ങളെ ബാക്കി വയ്ക്കുകയും ചെയ്യും. എ ആർ റഹ്മാൻ അത്തരത്തിൽ മനസ്സുകളെ തരിപ്പിക്കുന്ന പ്രതിഭയാണ്.

ഒരു കീബോർഡു കൊണ്ട് ലോകത്തിലെ സംഗീത ആസ്വാദകരുടെ ഹൃദയമിടിപ്പ്‌ കൂട്ടിയ ആളാണ്‌ എ ആർ റഹ്മാൻ എന്നത് തന്നെയാണ് അദ്ദേഹത്തിന്റെ തമിഴ്നാടിന്റെ മോസാർത്റ്റ് എന്ന വിശേഷണത്തിൽ വരെ എത്തിയ്ക്കുന്നതും. ഇളയരാജയുടെ ശിഷ്യനായി സംഗീതലോകതെയ്ക്ക് പിച്ച വച്ച് ഇറങ്ങുമ്പോൾ ഗുരു പോലും കരുതിയിട്ടുണ്ടാവില്ല ശിഷ്യൻ തന്റെ പ്രതിഭയുടെ എത്രയോ ഇരട്ടി തിരികെ ലോകത്തിനായി നല്കുമെന്ന്. അല്ലെങ്കിലും ഒരു ഗുരുവിന്റെ ദൈവീകത അത് തന്നെയാണ്, തന്നെക്കാൾ മികച്ച ശിഷ്യന്മാരെ ലോകത്തിനായി ഇട്ടു കൊടുക്കുക. സിന്തസൈസർ എന്ന സംഗീതോപകരണം ആണ് എ ആറിനെ കൂടുതലും പ്രത്യേകത ഉള്ള വ്യക്തിയാക്കി മാറ്റുന്നത്. അദ്ദേഹത്തിന്റെ മിക്ക ചിത്രങ്ങളിലും അതിന്റെ സാന്നിധ്യമുണ്ട്. സാങ്കേതികതയും സംഗീതവും കൂടിച്ചേരുന്ന അപൂർവ്വ ബന്ധമാണ് ഇക്കാര്യത്തിൽ എ ആറിനും പറയുവാനും നല്കുവാനും ഉള്ളത്.

ചില നേരങ്ങളിൽ ചില പാട്ടുകളിൽ തൊടുമ്പോൾ ഹൃദയം വിറയ്ക്കും. അത് സംഗീത സംവിധായകന്റെ കഴിവ് തന്നെയാണ്. സംഗീതത്തിനൊപ്പം നിൽക്കുന്ന വരികൾ ഉണ്ടാവുക എന്നതും ഒരു പാട്ട് എന്നും മനസ്സില് നിറഞ്ഞു നിൽക്കാൻ ആവശ്യമാണ്‌. യാദൃശ്ചികമെന്നോ ദൈവാനുഗ്രഹമെന്നോ എ ആറിന്റെ സംഗീതത്തിൽ പിറന്ന മിക്ക പാട്ടുകൾക്കും അസാമാന്യ പ്രതിഭകളുടെ അക്ഷരങ്ങളാണ് മധുരം പകർന്നത്. പൊതുവെ തമിഴ്, ഹിന്ദു സംഗീതലോകം വ്യത്യസ്തതയെ എന്നും പുണരുവാൻ ആഗ്രഹിക്കുന്ന തലത്തിലുള്ളവയാണ്. അതുകൊണ്ട് തന്നെ എ ആറിന്റെ പാട്ടുകൾക്ക് ആരാധകരും അവിടെ കൂടുതൽ ഉണ്ടായതിൽ അതിശയിക്കാനില്ല.

