Kerala

വോട്ടിംഗ് യന്ത്രങ്ങള്‍ ഒരു സാഹചര്യത്തിലും പണിമുടക്കില്ല : സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍

മലപ്പുറം : നിയമസഭാ തിരഞ്ഞെടുപ്പിന് ഉപയോഗിക്കുന്ന വോട്ടിംഗ് യന്ത്രങ്ങള്‍ ഒരു സാഹചര്യത്തിലും പണിമുടക്കില്ലെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണര്‍ കെ.ശശിധരന്‍നായര്‍. തദ്ദേശതെരഞ്ഞെടുപ്പില്‍ ബാലറ്റ് യൂണിറ്റുകള്‍ കേടായത് ഈര്‍പ്പം കയറിയതിനാലാണ്. അതു ചെറുക്കുന്ന തരത്തിലാണു പുതിയ യൂണിറ്റുകളുടെ സര്‍ക്യൂട്ട് ബോര്‍ഡുകളെന്നു കമ്മിഷണര്‍ വ്യക്തമാക്കി.

ഉന്നതസംഘത്തിന്റെ അന്വേഷണത്തിലാണു യന്ത്രങ്ങള്‍ കേടാകാന്‍ കാരണം ഈര്‍പ്പമാണെന്നു കണ്ടെത്തിയത്. മറ്റിടങ്ങളിലെ വോട്ടിങ് യന്ത്രങ്ങള്‍ക്കു തകരാര്‍ കണ്ടെത്താനായില്ല. അതിനാലാണ് ആദ്യഘട്ടത്തിലെത്തിച്ച മുഴുവന്‍ ബാലറ്റ് യൂണിറ്റുകളുടെയും പ്രിന്റഡ് സര്‍ക്യൂട്ട് ബോര്‍ഡുകള്‍ മാറ്റാന്‍ തീരുമാനിച്ചത്. ബാലറ്റ് യൂണിറ്റുകളുടെ കേടുപാട് തീര്‍ക്കാനുള്ള പൂര്‍ണ ഉത്തരവാദിത്വം ഇലക്‌ട്രോണിക്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡിനാണ്. കൂടുതല്‍ യന്ത്രങ്ങള്‍ കേടായതിനാല്‍ ഹൈദരാബാദില്‍ കൊണ്ടുപോകാതെ, ഉദ്യോഗസ്ഥര്‍ അതതു സ്ഥലങ്ങളിലെത്തിയാണു നന്നാക്കുന്നത്.

വോട്ടിങ് യന്ത്രങ്ങളുടെ കണ്‍ട്രോള്‍ യൂണിറ്റുകള്‍ക്കു പ്രശ്‌നമില്ല. കഴിഞ്ഞ മാര്‍ച്ചില്‍ എത്തിച്ച 20,000 യന്ത്രങ്ങളില്‍ നാനൂറില്‍ താഴെ യൂണിറ്റുകളുടെ പ്രിന്റഡ് സര്‍ക്യൂട്ട് ബോര്‍ഡുകളാണു കേടായത്. ഇതില്‍ മലപ്പുറത്തെത്തിച്ച 12,000, തൃശൂരിലെത്തിച്ച 8000 യന്ത്രങ്ങളുടെ സര്‍ക്യൂട്ട് ബോര്‍ഡുകള്‍ ഉടന്‍ മാറ്റും. മലപ്പുറത്ത് 380 എണ്ണവും തൃശൂരില്‍ ഇരുപതോളം എണ്ണവുമാണു കേടായത്. രണ്ടിടത്തും റീപോളിങ് നടത്തിയിരുന്നു.

shortlink

Post Your Comments


Back to top button