Kerala

ബാര്‍ കോഴക്കേസ് മുഖ്യമന്ത്രി അട്ടിമറിച്ചു- കോടിയേരി ബാലകൃഷ്ണന്‍

തിരുവനന്തപുരം : ബാര്‍ കോഴക്കേസില്‍ മാണിക്കെതിരെ തുടരന്വേഷണത്തിന്‌ തെളിവില്ലെന്ന വിജിലന്‍സിന്റെ റിപ്പോര്‍ട്ട്‌ മുഖ്യമന്ത്രി ഇടപെട്ട്‌ കേസ്‌ അട്ടിമറിച്ചതിന്റെ തെളിവാണെന്ന്‌ സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ പ്രസ്‌താവനയില്‍ പറഞ്ഞു.

മാണിക്കെതിരെ പ്രഥമദൃഷ്‌ട്യാ തെളിവുണ്ടെന്നും പ്രോസിക്യൂട്ട്‌ ചെയ്യുന്നതിന്‌ ആവശ്യമായ തെളിവുകള്‍ ലഭ്യമാണെന്നുമുള്ള എസ്‌.പി. സുകേശന്‍ സമര്‍പ്പിച്ച വസ്‌തുതാന്വേഷണ റിപ്പോര്‍ട്ടിന്‌ കടകവിരുദ്ധമായിട്ടാണ്‌ പുതിയ റിപ്പോര്‍ട്ട്‌ അദ്ദേഹം തന്നെ സമര്‍പ്പിച്ചിരിക്കുന്നത്‌. മൊഴി നല്‍കാന്‍ കൂടുതല്‍ സമയം ചോദിച്ച്‌ മൊഴി നല്‍കാതെ ബാറുടമകള്‍ കേസില്‍നിന്ന്‌ വിട്ടുനില്‍ക്കുന്ന സ്ഥിതിയും ഉണ്ടായിരുന്നു. ഈ അവസരം ഉപയോഗിച്ച്‌ മാണിക്ക്‌ അനുകൂലമായ റിപ്പോര്‍ട്ട്‌ വിജിലന്‍സ്‌ കോടതിയില്‍ നല്‍കുകയാണുണ്ടായത്‌.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നടത്തിയ ഇടപെടലിന്റെ ഭാഗമായിട്ടാണ്‌ ഇത്തരമൊരു റിപ്പോര്‍ട്ട്‌ വിജിലന്‍സ്‌, കോടതിയില്‍ സമര്‍പ്പിക്കാന്‍ ഇടയായതെന്ന്‌ വ്യക്തമാണ്‌. നേരത്തെ ഈ കേസില്‍ മുഖ്യമന്ത്രി ഇടപെട്ടിരുന്നു എന്ന കാര്യം അക്കാലത്ത്‌ വിജിലന്‍സ്‌ ഡയറക്‌ടറായിരുന്ന വിന്‍സന്റ്‌ എം. പോള്‍ തന്നെ വെളിപ്പെടുത്തിയിരുന്നു. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരിക്കുന്നിടത്തോളം കാലം കേസുകള്‍ അട്ടിമറിക്കപ്പെടും എന്നതിന്റെ മറ്റൊരുദാഹരണമാണ്‌ ബാര്‍ കോഴക്കേസിലെ വിജിലന്‍സ്‌ റിപ്പോര്‍ട്ടിലൂടെ ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്‌.

നേരത്തെ വിജിലന്‍സിന്റെ റിപ്പോര്‍ട്ട്‌ തള്ളിയ കോടതി മാണിക്കെതിരെ പ്രഥമദൃഷ്‌ട്യാ തെളിവുള്ളതായി വ്യക്തമാക്കിയിരുന്നു. 2014 മാര്‍ച്ച്‌ 22നും ഏപ്രില്‍ 2നും കോഴ ഇടപാട്‌ നടന്നെന്നും 25 ലക്ഷം രൂപ മാണി കൈപ്പറ്റിയതിന്‌ തെളിവുള്ളതായും കോടതി വ്യക്തമാക്കിയിരുന്നു. കേസ്‌ അട്ടിമറിക്കാന്‍ ഇടപെട്ട വിജിലന്‍സ്‌ ഡയറക്‌ടറെ കോടതി രൂക്ഷമായി അന്ന്‌ വിമര്‍ശിക്കുകയും ചെയ്‌തിരുന്നു. ഈ സാഹചര്യത്തില്‍ ഇപ്പോള്‍ സമര്‍പ്പിച്ചിരിക്കുന്ന റിപ്പോര്‍ട്ട്‌ കോടതി ഇടപെട്ട്‌ തള്ളിക്കളഞ്ഞ്‌ കേസ്‌ ശരിയായ രീതിയില്‍ അന്വേഷിക്കുന്നതിനുള്ള അടിയന്തര നടപടി ഉണ്ടാകണമെന്ന്‌ കോടിയേരി ബാലകൃഷ്‌ണന്‍ പ്രസ്‌താവനയില്‍ പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button