എ ആറിനു ഒൻപതു വയസുള്ളപ്പോഴാണ് അദ്ദേഹത്തിന്റെ പിതാവ് ആർ കെ ശേഖര മരിക്കുന്നത്. സിനിമാ സംഗീത ശാഖയിൽ സ്വന്തമായി ഒരു ഇരിപ്പിടം സ്വയം ഒരുക്കി വച്ചിരുന്നു അപ്പോഴേയ്ക്കും അദ്ദേഹം. പിന്നീട് അച്ഛന്റെ സംഗീതോപകരണങ്ങൾ വാടകയ്ക്ക് നൽകിയും ഒക്കെ ജീവിക്കാനുള്ള വഴികള തിരയുമ്പോൾ തന്റെ ഉള്ളിലും സംഗീതമുന്ടെന്നു എപ്പോഴോ റഹ്മാൻ തിരിച്ചറിഞ്ഞു. പിന്നീട് അദ്ദേഹത്തിന്റെ കുടുംബം മുഴുവൻ മുസ്ലീം മതത്തിലേയ്ക്ക് കൂടുമാറ്റം ചെയ്യപ്പെട്ടു. ആദ്യകാലങ്ങളിൽ ശിവമണി, ജോൺ അന്തോണി, രാജ തുടങ്ങിയ ബാല്യകാല സുഹൃത്തുക്കളോടൊപ്പം “റൂട്ട്സ്” പോലെയുള്ള സംഗീത ട്രൂപ്പുകളിൽ കീബോർഡ് വായനക്കാരനായും ബാൻഡുകൾ സജ്ജീകരിക്കുന്നതിലും റഹ്മാൻ ശ്രദ്ധിച്ചിരുന്നു. കീബോർഡ്, പിയാനോ, സിന്തസൈസർ, ഹാർമോണിയം, ഗിറ്റാർ തുടങ്ങിയ സംഗീതോപകരണങ്ങൾ അദ്ദേഹത്തിന് ഏറെ പ്രിയമുള്ളതും അദ്ദേഹത്തിന്റെ പരിപാടികളിൽ സ്ഥിരം അദ്ദേഹം ഈ ഉപകരണങ്ങൾ വായിക്കുകയും ചെയ്യാറുമുണ്ട്.

2009 ൽ ഇറങ്ങിയ സ്ലം ഡോഗ് മില്ല്യനറിലെ ഗാനത്തിന് അദ്ദേഹത്തിന് ലഭിച്ച ബഹുമതികൾ നിസ്സാരമല്ല. 2009-ലെ ഗോൾഡൻ ഗ്ലോബ് പുരസ്കാരം , അതെ വർഷത്തെ ഓസ്കാർ പുരസ്കാരം , പിന്നീട് 2010 ലെ ഗ്രാമി പുരസ്കാരം എന്നിവ എ ആർ റഹ്മാൻ ഈ ഒറ്റ സിനിമയിലെ സംഗീതത്തിനു അദ്ദേഹം നേടി. 1992 ലെ മണിരത്നം സിനിമയായ “റോജ” യിലെ ഗാനങ്ങലോടെയാണ് എ ആർ സിനിമാ സംഗീത ലോകത്തില ഒഴിവാക്കാനാകാത്ത ഘടകമായി മാറി തുടങ്ങിയത്. ഇപ്പോൾ അവസാനം ഇംതിയാസ് അലിഖാന്റെ തമാശ വരെ എത്തി നില്ക്കുന്നു. 2016 ലും കൈ നിറയെ പാട്ടുകളുണ്ട് ദൈവം കാത്ത ആ പ്രതിഭയ്ക്ക്. സിനിമാ സംഗീത ലോകത്ത് ഒതുങ്ങി നിൽക്കുന്ന ഇതിഹാസമല്ല എ ആർ റഹ്മാൻ എന്ന പ്രതിഭ. തന്റെ മ്യൂസിക് ബാന്ടുമായി ലോകം മുഴുവൻ തന്റെ സംഗീതം പകരാൻ അദ്ദേഹത്തിന് കഴിയുന്നത് ഉള്ളിലുള്ള അസാമാന്യ പ്രതിഭ കൊണ്ട് തന്നെ.

കാലം സംഗീതത്തിനു നല്കിയ അപാര വിസ്മയമാണ് എ ആർ റഹ്മാൻ. ഈ പിറന്നാൾ ദിനത്തിൽ അദ്ദേഹത്തിന് നൽകാൻ പാട്ട് കേട്ടാൽ ഉരുകിയൊലിയ്ക്കുന്ന ചില ഹൃദയങ്ങളല്ലാതെ മറ്റൊന്നുമില്ല എന്ന് ലോകത്തിന്റെ കോണുകളിൽ ഇരുന്ന് മന്ത്രിയ്ക്കുന്ന കുറെയേറെ ആസ്വാദകരുണ്ട്. അതിനപ്പുറം എന്തുവേണം ആ പ്രതിഭയ്ക്ക് പിറന്നാൾ സമ്മാനമായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button