തൃശൂര്‍: നിസാമിനു ആജീവനാന്ത തടവ് വിധിച്ച ശേഷം കോടതി പിരിഞ്ഞു കഴിഞ്ഞ് കോടതി പരിസരത്ത് നിസാമിന്റെ പിതൃ സഹോദരന്‍ അബ്ദുല്‍ ഖാദറുമായി ചന്ദ്രബോസിന്റെ ഭാര്യ ജമന്തിയുടെ കൂടിക്കാഴ്ച വൈകാരികമായിരുന്നു. ജമന്തി കണ്ണുനീരോടെ ഞങ്ങളോട് വിഷമം ഒന്നും തോന്നരുതേയെന്നു അബ്ദുല്‍ ഖാദറിനോട് പറഞ്ഞപ്പോള്‍ അദ്ദേഹം ജമന്തിയുടെ തലയില്‍ കൈവെച്ചു സമാധാനിപ്പിച്ച് അനുഗ്രഹിച്ചു.
38 വര്‍ഷത്തെ ജയില്‍വാസം മരണത്തേക്കാള്‍ വലിയ ശിക്ഷയാണ്. ആയുസ്സിന്റെ കൂടുതല്‍ ഭാഗവും ജയിലില്‍ തന്നെ. പക്ഷെ ചെയ്ത കുറ്റം ഇത്രയും ശിക്ഷയെക്കാള്‍ ഒട്ടും ചെറുതല്ല താനും. നിരപരാധിയായ ഒരു മനുഷ്യനെ പണമുണ്ടെന്ന പേരില്‍ ക്രൂരമായി കൊന്ന നിസാം ഒരു ദയയും അര്‍ഹിക്കുന്നില്ല. പക്ഷെ നിസാമിന്റെ ബന്ധുക്കള്‍ക്ക് നിസാമിനെ തള്ളിക്കളയാനും ആവുന്നില്ല. അതുകൊണ്ട് തന്നെ അവര്‍ നിസാമിനു വേണ്ടി വാദിക്കുകയും ചെയ്തു.
പലതവണ കോടതിയില്‍ വന്നു കണ്ട പരിചയം മാത്രമായിരുന്നു ജമന്തിക്ക് നിസാമിന്റെ ബന്ധുക്കളോടുള്ളത്. പക്ഷെ എതിര്‍ ചേരിയില്‍ ആയിരുന്നിട്ടും ശിക്ഷ കേട്ടു കഴിഞ്ഞ് വിഷമത്തോടെ നില്‍ക്കുന്ന നിസാമിന്റെ ബന്ധുക്കളോട് തങ്ങളോടു വിഷമം തോന്നരുതെന്നും തങ്ങള്‍ക്കുണ്ടായ നഷ്ടം വളരെ വലുതാണെന്നും ബോധ്യപ്പെടുത്താന്‍ ജമന്തി മറന്നില്ല..
Post Your Comments