Writers' Corner

സൂര്യകിരീടം വീണുടഞ്ഞിട്ട് ഇന്ന് ആറുവര്‍ഷം: ഓര്‍മകളില്‍ ഗിരീഷ് പുത്തഞ്ചേരി

ദൈവത്തിന്റെ കൈയ്യൊപ്പുള്ള മനോഹര ഗാനങ്ങള്‍ മലയാളിക്കു സമ്മാനിച്ച ഗാന രചയിതാവിന്റെ സ്മരണക്ക് ഇന്ന് ആറു വയസ്സ്. സംഗീത പ്രേമികള്‍ എക്കാലത്തും മനസ്സില്‍ ഓര്‍ത്തുവെക്കുന്ന ഒരുപിടി മലയാള സിനിമാഗാനങ്ങള്‍ സമ്മാനിച്ച് അകാലത്തില്‍ പിരിഞ്ഞുപോയ കലാകാരന് ഓര്‍മയായിട്ട് ഇന്നേക്ക് ആറുവര്‍ഷം.ഒരു തലമുറയുടെ തന്നെ ചലച്ചിത്ര സംഗീത ഭാവുകത്വത്തിന് പുതിയൊരു നിര്‍വ്വചനം കൊടുത്ത പ്രതിഭ. പ്രണയവും വിരഹവും ജീവിതവും സന്തോഷവും സങ്കടവുമൊക്കെ അക്ഷരങ്ങളിലൂടെ ചാലിച്ചെടുത്ത് മനസുകളില്‍ നിറയ്ക്കാനുള്ള അസാധാരണമായ സിദ്ധി അദ്ദേഹത്തി നുണ്ടായിരുന്നു. അസാധാരണമായ കാവ്യ സിദ്ധി കൊണ്ട് അനുഗ്രഹീത നായിരുന്നു ഗിരീഷ് പുത്തഞ്ചേരി.

ചലച്ചിത്ര ഗാന മേഖലയിലേയ്ക്ക് കാലം തെറ്റിയാണ് തന്റെ വരവെന്ന് പലപ്പോഴും വിശ്വസിച്ചിരുന്ന ഗിരീഷ് പക്ഷെ, രണ്ടു ദശകങ്ങള്‍ കൊണ്ട് മലയാളത്തിനും മലയാളിക്കും അഭിമാനമായി മാറി.ഏഴു പ്രാവശ്യം മികച്ച ഗാന രചയിതാവിനുള്ള സംസ്ഥാന പുരസ്‌കാരവും ലഭിച്ചു.കാല്‍പ്പനിക ലോകത്ത് തീര്‍ത്തും സ്വതന്ത്രനായി വിഹരിച്ച ഈ കവി ഭഗവാനായി അര്‍പ്പിച്ചത് കളഭവും തന്റെ മനസും കൂടിയാണ്. സൂര്യപ്രഭയും നീലനിലാവും ഒരുപോലെ സ്വായത്തമായിരുന്ന കവിക്ക് പ്രണയത്തിന്റെ സംഗീതം ഹൃദയങ്ങളിലെത്തിക്കാന്‍ സാധിച്ചു. നിലാവിനെയും മേഘത്തെയും മഴയെയും വെയിലിനെയും കിളിയെയും കാറ്റിനെയുമൊക്കെ ഒരു കുട്ടിയുടെ നിഷ്‌കളങ്കതയോടെ വീക്ഷിച്ചു. അദ്ദേഹത്തിന്റെ അനശ്വരമായ ഗാനങ്ങള്‍ ഇന്നും മലയാളികളില്‍ അസ്തമിക്കാതെ നിലകൊള്ളുന്നു.

കോഴിക്കോട് ജില്ലയിലെ പുത്തഞ്ചേരിയില്‍ ജനനം. ജ്യോതിഷം,വൈദ്യം,വ്യാകരണം തുടങ്ങിയ വിഷയങ്ങളില്‍ പണ്ഡിതനായ പുളിക്കൂല്‍ കൃഷ്ണന്‍ പണിക്കരുടെയും കര്‍ണ്ണാടക സംഗീതവിദുഷിയായ മീനാക്ഷിയമ്മയുടെയും മകന്‍.ഏറ്റവും കൂടുതല്‍ ഹിറ്റുകള്‍ സമ്മാനിച്ചത് അന്തരിച്ച സംഗീത സവിധായകന്‍ രവീന്ദ്രനുമായി ചേര്‍ന്നാണ്. കൊച്ചിന്‍ ഹനീഫയെ കുറിച്ചുള്ള ഓര്‍മ്മകള്‍ എഴുതുന്നതിനിടയില്‍ ആണ് മരണം അദ്ദേഹത്തെ കവര്‍ന്നത്. പക്ഷാഘാതത്തെ തുടര്‍ന്നായിരുന്നു മരണം..ഹരിമുരളീരവം അങ്ങനെ മലയാളിക്ക് നഷ്ടമായി.. ഓര്‍മകളില്‍ ഗിരീഷ് പുത്തന്‍ചേരിക്ക് പ്രണാമം.

shortlink

Post Your Comments


Back to top button