Uncategorized

തിരുവനന്തപുരം നഗരത്തില്‍ ഇന്ന് ഗതാഗത നിയന്ത്രണം

 
തിരുവനന്തപുരം : അന്‍പത്തിയാറാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തോടനുബന്ധിച്ച് ഇന്ന് (ജനുവരി 19) നടക്കുന്ന ഘോഷയാത്രയുടെ സുഗമമായ നടത്തിപ്പിലേക്ക് തിരുവനന്തപുരം സിറ്റിയില്‍ ഉച്ചയ്ക്ക് ഒരു മണി മുതല്‍ രാത്രി ഏഴ് മണിവരെ ചുവടെപറയുന്ന ഗതാഗതക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി.

 
എം.സി. റോഡില്‍ നിന്നും തമ്പാനൂര്‍, കിഴക്കേക്കോട്ട ഭാഗങ്ങളിലേക്ക് പോകേണ്ട വാഹനങ്ങള്‍ പട്ടം-കുറവന്‍കോണം-കവടിയാര്‍-വെള്ളയമ്പലം-വഴുതയ്ക്കാട്-തൈക്കാട് – ഫ്‌ളൈഓവര്‍ വഴി തമ്പാനൂര്‍ ഭാഗത്തേക്കും കിഴക്കേക്കോട്ട ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ കിള്ളിപ്പാലം – അട്ടക്കുളങ്ങര വഴിയും പോകേണ്ടതാണ്.
 
എന്‍.എച്ച് റോഡില്‍ നിന്നും വരുന്ന വാഹനങ്ങള്‍ പട്ടം ഭാഗത്ത് നിന്നും കുറവന്‍കോണം – കവടിയാര്‍ – വെള്ളയമ്പലം – വഴുതയ്ക്കാട് – തൈക്കാട് – ഫ്‌ളൈഓവര്‍ വഴി തമ്പാനൂര്‍ ഭാഗത്തേക്കും കിഴക്കേക്കോട്ട ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ കിള്ളിപ്പാലം – അട്ടക്കുളങ്ങര വഴിയും പോകേണ്ടതാണ്.
 
ഘോഷയാത്ര യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്നും പുറപ്പെടുന്ന സമയം കിഴക്കേക്കോട്ട നിന്നും എം.സി. റോഡിലേക്കും എന്‍.എച്ച് റോഡിലേക്കും പോകേണ്ട വാഹനങ്ങള്‍ അട്ടക്കുളങ്ങര – കിള്ളിപ്പാലം – ഫ്‌ളൈഓവര്‍ – തൈക്കാട് – സാനഡു – വെള്ളയമ്പലം – മ്യൂസിയം – പി.എം.ജി വഴി പോകേണ്ടതാണ്.
 
കിഴക്കേക്കോട്ട നിന്നും നെടുമങ്ങാട് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ കിള്ളിപ്പാലം – ഫ്‌ളൈഓവര്‍ – തൈക്കാട് – സാനഡു – വെള്ളയമ്പലം വഴി പോകേണ്ടതാണ്.
 
കിഴക്കേക്കോട്ട ഭാഗത്തുനിന്നും പേട്ട, കഴക്കൂട്ടം ഭാഗങ്ങളിലേക്ക് പോകേണ്ട വാഹനങ്ങള്‍ അട്ടക്കുളങ്ങര – കൊത്തളം റോഡ് – ശ്രീവരാഹം – ഈഞ്ചയ്ക്കല്‍ വഴി പോകേണ്ടതാണ്.
 
കിഴക്കേക്കോട്ട ഭാഗത്തുനിന്നും കരമന, പാപ്പനംകോട് ഭാഗങ്ങളിലേക്ക് പോകേണ്ട വാഹനങ്ങള്‍ അട്ടക്കുളങ്ങര – കിള്ളിപ്പാലം വഴി പോകേണ്ടതാണ്. തമ്പാനൂര്‍ ഭാഗത്തുനിന്നും എന്‍.എച്ച് – എം.സി റോഡുകളിലേക്ക് പോകേണ്ട വാഹനങ്ങള്‍ അരിസ്റ്റോ ജംഗ്ഷന്‍ – മോഡല്‍ സ്‌കൂള്‍ – പനവിള – ഫ്‌ളൈ ഓവര്‍ വഴി പാളയം അടിപ്പാതയിലൂടെ പോകേണ്ടതാണ്.
 
