Kerala

പ്ലാസ്റ്റിക് സര്‍ജറി രംഗത്ത് ശ്രദ്ധേയ നേട്ടവുമായി മെഡിക്കല്‍ കോളേജ്

തിരുവനന്തപുരം: പ്ലാസ്റ്റിക് സര്‍ജറി രംഗത്ത് ശ്രദ്ധേയ നേട്ടവുമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ പ്ലാസ്റ്റിക് & റീ കണ്‍സ്ട്രക്ടീവ് സര്‍ജറി വിഭാഗം. അറ്റ് പോയ വിരലുകള്‍, കൈ എന്നിവ തുന്നിച്ചേര്‍ക്കുക, പൊള്ളല്‍, ജന്മനായുള്ള വൈകല്യങ്ങള്‍, ക്യാന്‍സര്‍ മൂലമുണ്ടാകുന്ന വൈകല്യങ്ങള്‍, അപകടങ്ങള്‍, കൈകാലുകളുടെ ചലനവള്ളിയുടെ ഞരമ്പ് ക്ഷതം, എന്നിവയ്‌ക്കെല്ലാം അത്യാധുനിക ചികിത്സാ സംവിധാനമാണ് പ്ലാസ്റ്റിക് സര്‍ജറി വിഭാഗം ഒരുക്കുന്നത്.

ശരീര ഭാഗങ്ങള്‍ അറ്റ് പോയാല്‍ ആ ഭാഗം വൃത്തിയുള്ള പ്ലാസ്റ്റിക് കവറില്‍ സലൈന്‍ ഒഴിച്ചശേഷം ഇടുക. ആ പ്ലാസ്റ്റിക് കവര്‍ ഐസ് നിറച്ച മറ്റൊരു പ്ലാസ്റ്റിക് കവറില്‍ ഇട്ട ശേഷം എത്രയും പെട്ടെന്ന് ആശുപത്രിയില്‍ എത്തിച്ചാല്‍ പ്ലാസ്റ്റിക് സര്‍ജറിയിലൂടെ രക്തക്കുഴലും എല്ലും യോജിപ്പിച്ച് അവ പൂര്‍വസ്ഥിതിയിലാക്കാന്‍ കഴിയും.

മൂക്കിന്റെ ഭംഗി കൂട്ടുക, മുഖത്ത് വരുന്ന അഭംഗി മാറ്റുക, മാറിടം വലിപ്പം കൂട്ടുക, വലിപ്പം കുറയ്ക്കുക, വയര്‍ കുറയ്ക്കുക, കഴുത്തിലേയും മുഖത്തേയും ചുളുക്ക് മാറ്റുക തുടങ്ങിയ ലക്ഷങ്ങള്‍ ചെലവുവരുന്ന സൗന്ദര്യ സംവര്‍ദ്ധക ശസ്ത്രക്രിയകള്‍ ചെലവൊന്നുമില്ലാതെ മെഡിക്കല്‍ കോളേജില്‍ നടത്താം. ഉരുക്കിക്കഴിഞ്ഞാല്‍ ഏത് രൂപത്തിലും മാറ്റിയെടുക്കാം എന്ന പ്ലാസ്റ്റിക്കിന്റെ തത്വം ഉള്‍ക്കൊണ്ടാണ് പ്ലാസ്റ്റിക് സര്‍ജറി നടത്തുന്നത്. ശരീരത്തിലെ സ്വതന്ത്രമായിട്ടുള്ള ഏതെങ്കിലും ഭാഗത്തുള്ള മാംസം വെട്ടിയെടുത്ത് പ്രത്യേക രൂപത്തിലാക്കിയാണ് ഇങ്ങനെ ചെയ്യുന്നത്.

അമ്പതോളം രോഗികളാണ് പ്രതിദിനം പ്ലാസ്റ്റിക് സര്‍ജറി ഒ.പി.യിലെത്തുന്നത്. ആഴ്ചയില്‍ മൂന്ന് ദിവസം വലിയ ഓപ്പറേഷനുകളും മൂന്ന് ദിവസം ചെറിയ ഓപ്പറേഷനുകളുമാണ് നടത്തുന്നത്.

1980 മുതലാണ് മെഡിക്കല്‍ കോളേജില്‍ പ്ലാസ്റ്റിക് & റീ കണ്‍സ്ട്രക്ടീവ് സര്‍ജറി വിഭാഗം പ്രവര്‍ത്തിച്ച് തുടങ്ങിയത്. മുപ്പത് വര്‍ഷം കൊണ്ട് ഇവിടെ നിന്നും പരിശീലനം ലഭിച്ച അമ്പത്തിയഞ്ചോളം പ്ലാസ്റ്റിക് സര്‍ജറി വിദഗ്ധര്‍ ഇന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സേവനമനുഷ്ടിക്കുന്നുണ്ട്. പ്രൊഫസറായ ഡോ. കോമള റാണിയാണ് ഒന്നാം യൂണിറ്റിന്റേയും പ്ലാസ്റ്റിക് സര്‍ജറി വിഭാഗത്തിന്റേയും മേധാവി. പ്രൊഫസര്‍മാരായ ഡോ. അജയകുമാര്‍, ഡോ. അനിരാജ് എന്നിവരാണ് രണ്ടാം യൂണിറ്റിന്റേയും മൂന്നാം യൂണിറ്റിന്റേയും മേധാവികള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button