IndiaInternational

ഇന്ത്യ-പാക് സംഘർഷം: സമാധാന ശ്രമങ്ങളുമായി യു.എൻ

ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് പാകിസ്താന് സൈനിക തിരിച്ചടി നൽകാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി സേനാ മേധാവികൾക്ക് പൂർണ സ്വാതന്ത്ര്യം നൽകിയതിനുപിന്നാലെ ഇരു രാജ്യങ്ങൾക്കുമിടയിൽ സംഘർഷവും യുദ്ധവുമൊഴിവാക്കാൻ ഐക്യരാഷ്ട്ര സഭ(യു.എൻ)യും വിദേശ രാജ്യങ്ങളും മാധ്യസ്ഥ നീക്കത്തിൽ. അടുത്ത 24-36 മണിക്കൂറിനുള്ളിൽ ഇന്ത്യ തങ്ങൾക്കെതിരെ സൈനിക നടപടിക്ക് പദ്ധതിയിടുന്നുവെന്ന് വിശ്വസനീയമായ രഹസ്യാന്വേഷണ വിവരം പക്കലുണ്ടെന്ന് പാകിസ്താൻ അവകാശപ്പെട്ടതിനിടെ യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് ഇരു രാജ്യങ്ങളുമായി ഫോണിൽ സംസാരിച്ചു. ഇതുകൂടാതെ യു.എസും സൗദിയും സംഘർഷാവസ്ഥ ലഘൂകരിക്കാൻ മാധ്യസ്ഥനീക്കം തുടങ്ങിയിട്ടുണ്ട്.

വിദേശകാര്യ മന്ത്രി എസ്.ജയ്ശങ്കറുമായും പാകിസ്താൻ പ്രധാനമന്ത്രി ശഹ്ബാസ് ശരീഫുമായുമാണ് അന്റോണിയോ ഗുട്ടെറസ് ഫോൺ സംഭാഷണം നടത്തിയത്. പഹൽഗാം ഭീകരാക്രമണത്തെ അപലപിച്ച അന്റോണിയോ ഗുട്ടെറസ് ദുരന്തപൂർണമായ പ്രത്യാഘാതങ്ങൾക്ക് കാരണമാകുന്ന ഏറ്റുമുട്ടലുകൾ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടു.

നിയമപരമായ മാർഗങ്ങളിലൂടെ ഇരകൾക്ക് നീതി ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട അദ്ദേഹം ഇന്ത്യയും പാകിസ്താനും തമ്മിൽ വർധിക്കുന്ന സംഘർഷങ്ങളിൽ കടുത്ത ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തു. യു.എൻ സെക്രട്ടറി ജനറൽ പഹൽഗാം ഭീകരാക്രമണത്തെ അപലപിച്ചതിനെ അഭിനന്ദിക്കുന്നുവെന്നുപറഞ്ഞ ജയ്ശങ്കർ, ആക്രമണത്തിന് പിന്നിലുള്ള ആസൂത്രകരെയും അവരെ പിന്തുണക്കുന്നവരെയും നിയമത്തിനുമുന്നിൽ കൊണ്ടുവരുമെന്ന ഉറച്ച തീരുമാനത്തിലാണ് ഇന്ത്യ എന്ന് ‘എക്‌സി’ൽ കുറിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button