India

ഭഗത് സിങ് വധം ചതിയിലൂടെ; ചരിത്രം തിരുത്തിയേക്കാവുന്ന ഹര്‍ജി പാക് കോടതിയില്‍

ലാഹോര്‍: സ്വാതന്ത്ര സമര സേനാനി ഭഗത് സിങിന്റെ നിരപരാധിത്വം തെളിയിക്കുന്നതിനായി സമര്‍പ്പിച്ച ഹര്‍ജി പാക്കിസ്ഥാന്‍ കോടതി ബുധനാഴ്ച പരിഗണിക്കും. ബ്രിട്ടീഷ് പോലീസ് ഉദ്യോഗസ്ഥന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് വധശിക്ഷ നേരിട്ട കേസില്‍ അദ്ദേഹത്തിന് പങ്കുണ്ടായിരുന്നില്ലെന്ന് ആരോപിക്കുന്ന ഹര്‍ജിയാണ് പാക് കോടതി പരിഗണിക്കുന്നത്. ബ്രിട്ടീഷ് സര്‍ക്കാര്‍ ഭഗത് സിങ്ങിന്റെ വധശിക്ഷ നടപ്പാക്കി 85 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഈ ഹര്‍ജി.

ലാഹോര്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഇജാസുല്‍ അഹ്‌സന്റെ നേതൃത്വത്തില്‍ രൂപീകരിച്ച ജസ്റ്റിസ് ഖാലിദ് മഹ്മൂദ് ഖാന്‍ അദ്യക്ഷനായ ബെഞ്ചാണ് ഈ കേസ് പരിഗണിക്കുന്നത്. 2013 ല്‍ കോടതിയുടെ പരിഗണനയിലെത്തി വാദം പൂര്‍ത്തിയാകാതെ നീണ്ടു പോയ ഈ ഹര്‍ജി ഇപ്പോള്‍ പരിഗണിക്കുന്നത് ഈ മാസം മൂന്നിനാണ്.

ഭഗത് സിങിന് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചത് ഭഗത് സിങ് മെമ്മോറിയല്‍ ഫൗണ്ടേഷന്‍ അധ്യക്ഷനായ അഡ്വ. ഇംതിയാസ് റാഷിദ് ഖുറേഷിയാണ്. ഭഗത് സിങ് സ്വാതന്ത്ര്യ സമര സേനാനിയാണെന്നും അദ്ദേഹം ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനു വേണ്ടിയാണ് പോരാടിയതെന്നും ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി.

ബ്രിട്ടീഷ് പോലീസ് ഉദ്യോഗസ്ഥനായ ജോണ്‍ പി. സൗണ്ടേഴ്‌സിനെ കൊലപ്പെടുത്തിയ കുറ്റത്തിന് ഭഗത് സിങ്, രാജ്ഗുരു, സുഖ്‌ദേവ് എന്നവര്‍ക്കെതിരെ ഏറെക്കാലം മുന്‍പ് ചുമത്തപ്പെട്ട കേസിനെ ചോദ്യം ചെയ്യുന്നതാണ് ഹര്‍ജി. കേസില്‍ കുറ്റക്കാരനാണെന്ന കോടതി വിധിയെത്തുടര്‍ന്ന് മൂവരേയും 1931 മാര്‍ച്ച് 23 ന് തൂക്കിലേറ്റി. എന്നാല്‍ ഇതില്‍ ഗൂഢാലോചനയുണ്ടന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു.

1928 ല്‍ ഭഗത് സിങിനെതിരായി അനാര്‍ക്കലി പോലീസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തിരുന്ന എഫ് ഐ ആറിന്റെ വിശദാംശങ്ങള്‍ കോടതി ഉത്തരവിനെത്തുടര്‍ന്ന് ലാഹോര്‍ പോലീസ് കണ്ടെത്തിയിരുന്നു. എന്നാല്‍ ഇതില്‍ ജോണ്‍ പി. സൗണ്ടേഴ്‌സിനെ കൊലപ്പെടുത്തിയ കുറ്റവാളികളുടെ പട്ടികയില്‍ സിങിന്റെ പേരില്ല.

1928 ഡിസംബര്‍ 17 ന് വൈകീട്ട് അനാര്‍ക്കലി പോലീസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തിരുന്ന എഫ് ഐ ആറില്‍ രണ്ട് അജ്ഞാത തോക്ക് ധാരികളെക്കുറിച്ചാണ് സൂചിപ്പിക്കുന്നത്. ഇന്ത്യന്‍ പീനല്‍കോഡിലെ 302, 1201, 109 എന്നീ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. കേസില്‍ 450 ദൃക്‌സാക്ഷികളെ വിസ്തരിക്കുന്നതില്‍ കോടതി വിസമ്മതിച്ചതായും, ഭഗത് സിങിനെ ക്രോസ് വിസ്താരം നടത്താതെയാണ് ശിക്ഷ നടപ്പാക്കിയതെന്നും ആരോപണമുണ്ട്. എന്നിരുന്നാലും ഭഗത് സിങിന്റെ നിരപരാധിത്വം തെളിയിക്കാതെ പിന്നോട്ടില്ലെന്ന് ഭഗത് സിങ് ഫൗണ്ടേഷന്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button