Prathikarana Vedhi

ജെ.എന്‍.യു. ദേശദ്രോഹ പ്രവര്‍ത്തനങ്ങളും ഇതര സര്‍വ്വകലാശാലകളില്‍ ഉയര്‍ന്നു വരുന്ന സമാന പ്രക്ഷോഭങ്ങളും രാജ്യത്തിന് ആപത്ത്

കെ.വി.എസ്. ഹരിദാസ്‌


 

ഡല്‍ഹി ജവഹർലാൽ നെഹ്‌റു സർവകലാശാലയിൽ അരങ്ങേറിയ സംഭവങ്ങൾ രാഷ്ട്രവിരുദ്ധമായിരുന്നുവെങ്കിൽ ഇന്നിപ്പോൾ അതിന്റെപേരിൽ കേന്ദ്ര സർക്കാർ പ്രതിക്കൂട്ടിലാവുന്ന കാഴ്ച കാണേണ്ടിവരുന്നു. അത്തരമൊരു രാഷ്ട്ര വിരുദ്ധ നീക്കത്തെ എങ്ങിനെ ഇത്രവേഗം തിരിക്കാൻ കഴിഞ്ഞു എന്നത് എല്ലാ രാഷ്ട്രീയക്കാരും നിരീക്ഷകരും മറ്റും മനസിലാക്കെണ്ടിയിരിക്കുന്നു എന്ന അഭിപ്രായക്കാരനാണ് ഞാൻ. ഇന്നിപ്പോൾ ഇവിടെ ചർച്ച നടക്കുന്നത് ഇന്ത്യ വിരുദ്ധ നീക്കങ്ങളെക്കുറിച്ചല്ല മറിച്ച് അതിനെത്തുടർന്ന് പട്യാല കോടതിവളപ്പിലുണ്ടായ പ്രശ്നങ്ങളെക്കുറിച്ചാണ് . ഹൈദരാബാദിലും ഇതുതന്നെയാണ് സംഭവിച്ചത്. അവിടെ കാമ്പസിൽ നടന്നത് ഇന്ത്യ വിരുദ്ധ പ്രവർത്തനങ്ങളായിരുന്നു. അവസാനമത് ഒബിസി വിഭാഗത്തിൽപെട്ട ഒരാളുടെ ആത്മഹത്യ പട്ടികജാതിക്കാരന്റെ കൊലപാതകവും മറ്റുമായി മാറുന്നതാണ് കണ്ടത്. അവിടെയും പ്രതിക്കൂട്ടിലായത് കേന്ദ്ര സർക്കാരും ചില മന്ത്രിമാരും മറ്റും. ഇന്നിപ്പോൾ ദൽഹി ജെ എൻ യു വിലെ പ്രതിഷേധത്തിന്റെ ചുവടുപിടിച്ച് കൊൽക്കത്തയിലെ ജാദവ്പുർ സർവകലാശാലയിലും രാഷ്ട്രവിരുദ്ധ നീക്കങ്ങൾ നടക്കുന്നു. അതൊക്കെ നമ്മുടെ മാധ്യമങ്ങൾ മറക്കുന്നു; കൊൽക്കത്തയിൽ ഭരണം കയ്യാളുന്ന മമത ബാനർജിക്കും അതൊന്നും പ്രശ്നമായതായി കാണുന്നില്ല. നാം എവിടെക്കാണ്‌ നീങ്ങുന്നത്‌ എന്നതാണ് ഇതൊക്കെ ഉയർത്തുന്ന ആശങ്ക.