തമ്പാനൂര്‍ ഭാഗത്ത് നിന്നും വിഴിഞ്ഞം – കോവളം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ ഫ്‌ളൈ ഓവര്‍ – കിള്ളിപ്പാലം – അട്ടക്കുളങ്ങര വഴി പോകേണ്ടതാണ്. തമ്പാനൂര്‍ ഭാഗത്ത് നിന്നും ഘോഷയാത്ര സമയത്ത് യാതൊരു കാരണവശാലും വാഹനങ്ങളെ എം.ജി. റോഡിലേക്ക് പ്രവേശിക്കാന്‍ അനുവദിക്കില്ല.
 
കൂടാതെ വെള്ളയമ്പലം, മ്യൂസിയം, പാളയം, സ്റ്റാച്യു, ആയുര്‍വേദ കോളേജ്, തമ്പാനൂര്‍, ചൂരക്കാട്ടുപാളയം, കിള്ളിപ്പാലം, അട്ടക്കുളങ്ങര, കിഴക്കേക്കോട്ട റോഡുകളില്‍ റോഡിന് ഇരുവശങ്ങളിലും, ഫുട്പാത്തിലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ പാടുള്ളതല്ല. വാഹന ഗതാഗതത്തിനും കാല്‍നടയാത്രക്കാര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കി പാര്‍ക്ക് ചെയ്തിരിക്കുന്ന വാഹനങ്ങളെ മുന്നറിയിപ്പ് കൂടാതെതന്നെ സ്ഥലത്ത് നിന്നും നീക്കം ചെയ്ത് നിയമനടപടികള്‍ക്ക് വിധേയമാക്കും.
 
ഇന്ന് (ജനുവരി 19) രാവിലെ പത്ത് മണി മുതല്‍ ചരക്ക് വാഹനങ്ങള്‍ക്ക് തിരുവനന്തപുരം സിറ്റിയിലേക്ക് പ്രവേശനം അനുവദിക്കുന്നതല്ല. ഘോഷയാത്രയില്‍ പങ്കെടുക്കാന്‍ കുട്ടികളെ കയറ്റി വരുന്ന വാഹനങ്ങള്‍ സൗകര്യപ്രദമായി വാഹനം ഒതുക്കി നിര്‍ത്തി കുട്ടികളെ ഇറക്കിയതിന് ശേഷം പാര്‍ക്കിങ് സ്ഥലങ്ങളില്‍ പാര്‍ക്ക് ചെയ്യേണ്ടതാണ്. കൂടാതെ റോഡില്‍ മാര്‍ഗതടസം സൃഷ്ടിച്ച് ഒരു കാരണവശാലും പാര്‍ക്ക് ചെയ്യാന്‍ പാടുള്ളതല്ല.
 
ഘോഷയാത്ര കാണന്‍ വരുന്ന ജനങ്ങള്‍ റോഡിന്റെ ഇരുവശങ്ങളിലുമായി നില്‍ക്കേണ്ടതും ഘോഷയാത്ര കടന്നുപോകുന്ന പ്രധാനവിഥീയില്‍ നില്‍ക്കാന്‍ പാടില്ലാത്തതുമാണ്. കൂടാതെ ഇന്നുമുതല്‍ 25 വരെ കലോത്സവം നടക്കുന്ന സ്‌കൂള്‍ പരിസരത്തെ റോഡുകളില്‍ കുട്ടികള്‍ റോഡ് മുറിച്ച് കടക്കാന്‍ സാധ്യതയുള്ളതിനാല്‍ വാഹന ഡ്രൈവര്‍മാര്‍ വളരെ ശ്രദ്ധിച്ച് സ്‌കൂള്‍ പരിസരത്തെ റോഡുകളില്‍ കൂടി വാഹനം ഓടിക്കേണ്ടതാണെന്ന് തിരുവനന്തപുരം സിറ്റി ഡപ്യൂട്ടി പോലീസ് കമ്മീഷണര്‍ (ക്രമസമാധനം) സഞ്ജയ്കുമാര്‍ അറിയിച്ചു.
 
