KeralaCinema

ഹാസ്യ രാജ്ഞി അരങ്ങൊഴിഞ്ഞു

മലയാള സിനിമയുടെ ഹാസ്യ രാജ്ഞി.. മറ്റെല്ലാ വിശേഷങ്ങള്‍ക്കും അപ്പുറം കല്‍പ്പനയ്ക്ക് യോജിച്ച, ഏറ്റവും യോജിച്ച വിശേഷണം ഒരുപക്ഷേ ഇതാകാം… അവസാനം അഭിനയിച്ച ചാര്‍ലിയിലും, സഹനടിക്കുള്ള ദേശീയ അവാര്‍ഡ് കരസ്ഥമാക്കിയ തനിച്ചല്ല ഞാന്‍ തുടങ്ങി നിരവധി സിനിമകളിലും കല്‍പ്പന ഹാസ്യത്തിനും അപ്പുറത്തുള്ള കഥാപാത്രങ്ങളെ തന്മയത്ത്വത്തോടെ അവതരിപ്പിച്ചിട്ടുണ്ട്. പക്ഷേ മലയാളിക്കെന്നും ഇഷ്ടം കല്‍പ്പന ചിരിപ്പിക്കുന്നത് കാണാനായിരുന്നു കല്‍പ്പനയ്ക്കും അതായിരുന്നിരിക്കണം ഇഷ്ടം.
1965 ഒക്ടോബര്‍ 5ന് വി.പി.നായരുടേയും വിജയലക്ഷ്മിയുടേയും മകളായാണ് കല്‍പ്പന ജനിച്ചത്. കലാപാരമ്പര്യമുള്ള കുടുംബത്തില്‍ ജനിച്ച കല്‍പ്പനയ്ക്ക് അഭിനയം രക്തത്തില്‍ അലിഞ്ഞു ചേര്‍ന്ന വികാരമായിരുന്നു. 1983ല്‍ എം.ടി.വാസുദേവന്‍ നായരുടെ മഞ്ഞ് എന്ന സിനിമയിലൂടെയാണ് കല്‍പ്പന അഭിനയ രംഗത്തെത്തിയത്.  ചേച്ചി കലാരഞ്ജിനിയും അനിയത്തി ഉര്‍വശിയും അഭിനയ ജീവിതത്തിലും സഹയാത്രികരായി കല്‍പ്പനയ്ക്ക് ഒപ്പമുണ്ടായിരുന്നു. ഹാസ്യതാരം എന്ന നെറ്റിപ്പട്ടം ചൂടിയിരുന്നപ്പോള്‍ തന്നെയാണ് 2012ല്‍ തനിച്ചല്ല ഞാന്‍  എന്ന സിനിമയിലെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള ദേശീയ അവാര്‍ഡ് കല്‍പ്പനയെ തേടിയെത്തിയത്. കല്‍പ്പന ഹാസ്യ നടിമാത്രമായിരുന്നില്ല, വെറും അഭിനേത്രിമാത്രവും ആയിരുന്നില്ല, ഏതു സിനിമയിലേക്കും വേണ്ടിയിരുന്ന ഒരു അവിഭാജ്യഘടമായിരുന്നു അവര്‍. മലയാള സിനിമ ന്യൂജനറേഷനായപ്പോഴും കല്‍പ്പന ബാംഗ്ലൂര്‍ ഡെയ്‌സിലടക്കമുള്ള സിനിമയില്‍ അഭിനയിച്ച് ചിരിക്കും തനിക്കും ജനറേഷന്‍ ഗ്യാപ്പില്ലെന്നു തെളിയിച്ചു. ജഗതി ശ്രീകുമാര്‍, കല്‍പ്പന കൂട്ടുകെട്ട് തീര്‍ത്ത ഹാസ്യത്തിന്റെ മാലപ്പടക്കം ഇന്നും മലയാള സിനിമയെ പൊട്ടിച്ചിരിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഒരുപക്ഷേ കല്‍പ്പന കൂടുതല്‍ വേഷങ്ങളില്‍ അഭിനയിച്ചതും ജഗതിക്ക് ഒപ്പമായിരുന്നു.

മലയാളത്തിന് തമിഴിലും തെലുങ്കിലുമടക്കം മുന്നൂറോളം സിനിമകളില്‍ വേഷമിട്ടാണ് കല്‍പ്പന പ്രേക്ഷകരെയും തനിക്ക് പ്രിയപ്പെട്ടവരെയും ഞെട്ടിച്ചുകൊണ്ടുകൊണ്ട് യാത്രയായത്…  തനിച്ചല്ല ഞാനിലെ    റസിയ ബീവി, ഇന്ത്യന്‍ റുപ്പിയിലെ മേരി,    ട്വന്റി20യിെ    സ്വര്‍ണ്ണമ്മ, അത്ഭുതദ്വീപിലെ  മല്ലിക, വിസ്മയത്തുമ്പത്തെ മായ, സ്പിരിറ്റിലെ പങ്കജം, ഒടുലില്‍ ചാര്‍ലിയിലെ നോവായി മാറിയ മറിയാമ.. അങ്ങനെ കല്‍പ്പന അവിസ്മരണീയമാക്കിയ കഥാപാത്രങ്ങള്‍ നിരവധിയാണ്. തമിഴിലെ ചിന്നവീടില്‍ തുടങ്ങി കാക്കിചട്ടൈ,ഇതൈതിരുടന്‍ കമല്‍ഹാസനൊപ്പം പമ്മള്‍ കെ സംബന്ധം, സതി ലീലാവതി, സുഖം സുഖകരം, തുടങ്ങിയ വേഷങ്ങള്‍.. തെലുങ്കില്‍ പ്രേമ, അങ്ങനെ മലയാളത്തിന്റെ ചിരിയുടെ രാജ്ഞി അയല്‍വക്കത്തും താരമായി. പെട്ടെന്നൊരു ദിവസം ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയില്‍ ഒരു ചിരിമായുന്നപോലെ കല്‍പ്പനമാഞ്ഞു.. മലയാളിക്ക് നോവുന്നൊരു ചിരി സമ്മാനിച്ചുകൊണ്ട്… അഭിനയകലയുടെ ഹാസ്യരാജ്ഞിക്ക് ആദരാഞ്ജലികള്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button