
ഫരീദാബാദ്: ആദ്യ ഭാര്യയുടെ മകളെ വേശ്യാവൃത്തിക്ക് വിടണമെന്ന് നിര്‍ദ്ദേശിച്ച ഭാര്യയെ തല്ലിക്കൊന്ന് 49കാരന്‍. ആദ്യ ഭാര്യയിലെ 20 കാരിയായ മകളേക്കുറിച്ചുള്ള മോശം പരാമര്‍ശം അസഹ്യമായതിന് പിന്നാലെയാണ് കൊല്ലപെടുത്തിയതെന്നാണ് ഫരീദാബാദ് സ്വദേശിയായ 49കാരന്‍ പൊലീസിനോട് വിശദമാക്കിയത്. ജിതേന്ദ്ര എന്ന പേരില്‍ അറിയപ്പെടുന്ന ബോബിയെയാണ് ദില്ലി പൊലീസ് അറസ്റ്റ് ചെയ്തത്. 10 വര്‍ഷമായുള്ള ലിംവിംഗ് പാര്‍ട്ണര്‍ നാല്‍പതുകാരിയായ സോണിയയെയാണ് ഇയാള്‍ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്.
ഏപ്രില്‍ 21നായിരുന്നു കൊലപാതകം. ശനിയാഴ്ചയാണ് 40കാരിയുടെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തിയത്. കേസില്‍ ജിതേന്ദ്രയെ ഗോച്ചി ഗ്രാമത്തില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. ആദ്യ വിവാഹത്തിലെ പങ്കാളികള്‍ മരിച്ചതിന് പിന്നാലെയാണ് സോണിയയും ജിതേന്ദ്രയും ഒരുമിച്ച് താമസം ആരംഭിച്ചത്. ജവഹര്‍ കോളനിയില്‍ രണ്ട് നിലയിലായുള്ള കെട്ടിട സമുച്ചയത്തിലെ ഫ്‌ലാറ്റില്‍ വാടകയ്ക്കായിരുന്നു ഇവര്‍ താമസിച്ചത്. മകന്‍ സോണിയയെ കൊലപ്പെടുത്തിയെന്ന് ജിതേന്ദ്രയുടെ അമ്മ തന്നെയാണ് പൊലീസിനെ അറിയിച്ചത്. കൊലപാതക വിവരം അറിയിച്ച ശേഷം ജിതേന്ദ്ര സംഭവ സ്ഥലത്ത് നിന്ന് പോവുകയായിരുന്നു. കിടക്കയ്ക്ക് കീഴിലുള്ള സ്റ്റോറേജ് ക്യാബിനുള്ളില്‍ ഒളിപ്പിച്ച നിലയിലാണ് പൊലീസ് മൃതദേഹം കണ്ടെത്തിയത്.
അഴുകിയ ഗന്ധം മുറിയില്‍ നിന്ന് വന്നപ്പോള്‍ എലി ചത്തത് എന്നായിരുന്നു ഇയാള്‍ അയല്‍വാസികളോട് വിശദമാക്കിയത്. പിന്നാലെ കുന്തിരിക്കവും സാമ്പ്രാണി തിരിയും കത്തിച്ച് അഴുകിയ ഗന്ധം പുറത്ത് പോവാതിരിക്കാനുള്ള ശ്രമവും ഇയാള്‍ നടത്തിയതായാണ് പൊലീസ് വിശദമാക്കുന്നത്. അയല്‍വാസികള്‍ അഴുകിയ ഗന്ധം സഹിക്കാനാവാതെ വീട്ടുടമയെ വിളിച്ച് വരുത്തിയതിന് പിന്നാലെയാണ് ജിതേന്ദ്ര സ്ഥലത്ത് നിന്ന് മുങ്ങിയത്.
ആദ്യ ഭാര്യയിലെ മകളെ ചൊല്ലി സോണിയയും ജിതേന്ദ്രയും തമ്മില്‍ തര്‍ക്കം പതിവായിരുന്നുവെന്നും മകളെ അധിക്ഷേപിക്കുന്നത് സകല സീമകളും ലംഘിച്ചതോടെയാണ് കാര്യങ്ങള്‍ കൈവിട്ട് പോയതെന്നാണ് ഇയാള്‍ അന്വേഷണ സംഘത്തിനോട് വിശദമാക്കിയിട്ടുള്ളത്. കേസില്‍ ഉടന്‍ കുറ്റപത്രം നല്‍കുമെന്നാണ് പൊലീസ് ദേശീയ മാധ്യങ്ങളോട് വിശദമാക്കിയത്.
Post Your Comments