Women

ഒരുവൾ അമ്മയാകുന്ന നേരം

ഗൌരിലക്ഷ്മി

അടിവയറ്റിൽ ആ സൂചി കുത്തുന്ന പോലുള്ള നോവുണ്ടായ ആ ദിനം ഇന്നും ഓർമ്മയുണ്ട്. വെറുതെ തോന്നി ഉള്ളിലൊരു ഭ്രൂണം ജീവനെടുക്കാൻ പരക്കം പായുന്ന ആത്മാവിനെ കൊതിക്കുകയാണോ എന്ന്. പിന്നീട് അടിവയറ്റിലെ കൊളുത്തിപ്പിടിക്കലുകൾ കൂടിയപ്പോഴും കുടലുകൾ ഒന്നാകെ ഇളകി വായിലെ കയ്പ്പ് നീരിനോപ്പം പുറത്തേയ്ക്ക് തള്ളിപ്പോയതും എല്ലാമെല്ലാം ആ ആത്മാവിലെയ്ക്കുള്ള എന്റെ അകലം കുറച്ചു കൊണ്ടേയിരുന്നു. മരുന്നിന്റെ മണമില്ലാത്ത പക്ഷെ പേരറിയാത്ത ഒരു ബേബി സോപ്പിന്റെ മണമുള്ള ആ ആശുപത്രിയിലെ നീല ബെഡിൽ നിവർന്നു കിടക്കുമ്പോൾ , പിന്നീട് കുഞ്ഞിന്റെ മുഖമുള്ള ഒരു ഡോക്ടർ കയ്യിൽ തൊട്ട് സ്നേഹത്തോടെ മന്ത്രിയ്ക്കുമ്പോൾ ഞാൻ അറിഞ്ഞു , അത് സത്യമാണ്… കഴിഞ്ഞ ജന്മവുമായി ബന്ധമുള്ള ഒരു ആത്മാവ് എന്റെയുള്ളിൽ കുടിയേറിയിരിക്കുന്നു. ജന്മാന്തരബന്ധം എന്താണെന്നറിയാത്തവൻ.. അവനു ഞാൻ ശരീരം നല്കുന്നു, ഇരുണ്ട എന്റെ ഗർഭ അറകളിൽ അവൻ ശ്വാസം മുട്ടുന്നുണ്ടോ? പലപ്പോഴും വായും മൂക്കും വിടർത്തി ഞാൻ ശ്വാസം ഉള്ളിലേയ്ക്കെടുത്തു.
അവൻ എന്നെ നോക്കി ചിരിച്ചു… കൂടെ ഇരുന്ന് വാത്സല്യത്തോടെ തെല്ലു വീർത്ത വയറിൽ കൈകൾ അമർത്തി വച്ചു…
പാതിജീവൻ അവന്റെയുള്ളിലും തിരിച്ചറിവുകൾ ഉണ്ടാക്കിയിട്ടുണ്ടാകണം…
ഇത്ര നാൾ ഉണ്ടായിട്ടില്ലാത്ത നൊമ്പരങ്ങളിൽ അസ്വസ്ഥപ്പെടുമ്പോഴും വിദൂരങ്ങളിലെയ്ക്ക് നോക്കുന്ന എന്റെ പതിവ് ശീലം മാറ്റി ഞാൻ ഒരു കുഞ്ഞു മുഖത്തിന്റെ സങ്കടങ്ങളിലെയ്ക്ക് ചേക്കേറാൻ പഠി ച്ചു. ഒന്ന് കുതറി മാറാൻ ആകാതെ ഉദരത്തിനുള്ളിലെ ജലാശയത്തിൽ ഒഴുകി നടക്കുന്ന എന്റെ സ്നേഹത്തിന്റെ മുഖം…

ഓരോ ദിനവും എങ്ങനെ തള്ളി വിടുമെന്നറിയാതെ കണ്ണാടിയ്ക്ക് മുന്നിൽ എന്നും വസ്ത്രങ്ങളില്ലാതെ വീർത്തു വരുന്ന ഉദരത്തെ മോഹിച്ചിരിക്കുമ്പോൾ ഇടയ്ക്ക് കണ്ണുകൾ നിറഞ്ഞു. അന്നൊരിക്കൽ വീർത്തുന്തിയ വയറ്റിലെ നനുത്ത രോമങ്ങളിൽ വിരൽ കൊണ്ട് മാജിക്ക് കാണിച്ചു അടുത്തിരുന്നു അവൻ കുസൃതി കാട്ടിയപ്പോൾ ഉള്ളിൽ കിടന്ന ഒരു കുഞ്ഞു മുഖം ഉറക്കെ ചിരിക്കുന്നു.. എനിക്കത് കാണാനാകുമായിരുന്നു , ശരീരത്തിന് പുറത്തല്ല, ഉള്ളിലാണ് അപ്പോൾ ഇക്കിളി കൂടിയത്…

