Kerala

ഭര്‍ത്താവില്‍ നിന്നും അരംകൊണ്ട് കുത്തേറ്റ യുവതിക്ക് പുതുജീവന്‍

തിരുവനന്തപുരം: ഭര്‍ത്താവില്‍ നിന്നും അരം കൊണ്ട് കുത്തേറ്റ യുവതി ജീവിതത്തിലേക്ക് തിരിച്ചുവന്നു. തിരുവനന്തപുരം മത്തറ മേലെമുക്കിലെ സുലഭ(27)യ്ക്കാണ് മണിക്കൂറുകള്‍ നീണ്ട സങ്കീര്‍ണ ശസ്ത്രക്രിയയിലൂടെ ജീവന്‍ തിരിച്ചു കിട്ടിയത്.

സൂപ്പര്‍മാര്‍ക്കറ്റിലെ ജീവനക്കാരിയായ സുലഭയെ കഴിഞ്ഞ പതിനൊന്നാം തീയതി രാത്രി 9.30ന് അമ്പലത്തില്‍ വച്ച് ഭര്‍ത്താവ് കുത്തുകയായിരുന്നു. നെഞ്ചിന്റെ ഭാഗത്ത് കുത്തേറ്റ് രക്തത്തില്‍ കുളിച്ച അവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ എത്തിക്കുകയായിരുന്നു. മൂര്‍ച്ചയേറിയ എന്തോ കൊണ്ട് കുത്തിയെന്നാണ് ബന്ധുക്കള്‍ പറഞ്ഞത്.

Sulabha ph 1

അബോധാവസ്ഥയിലായിരുന്ന സുലഭയെ സര്‍ജറി വിഭാഗത്തില്‍ അഡ്മിറ്റാക്കി. തുടര്‍ന്ന് ഹൃദയ ശസ്ത്രക്രിയാ വിഭാഗത്തില്‍ എത്തിച്ചു. സി.ടി. സ്‌കാന്‍, നെഞ്ചിന്റെ എക്‌സ്‌റേ എന്നിവ എടുത്തതില്‍ നിന്നും മൂര്‍ച്ചയേറിയ ലോഹം തുളച്ച് കയറി ഒടിഞ്ഞിരിക്കുന്നതായി ബോധ്യപ്പെട്ടു. ഹൃദയത്തിന്റെ ഒരു വശത്തുകൂടി ശ്വാസകോശം തുളച്ച് ശ്വാസകോശത്തിന്റെ പ്രധാന രക്തക്കുഴലുകള്‍ തുരന്നു പോയിരുന്നു.

ഉടന്‍തന്നെ സുലഭയെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയമാക്കി. ഒടിഞ്ഞ അരം നീക്കംചെയ്തഭാഗത്തുള്ള രക്തക്കുഴലുകള്‍ തുന്നിച്ചേര്‍ത്താണ് രക്തസ്രാവം നിര്‍ത്തിയത്. ശസ്ത്രക്രിയക്ക് ശേഷം രോഗിയെ ഐ.സി.യു.വിലേക്ക് മാറ്റി. ക്രമേണ ആരോഗ്യം വീണ്ടെടുത്ത അവരെ കഴിഞ്ഞ ദിവസം ഡിസ്ചാര്‍ജ് ചെയ്തു.

ഹൃദയശസ്ത്രക്രിയ മേധാവി ഡോ. റഷീദ്, ഡോ. ഷഫീക്ക്, ഡോ. അരവിന്ദ്, അനസ്തീഷ്യാ വിഭാഗത്തിലെ ഡോ. ഉഷ, ഡോ. ഷീലവര്‍ഗീസ് എന്നിവരുടെ വിദഗ്ധ സംഘമാണ് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയത്.

shortlink

Post Your Comments


Back to top button