Kerala

മിശ്രവിവാഹം ചെയ്തതിന് വിദ്യാര്‍ഥിനിക്ക് വിലക്ക്

കോഴിക്കോട്: രക്ഷിതാക്കളുടെ അനുവാദമില്ലാതെ മിശ്രവിവാഹം കഴിച്ചതിനെ തുടര്‍ന്ന്‍ നടക്കാവ് എംഇഎസ് വിമന്‍സ് കോളേജില്‍ നിന്നും വിദ്യാര്‍ഥിനിയെ വിലക്കിയതായി പരാതി. ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയായ നീരജയോടാണ് ഇനി മുതല്‍ കോളേജില്‍ വരേണ്ടതില്ലെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചത്.

വിവാഹ നടപടികള്‍ക്ക് വേണ്ടി നീരജ ഒരാഴ്‌യോളം കോളേജില്‍ അവധിയിലായിരുന്നു. ഈ അവധിയറിയിച്ച് ക്ലാസില്‍ തിരികെ പ്രവേശിക്കുന്നതിന് വേണ്ടിയാണ് നീരജയും ഭര്‍ത്താവ് റമീസും കോളേജിലെത്തിയത്. ദിവസങ്ങള്‍ക്ക് മുമ്പാണ് കൊയിലാണ്ടി നന്തി സ്വദേശി മുഹമ്മദ് റമീസും ചേവായൂര്‍ സ്വദേശിനി നീരജയും രജിസ്റ്റര്‍ വിവാഹം ചെയ്തത്.

മാതാപിതാക്കളുടെ അനുവാദമില്ലാതെ വിവാഹം ചെയ്തവരെ ഇവിടെ അംഗീകരിക്കാനാവില്ലെന്നാണ് വൈസ് പ്രിന്‍സിപ്പലിന്റെ വാദം. പ്രിന്‍സിപ്പളെ കാണണം എന്ന് ഇരുവരും ആവശ്യപ്പെട്ടപ്പോള്‍ അങ്ങനെയൊരു കുട്ടിയെ പ്രിന്‍സിപ്പളിന് കാണേണ്ടെന്നായിരുന്നു വൈസ് പ്രിന്‍സിപ്പല്‍ തങ്ങളെ അറിയിച്ചതെന്ന് മുഹമ്മദ് റമീസും നീരജയും പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ്പോര്‍ട്ടലിനോട് പറഞ്ഞു. എത്ര ആവശ്യപ്പെട്ടിട്ടും ഇവരോട് സംസാരിക്കാന്‍ പ്രിന്‍സിപ്പല്‍ തയാറായില്ലെന്നും കുട്ടിയെ കോളേജില്‍ കയറ്റുന്നില്ലെങ്കില്‍ അത് എഴുതി തരണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ അങ്ങനെയൊരു രീതി ഇവിടെയില്ലെന്നായിരുന്നു വൈസ് പ്രിന്‍സിപ്പാളിന്റെ മറുപടിയെന്നും റമീസും നീരജും പറഞ്ഞു.

സര്‍ട്ടിഫിക്കറ്റുകള്‍ ആവശ്യപ്പെട്ടപ്പോള്‍ അത് ഇവിടെയില്ലെന്നും കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ നിന്നും വാങ്ങിക്കൊള്ളു എന്നായിരുന്നു വൈസ് പ്രിന്‍സിപളുടെ പ്രതികരണം. വളരെ പുച്ഛത്തോടെയാണ് അവര്‍ തങ്ങളോട് പെരുമാറിയതെന്നും ഇരുവരും പറഞ്ഞു.

shortlink

Post Your Comments


Back to top button