ആശുപത്രിയുടെ നീല വിരിപ്പ് പച്ചയായി മാറിയിരുന്നു. പുറത്തെ തണുപ്പിനു അകത്തെ ചൂടിനെ ഒരിക്കലും കെടുത്താനാകില്ലെന്നും തോന്നി ഒടുവിൽ നീണ്ടു നിവർന്നു ആ ആശുപത്രിക്കട്ടിലിൽ കിടക്കുമ്പോൾ. വീർത്ത വയറിനപ്പുറം കാഴ്ചകൾ അവ്യക്തം. ചങ്കിടിപ്പ് കൂടുന്നു, കണ്ണുകൾക്ക് ഉറക്കമില്ല… ഇടയ്ക്കിടയ്ക്ക് കൊളുതിപ്പിടിയ്ക്കുന്ന ഉദരഞ്ഞരമ്പുകൾ എന്നെ ഭയപ്പെടുത്തി.
അപ്പോഴെന്റെ മുന്നിൽ ചിരിച്ചു കൊണ്ട് നില്ക്കുന്ന കുഞ്ഞു മുഖമായിരുന്നില്ല, ഏറെ നേരം നിർവികാരയായി കൊളുത്തി വലിക്കലോടെ ശരീരം മരവിച്ചെന്ന പോലെ അവിടെ കിടന്നു…
പിന്നെയെപ്പോഴോ ഒരു ഞരമ്പിൽ നിന്നുണർന്ന ഒരു തുണ്ട് നോവ്‌ ഉടലിനെ ആകെ പിളർത്തി തലച്ചോറിനെ വരെ കാർന്നു തുടങ്ങുന്നത് ഞാനറിഞ്ഞു. അവിടെ ഞാൻ തൊട്ടു, ഉള്ളിലെ ഒരു ജീവനെ തിരിച്ചറിയുന്ന പോലെ… അവനെന്നിൽ നിന്നും മറ്റൊരാളായി മാറുകയാണ് എന്ന തോന്നൽ എന്നെ അപ്പോൾ പൊള്ളിച്ചു… ഇതൊരു സാധാരണ മനുഷ്യനെയും പോലെ സ്വന്തം എന്ന മോഹം ചില നിമിഷങ്ങളിൽ ആരെയും കടമെടുക്കും…

ഉടലാകെ വെട്ടിപ്പിളർന്നു…
യുദ്ധം ജയിച്ചവനായി ഒടുവിൽ എന്റെ ശരീരത്തിൽ നിന്ന് അവനെ പറിച്ചെടുക്കുമ്പോൾ ഇരുണ്ട ഒരു മൂടൽ വന്നു കാഴ്ചയെ മാത്രമല്ല ബോധത്തെയും മറച്ച പോലെ…
നെഞ്ചിലേയ്ക്ക് ഒരു തേങ്ങൽ കൂട് കെട്ടിയ പോലെ…
അങ്ങനെ ഒരു തോന്നലുണ്ടായപ്പോഴാണ് കണ്ണുകൾ പതിയെ തുറന്നു പോയത്. മാലാഖമാറുള്ള സ്വർഗത്തിലെന്ന പോലെ എനിക്ക് ചുറ്റും ആരൊക്കെയോ ഓടി നടക്കുന്നു, ഐ വി സ്ടാന്ട് ഏതോ വൻ വൃക്ഷം പോലെ ബോധത്തിലാകെയും സുഗന്ധമായി നിന്നു… അറിയാത്ത ഗന്ധങ്ങളുടെ ഇടയിൽ പെട്ട് ഞാനാരെയോ തിരഞ്ഞു കൊണ്ടേയിരുന്നു…
നെഞ്ചിനുള്ളിൽ പൊട്ടിത്തെറിയ്ക്കുന്ന ഒരു മാന്ത്രിക ഗോളം കറങ്ങുന്നുണ്ടേന്നു ഓരോ പെണ്ണിനും അവൾ അമ്മയാകുമ്പോഴേ തിരിച്ചറിവാകൂ. തണുപ്പ് അരിച്ചിറങ്ങുന്ന ശരീരത്തിലേയ്ക്ക് ഇളം ചൂടുമായി അവൻ വന്നു ചേർന്ന് കിടന്നു…
ഞാനവനെ തൊട്ടു…
കഴിഞ്ഞ നിമിഷങ്ങൾ വരെ എന്റേത് മാത്രമായിരുന്നവൻ… ഇനി ആരുടെയൊക്കെയോ…
അങ്ങനെയല്ലേ ചിന്തിക്കേണ്ടത്…
സ്വന്തമായി എന്തെങ്കിലും കൊണ്ട് വന്നിട്ടില്ലാ, പിന്നെന്ത് കൊണ്ട് പോകാൻ..
ആരുടെയൊക്കെയോ സ്വന്തവും സ്നെഹവുമാകാൻ അവനെ എനിക്കിനി പ്രാപ്തനാക്കണം…
ആ സ്നേഹം ഉള്ളിൽ തൊട്ട് കടഞ്ഞു മുറുകുന്ന മാറിലെ നൊമ്പരം ഞാൻ അവനു നല്കി…
പല്ലില്ലാത്ത മോണയുടെ ഇളം ചൂടിൽ പുറത്തെ തണുപ്പ് പോലും അറിയാതെ ഒട്ടൊന്നു മയങ്ങി കിടക്കവേ തൊട്ടരികിൽ വിരലുകൾ…
സ്നേഹത്തിന്റെ ആ വിരലുകളിൽ ചരിഞ്ഞു കിടന്നു എനിക്കിനിയും മയങ്ങണം. ഉറങ്ങിയുണരുമ്പൊഴും മാറിടം ചുരന്ന നൊമ്പരം തിരിച്ചെടുക്കാൻ മോഹിച്ചു കൊണ്ട്…

shortlink

Related Articles

Post Your Comments

Related Articles


Back to top button