Kerala

വേണുവും കുടുംബവും ആത്മഹത്യയ്‌ക്ക് ഒരുങ്ങിയിരുന്നതായി സൂചന

തിരുവനന്തപുരം: കഴിഞ്ഞ ദിവസം പോത്തന്‍കോട് പാറമടയിലെ കുളത്തിലേക്ക് കാര്‍ ഓടിച്ചിറക്കി ജീവനൊടുക്കിയ ലോട്ടറി വകുപ്പ് ഉദ്യോഗസ്ഥന്‍ വേണും കുടുംബവും കൂട്ടആത്മഹത്യയ്ക്ക് ഒരുങ്ങിയിരുന്നതായി സൂചന. ചിറ്റിക്കര പാറ ക്വാറിയിലെ കയത്തിലേക്ക് കാറോടിച്ചിറക്കി പോത്തൻകോട് അയണിമൂട് വാറുവിളാകം തിരുവാതിരയിൽ വേണുവും (51) എഞ്ചിനീയറിംഗ് ബിരുദധാരിയുമായ മകൻ കണ്ണൻ എന്ന അഖിലും (22) മരിച്ചിരുന്നു. അഖിലിന് ഉണ്ടായിരുന്ന പ്രണയബന്ധത്തെത്തുടര്‍ന്നുണ്ടായ പ്രശ്നങ്ങളാണ് കടുംകൈയ്ക്ക് വേണുവിനെ പ്രേരിപ്പിച്ചത്. മകളെ കെട്ടിയില്ലെങ്കില്‍ പീഡന കേസില്‍ കുടുക്കി മകനെ അകത്താക്കുമെന്ന പെണ്‍കുട്ടിയുടെ ഭീഷണിയെത്തുടര്‍ന്നാണ് വേണു കുടുംബത്തോടെ ആത്മഹത്യ ചെയ്യാന്‍ ഒരുങ്ങിയിരുന്നതെന്നാണ് വിവരം.

അഖിലും നെടുമങ്ങാട്‌ നെട്ടുച്ചിറ സ്വദേശിനിയായ പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്നു. ഇരുവരുടെയും പ്രണയം വീട്ടുകാര്‍ അറിഞ്ഞിരുന്നു. ഇരുവരെയും വീട്ടുകാര്‍ പറഞ്ഞ്‌ മനസിലാക്കുകയും സിം കാര്‍ഡുകള്‍ നശിപ്പിക്കുകയും ചെയ്‌തിരുന്നു. എന്നാല്‍ ദിവസങ്ങള്‍ക്ക് ശേഷം പൂര്‍വാധികം ശക്തിയോടെ ഇരുവരും പ്രണയബന്ധം തുടര്‍ന്നു. ഇതോടെ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ വിവാഹാലോചനയുമായി വേണുവിനെയും കുടുംബത്തേയും സമീപിച്ചെങ്കിലും ആ ബന്ധം അവര്‍ക്ക് അത് സ്വീകാര്യമായിരുന്നില്ല.

വേണു വിവാഹത്തിന് വിസമ്മതിച്ചതോടെയാണ്‌ ഭീഷണിയുമായി പെണ്‍കുട്ടിയുടെ പിതാവ് രംഗത്തെത്തിയത്. പീഡന കേസില്‍ കുടുക്കി മകനെ അകത്താക്കുമെന്നായിരുന്നു ഭീഷണി. മകന്റെ പേരില്‍ പീഡന കേസ്‌ വരുന്നത്‌ പിതാവിന്‌ ചിന്തിക്കാന്‍ കഴിയുന്നതിനും അപ്പുറമായിരുന്നു. ഇതോടെ വേണുവും കുടുംബവും അന്നടങ്കം ജീവനൊടുക്കാന്‍ തീരുമാനിക്കുകയായിരുന്നു. വേണുവിന്റെയും മകന്റേയും അന്ത്യകർമ്മങ്ങൾക്കിടയിൽ മാതാവിന്റെ വിലാപത്തിൽ നിന്നാണ് കൂട്ട ആത്മഹത്യചെയ്യാൻ തീരുമാനിച്ചെന്ന സൂചന ലഭിച്ചത്.

കൂട്ടആത്മഹത്യയ്ക്ക് തീരുമാനിച്ചിരുന്ന വേണു പിന്നീട് അതൊഴിവാക്കി മകനുമായി ജീവനൊടുക്കുകയായിരുന്നു. സംഭവ ദിവസം രാവിലെ 6 മണിക്ക് വീട്ടിൽ നിന്നിറങ്ങുന്നതും സഹോദരന്റെ വീട്ടിൽ ഉണ്ടായിരുന്ന മകനെയും കാറിൽ കയറ്റി പാറക്കുളത്തിലേക്ക് ഓടിച്ചിറക്കി ജീവനൊടുക്കുകയും ചെയ്യുകയായിരുന്നു. കാര്‍ പടമടയിലേക്ക് ഓടിച്ചിറക്കുന്നതിന് മുന്‍പ് ഇരുവരും കാറിനുള്ളില്‍ ഉച്ചത്തില്‍ സംസാരിക്കുന്നത് കേട്ടിരുന്നതായി സമീപവാസികള്‍ പറയുന്നുണ്ട്. കാർ മുന്നോട്ട് എടുക്കുമ്പോൾ കാറിൽ നിന്ന് പുറത്തേക്കു ചാടാൻ അഖിൽ ശ്രമിക്കുന്നുണ്ടായിരുന്നുവെന്നും അവര്‍ പറയുന്നു.

shortlink

Post Your Comments


Back to top button