Kerala

സോളാര്‍ കേസ്; സരിതയക്കും പ്രതിപക്ഷത്തിനും മറുപടിയുമായി മുഖ്യന്‍

തിരുവനന്തപുരം: സോളാര്‍ കേസിലെ ആരോപണങ്ങള്‍ക്ക് സരിതയ്ക്കും പ്രതിപക്ഷത്തിനും മറുപടിയുമായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ആരോപണങ്ങള്‍ ജനം വിശ്വസിക്കുന്നില്ലെന്ന് വന്നതോടെ പ്രതിപക്ഷം വിറളി പിടിച്ചിരിക്കുകയാണ്. സരിതയുടെ വെളിപ്പെടുത്തലുകളൊന്നും തന്നെ സര്‍ക്കാരിന് ഭീഷണിയല്ല. സരിത പുറത്തുവിട്ട ഓഡിയോ സിഡിയുടെ വിശ്വാസ്യത പരിശോധിക്കണം, സത്യം എല്ലാവര്‍ക്കും ബോധ്യമാകുന്ന സമയം വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആരോപണങ്ങളില്‍ ഒരു ശതമാനമെങ്കിലും സത്യമുണ്ടന്ന് തെളിഞ്ഞാല്‍ പൊതുരംഗത്തു നിന്നും മാറും, വെളിപ്പെടുത്തലുകളുടെ വിശ്വാസ്യത സോളാര്‍ കമ്മീഷന്‍ പരിശോധിക്കട്ടെയെന്നും അദ്ദേഹം കൂട്ടിച്ചര്‍ത്തു. സോളാര്‍ കേസില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും ഇത് അന്വേഷിക്കണമെന്നും യു ഡി എഫ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതേക്കുറിച്ച് വൈകാതെ തീരുമാനമെടുക്കും. സരിതയുടെ ആരോപണങ്ങല്‍ക്ക് തമ്പാനൂര്‍ രവിയും, ബെന്നി ബഹനാനും മറുപടി പറഞ്ഞിട്ടുണ്ട്. സി പി എമ്മിനെതിരെ സരിത ഉന്നയിച്ച ആരോപണങ്ങള്‍ താനേറ്റുപിടിക്കാത്തത് അതൊന്നും ശരിയല്ലെന്ന് വിശ്വസിക്കുന്നതുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.

സലീം രാജിന് ഭൂമി പോക്കുവരവു ചെയ്തു കൊടുത്തതില്‍ അപാകതയില്ലെന്നും ഏതൊരു പൗരനുമുള്ള അവകാശമാണെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. ചാരക്കേസിലെ കരുണാകരന്റെ രാജിയില്‍ തനിക്ക പങ്കില്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

shortlink

Post Your Comments


Back to top button