Kerala

മേയര്‍ നോക്കുകുത്തിയാകുന്നുവോ ?

തിരുവനന്തപുരം : സര്‍ക്കാര്‍ പരിപാടികളില്‍ നിന്ന് തന്നെ മനപൂര്‍വ്വം ഒഴിവാക്കുന്നതായി മേയര്‍ വി.കെ പ്രശാന്ത്. ഇക്കാര്യം ചൂണ്ടിക്കാട്ടി സര്‍ക്കാരിന് കത്ത് നല്‍കുമെന്ന് മേയര്‍ വ്യക്തമാക്കി. ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി തലസ്ഥാനത്തെത്തിയപ്പോള്‍ വിമാനത്താവളത്തില്‍ സ്വീകരിക്കുന്ന ചടങ്ങില്‍ നിന്നു തന്നെ ഒഴിവാക്കിയതായി മേയര്‍ പറഞ്ഞു.

കോര്‍പ്പറേഷന്റെ ഉടമസ്ഥതയില്‍ കഴക്കൂട്ടം വാര്‍ഡില്‍ സ്ഥാപിച്ച വാര്‍ഡ് വികസന സമിതി ഓഫീസ് ഉദ്ഘാടനത്തിന് സ്ഥലം എംഎല്‍എ ഉള്‍പ്പെടെയുള്ളവരെ ഒഴിവാക്കിയെന്ന പരാതി നിലനില്‍ക്കുന്നതിനിടെയാണ് സര്‍ക്കാര്‍ പരിപാടികളില്‍ നിന്ന് തന്നെ ഒഴിവാക്കുന്നതായി മേയര്‍ പരാതി നല്‍കിയിരിക്കുന്നത്. പ്രോട്ടോകോള്‍ പ്രകാരം ഗവര്‍ണര്‍, മുഖ്യമന്ത്രി എന്നിവര്‍ക്കു ശേഷം ഉപരാഷ്ട്രപതിയെ സ്വീകരിക്കേണ്ടത് മേയറാണ്. എന്നാല്‍ ഇന്നലത്തെ ചടങ്ങില്‍ തന്നെ ഒഴിവാക്കി. പ്രോട്ടോക്കോള്‍ ലംഘനമാണെന്ന് കരുതി പ്രോട്ടോക്കോള്‍ ഓഫീസറോട് വിവരം തിരക്കിയെങ്കിലും അനുകൂല മറുപടി ലഭിച്ചില്ല.

അതേസമയം, ഉപരാഷ്ട്രപതിയെ യാത്രയാക്കുന്നതിന്റെ ഭാഗമായി വിമാനത്താവളത്തില്‍ നടത്തുന്ന ലൈന്‍-അപ്പിലേക്ക് തന്നെ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും കാര്‍ പാസ് ഉള്‍പ്പെടെയുള്ളവ എത്തിച്ചെന്നും മേയര്‍ പറഞ്ഞു. രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവര്‍ തലസ്ഥാനത്ത് എത്തുമ്പോള്‍ പ്രോട്ടോക്കോള്‍ പ്രകാരം ലൈന്‍-അപ്പില്‍ മൂന്നാം സ്ഥാനമാണ് മേയര്‍ക്ക്.

സ്ഥാനമൊഴിയുന്ന ഗവര്‍ണറെ വിമാനത്താവളത്തില്‍ യാത്രയാക്കുമ്പോഴും പുതിയ ഗവര്‍ണറെ വിമാനത്താവളത്തില്‍ യാത്രയാക്കുമ്പോഴും പുതിയ ഗവര്‍ണറെ സ്വീകരിക്കുമ്പോഴും ഇതേ രീതിയാണ്. അംഗവസ്ത്രങ്ങളണിഞ്ഞാണ് മേയര്‍ ചടങ്ങില്‍ പങ്കെടുക്കുന്നത്. എന്നാല്‍ ഇന്നലത്തെ ചടങ്ങില്‍ നിന്ന് തന്നെ മന:പൂര്‍വ്വം ഒഴിവാക്കുകയായിരുന്നുവെന്നാണ് മേയറുടെ പരാതി. കഴിഞ്ഞ ഭരണസമിതിയുടെ തുടക്കത്തില്‍ രാഷ്ട്രപതിയെ സ്വീകരിക്കാനെത്തിയ മേയറുടെ കാര്‍ വിമാനത്താവളത്തിന് പുറത്ത് തടഞ്ഞത് വിവാദമായിരുന്നു. ഇതു കൂടാതെ പല സര്‍ക്കാര്‍ പരിപാടികളില്‍ നിന്നും മേയറെ ഒഴിവാക്കുന്നതായി ഇടതു മുന്നണി നേതൃത്വത്തിനും പരാതിയുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button