കുട്ടികളെ കയറ്റി കൊണ്ടുവരുന്ന ഓട്ടോറിക്ഷാ ഡ്രൈവര്‍മാരും ടാക്‌സി ഡ്രൈവര്‍മാരും സുരക്ഷിതമായി വാഹനം ഓടിക്കേണ്ടതും കുട്ടികളെ കൃത്യസ്ഥലങ്ങളില്‍ എത്തിക്കേണ്ടതുമാണ്. കലോത്സവം നടക്കുന്ന ദിവസങ്ങളില്‍ കെ.എസ്.ആര്‍.ടി.സി, പ്രൈവറ്റ് ബസ്, ടാക്‌സി, ഓട്ടോറിക്ഷ മുതലായ വാഹനങ്ങളുടെ ഡ്രൈവര്‍മാര്‍ വളരെ ജാഗ്രത പുലര്‍ത്തേണ്ടതാണ്. കുട്ടികളെയും കൊണ്ടുവരുന്ന വാഹനങ്ങള്‍ പാര്‍ക്കിംഗിന് അനുവദിച്ചിട്ടുള്ള സ്ഥലങ്ങളില്‍ മാത്രമേ പാര്‍ക്ക് ചെയ്യാന്‍ പാടുള്ളൂ.
 
പൂജപ്പുര കലോത്സവ വേദിയിലേക്ക് വരുന്ന വാഹനങ്ങള്‍ പൂജപ്പുര എല്‍.ബി.എസ് കാമ്പസിലും തൈക്കാട് പോലീസ് ഗ്രൗണ്ടിലേക്ക് വരുന്ന വാഹനങ്ങള്‍ വിമന്‍സ് കോളേജ് കാമ്പസിലും, പുത്തരിക്കണ്ടം വേദിയിലേക്ക് വരുന്ന വാഹനങ്ങള്‍ പുത്തരിക്കണ്ടം കോര്‍പ്പറേഷന്‍ പാര്‍ക്കിംഗ് ഗ്രൗണ്ടിലും പാര്‍ക്ക് ചെയ്യേണ്ടതാണ്. മറ്റ് വേദികളില്‍ എത്തുന്ന വാഹനങ്ങള്‍ കഴിവതും അതാത് സ്‌കൂള്‍ കോമ്പൗണ്ടുകളില്‍ തന്നെ പാര്‍ക്ക് ചെയ്യാന്‍ ശ്രദ്ധിക്കേണ്ടതാണ്. കൂടാതെ പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങളില്‍ ഡ്രൈവര്‍മാരുടെ ഫോണ്‍ നമ്പരുകള്‍ പുറത്ത് കാണത്തക്ക വിധത്തില്‍ എഴുതി പ്രദര്‍ശിപ്പിക്കേണ്ടതുമാണ്.
 
പൊതുജനങ്ങള്‍ മേല്‍പ്പറഞ്ഞ ട്രാഫിക് നിയന്ത്രണങ്ങളുമായി സഹകരിക്കേണ്ടതും ട്രാഫിക് പോലീസിന്റെ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കേണ്ടതുമാണ്. ട്രാഫിക്കുമായി ബന്ധപ്പെട്ട പരാതികളും നിര്‍ദ്ദേശങ്ങളും 1099, 0471 – 2558731, 2558726, 9497987001, 9497987002 എന്നീ നമ്പരുകളില്‍ അറിയിക്കാവുന്നതാണ്.

 

shortlink

Post Your Comments


Back to top button