ശരിയാണ്, ദൽഹി പട്യാല കോടതിവളപ്പിൽ ചിലതെല്ലാം സംഭവിച്ചു. അന്നവിടെ തടിച്ചുകൂടിയവരിൽ ജെ എൻ യുവിലെ അധ്യാപകരും വിദ്യാർഥികളുമൊക്കെയുണ്ടായിരുന്നു. കുറെ അഭിഭാഷകരും അവിടെയെത്തി. അക്കൂട്ടത്തിൽ ബിജെപിക്കാരും കാണുമെന്ന് കരുതുന്നതിൽ തെറ്റില്ല; അല്ലെങ്കിൽ അവരാവും കൂടുതൽ. മാധ്യമ പ്രവർത്തകരുടെ തിങ്ങി നിറഞ്ഞ സാന്നിധ്യം സ്വാഭാവികമായും ഉണ്ടാവണമല്ലോ. ആ തള്ളിക്കയറ്റമാണ് സംഘർഷത്തിലേക്ക് നീങ്ങിയത്. അവിടെ മാധ്യമപ്രവർത്തകർക്കുനേരെ ആക്രമണം നടന്നു; ഒരുതരം കയ്യാങ്കളി. ജെ എൻ യു വിദ്യാർത്ഥികളാണ് ആദ്യം പ്രകോപനമുണ്ടാക്കിയത് എന്നതും ഇതിനിടയിൽ നാം കേട്ടു. നാലഞ്ചു വിദ്യാർത്ഥികൾ മാധ്യമപ്രവർത്തകരുമായി വെറുതെ കയർക്കുകയായിരുന്നുവത്രേ. പിന്നീടവർ ” നീയൊക്കെ മോഡിയുടെ ദല്ലാൾ” അല്ലെ എന്നുചോദിച്ച് വക്കീലന്മാരുമായി വാക്കുകൊണ്ട് ഏറ്റുമുട്ടാൻ തുടങ്ങി. അതാണ്‌ പിന്നീട് അഭിഭാഷക സമൂഹം ഏതാണ്ട് ഏറ്റെടുത്തത്. വഴക്കും തമ്മിത്തല്ലും തുടങ്ങിയപ്പോൾ അത് മാധ്യമപ്രവർത്തകരും വക്കീലന്മാരും തമ്മിലുള്ള സംഘർഷമായി മാറി എന്നോ അങ്ങിനെ ചിത്രീകരിക്കപ്പെട്ടു എന്നോയൊക്കെ പറയപ്പെടുന്നു. അത് അടുത്തിടെയായി പലയിടത്തും നാമൊക്കെ കാണാറും കേൾക്കാറുമുള്ളതാണ് . എന്നാൽ അതോടെ വിഷയം മാറി. ജെ എൻ യുവിലെ ദേശവിരുദ്ധ പ്രവർത്തനവും മറ്റും മാധ്യമങ്ങൾക്ക് വാർത്തയല്ലാതായി; മറിച്ച് കോടതിയിലെ സംഭവങ്ങളായി മുൻ പന്തിയിൽ. ഇത് സ്വാഭാവികമാണ്; കാരണം, ഇന്നത്തെക്കാലത്ത് മാധ്യമങ്ങൾ സ്വീകരിക്കുന്ന ശൈലി അതാണ്‌. എന്നാൽ അതിലേക്കു കാര്യങ്ങൾ ചെന്നെത്താതെ നോക്കേണ്ടിയിരുന്നത് ആരാണ്?. കോടതിയിലെ സംഘർഷം ഒഴിവായിരുന്നുവെങ്കിൽ ഇന്ന് ചിത്രം മറ്റൊന്നാവുമായിരുന്നു. യഥാർഥത്തിൽ ജെ എൻ യുവിലെ ദേശവിരുദ്ധ പ്രവർത്തനങ്ങളെ പരസ്യമായി ന്യായീകരിക്കാൻ തുനിഞ്ഞ രാഹുൽ ഗാന്ധി അടക്കമുള്ളവർ വല്ലാത്ത പ്രതിസന്ധിയിലായതാണ്. ജനവികാരം ആ നിലയിലായിരുന്നു, വളരെ പെട്ടെന്ന്. രാഹുലിന്റെ മണ്ഡലമായ അമേത്തിയിലും കഴിഞ്ഞ ദിവസം നടന്ന പ്രകടനങ്ങളിൽ ആയിരക്കണക്കിന് യുവാക്കളാണ് സംബന്ധിച്ചത് എന്നത് പ്രധാനമാണ്. അതിൽനിന്നെല്ലാം രക്ഷപ്പെടാൻ കോടതിയിലെ സംഭവവികാസങ്ങൾ ഇടതു പക്ഷത്തിനും കോണ്ഗ്രസിനും അവസരം നൽകി. ഈ പ്രശ്നത്തിൽ ശക്തമായ നിലപാട് എടുത്ത ചാനലുകൾ പോലും അവസാനം മാധ്യമ വെട്ടയിലേക്ക് തിരിഞ്ഞത് കാണാതെ പോകാനാവില്ലല്ലോ. ഇത് ബിജെപിയും സംഘ പരിവാറും മനസിലാക്കേണ്ട വിഷയമാണ്‌. അവരാണ് കോടതിയിൽ കലാപമുണ്ടാക്കിയത് എന്നല്ല അതിനർഥം; എന്നാൽ ഒരു വിഷയം തങ്ങൾക്ക് അനുകൂലമായിരുന്നത് എങ്ങിനെ വളരെവേഗം തിരിഞ്ഞുവരുന്നു എന്നത് മനസിലാക്കുന്നത് എല്ലാ പൊതു പ്രവർത്തകർക്കും ഗുണകരമാവും എന്ന് തോന്നുന്നു.

