India

നേതാജിയുടെ തിരോധാനം: കേന്ദ്രസര്‍ക്കാര്‍ കൂടുതല്‍ ഫയലുകള്‍ പുറത്തുവിടും

ന്യൂഡല്‍ഹി: നേതാജി സുഭാഷ് ചന്ദ്രബോസിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് 25 രഹസ്യ രേഖകള്‍ കൂടി കേന്ദ്രം പുറത്തുവിടാനൊരുങ്ങുന്നു. ഈ മാസം 23 ന് ഫയലുകള്‍ പുറത്തുവിടുമെന്ന് കേന്ദ്ര സാംസ്‌കാരിക കുപ്പ് മന്ത്രി മഹേഷ് ശര്‍മ്മ അറിയിച്ചു. നേതാജിയുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും പുറത്തുവിടണമെന്ന് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ പ്രധാനമന്ത്രിയെ കണ്ട് അഭ്യര്‍ത്ഥിച്ചതിനെ തുടര്‍ന്നാണ് കേന്ദ്രം രഹസ്യ രേഖകള്‍ പുറത്തുവിടാന്‍ തീരുമാനമെടുത്തത്.

സുഭാഷ് ചന്ദ്രബോസിന്റെ 119-ാം ജന്മവാര്‍ഷികവുമായി ബന്ധപ്പെട്ട് ഇക്കഴിഞ്ഞ ജനുവരി 23-ന് നാഷണല്‍ ആര്‍ക്കൈവ്‌സ് ഓഫ് ഇന്ത്യ നേരത്തെ 100 ഫയലുകള്‍ പുറത്തുവിട്ടിരുന്നു. ഏതാണ്ട് 16,000 പേജുള്ള ഫയലാണ് അന്ന് പരസ്യമാക്കിയത്. അദ്ദേഹവുമായി ബന്ധമുള്ള മുഴുവന്‍ രേഖകളും പുറത്തുവിടുമെന്ന് കേന്ദ്രം നേരത്തെ വ്യക്തമാക്കിയിരുന്നു. ഫയലുകള്‍ ഡിജിറ്റലൈസ് ചെയ്ത് സൂക്ഷിയ്ക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. 70 വര്‍ഷത്തിലധികമായി തുടരുന്ന ദുരൂഹതയാണ് നേതാജിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്നത്.

1945 ഓഗസ്റ്റ് 18ന് തായ്‌പേയിലുണ്ടായ വിമാനാപകടത്തില്‍ അദ്ദേഹം കൊല്ലപ്പെടുകയായിരുന്നു എന്നതാണ് നിലവിലെ നിഗമനം. എന്നാല്‍ കൂടുതല്‍ ദുരൂഹത പരത്തുന്ന രേഖകളാണ് നിലവില്‍ പുറത്തുവിട്ട ഫയലുകളിലുള്ളതെന്നാണ് ആരോപണം. മുഴുവന്‍ ഫയലുകളും പുറത്തുവന്നാലേ ഇക്കാര്യത്തില്‍ ഒരുത്തരം കിട്ടുകയുള്ളൂ എന്നാണ് നേതാജിയുടെ കുടുംബാംഗങ്ങള്‍ പറയുന്നത്.

shortlink

Post Your Comments


Back to top button