ജെ എൻ യുവിലെ പ്രശ്നങ്ങൾ സാധാരണമായ ഒന്നല്ല. അത് ആസൂത്രിതമാണ് എന്നത് ഇന്നിപ്പോൾ ഇടതു പക്ഷ കക്ഷികളും കോൺഗ്രസുമൊക്കെ സമ്മതിക്കുന്നു. അവിടെയുയർന്ന മുദ്രാവാക്യങ്ങൾ, ഒരു സംശയവുമില്ല, ഇന്ത്യ വിരുദ്ധമായിരുന്നു. ഇന്ത്യയെ തകർക്കും വരെ ഈ പോരാട്ടം തുടരുമെന്ന് പറയുന്നത് അംഗീകരിക്കാൻ കഴിയില്ലല്ലോ. കാശ്മീരിന് സ്വാതന്ത്ര്യം കിട്ടുംവരെ പ്രക്ഷോഭം തുടരുമെന്ന മുദ്രാവാക്യവും ഇന്ത്യക്ക് സ്വീകാര്യമല്ല. അതൊക്കെ ഉയർത്തുന്നത് പാക്‌ അനുകൂല പ്രസ്ഥാനങ്ങളാണ്. അതുകൊണ്ടുതന്നെയാണ് ഇതുസംബന്ധിച്ച അന്വേഷണം പാക്‌ ഏജൻസികളിലേക്ക് നീങ്ങിയത്. ടിവി കാണുന്നവർ ഓർക്കുന്നുണ്ടാവും, ഒരു ചെറുപ്പക്കാരൻ ചാനലുകളിൽ വന്ന് ജെ എൻ യുവിലെ സംഭവങ്ങളെ ഘോരഘോരം സംസാരിച്ചത്. ഉമർ ഖാലിദ്‌ എന്നാണ് അയാളുടെ പേര്. അയാൾക്ക്‌ പാക്‌ ചരസംഘടനയുമായി അടുത്തബന്ധമുണ്ട് എന്നത് ഇതിനകം വ്യക്തമായിക്കഴിഞ്ഞു. മുൻ ദൽഹി സർവകലാശാല അദ്ധ്യാപകൻ എസ് എ ആർ ഗിലാനിയാണ് മറ്റൊരാൾ. അയാൾക്കെതിരെ ഇതിനുമുന്പും ദേശവിരുദ്ധ പ്രവർത്തനത്തിന് കേസെടുത്തിട്ടുണ്ട് എന്നതോർക്കുക. ഇവരെല്ലാം ജെ എൻ യുവിലെ പരിപാടിക്ക് മുന്നിലും പിന്നിലും പ്രവർത്തിച്ചിരുന്നു.

അതുമാത്രമല്ല, ഹിന്ദു ദേവീ ദേവന്മാരുടെ നഗ്ന ചിത്രങ്ങൾ ശേഖരിച്ച് ഒരു വര്ഗീയ സംഘർഷത്തിനും ജെ എൻ യുവിലെ നമ്മുടെ ഭീകര സുഹൃത്തുക്കൾ പദ്ധതിയിട്ടിരുന്നു എന്നതും ഇന്നിപ്പോൾ പോലീസും ഐബിയും നടത്തിയ അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ഉമര് ഖാലിദിന്റെ പാക്‌ ഭീകര ബന്ധം സംബന്ധിച്ച വിവരങ്ങളും കേന്ദ്ര ഏജൻസികൾക്ക് ലഭിച്ചിട്ടുണ്ടത്രേ. ജെയഷ് ഇ മുഹമദിന്റെ സ്വന്തക്കാരായിരുന്നു അവരെന്നാണ് കണ്ടെത്തൽ. അതായത് കാമ്പസുകളിൽ നടക്കുന്ന ഇത്തരം ദേശവിരുദ്ധ പ്രവർത്തനങ്ങൾക്ക് പാക്‌ ഭീകര പ്രസ്ഥാനങ്ങളുടെ കയ്യഴിച്ചുള്ള പിന്തുണ ലഭിക്കുന്നു എന്ന് കരുതാൻ പ്രേരിപ്പിക്കുന്നു. സർവകലാശാലകളിൽ പഠിക്കുന്ന കുട്ടികളെ കൈക്കലാക്കാൻ അത്രവലിയ പ്രയാസം ഇക്കൂട്ടര്ക്ക് ഉണ്ടാവണമെന്നില്ല.ചെറിയ ചില സാമ്പത്തിക സഹായമോക്കെക്കൊണ്ട് അവരെ കൈപ്പിടിയിലാക്കാൻ കഴിയുമത്രേ. ഇതാണ് യഥാർഥത്തിൽ ഇന്ത്യ ജാഗ്രതയോടെ കാണേണ്ടത്. ഹൈദരാബാദിൽ നാമൊക്കെ കേട്ടത് യാക്കൂബ് മേമന് വേണ്ടിയുള്ള രോദനമാണ് ; ദൽഹിയിലാകട്ടെ അത് അഫ്‌സൽ ഗുരുവിന്റെ പേരിലായി എന്നുമാത്രം. അതുതന്നെയാണ് കൊൽക്കത്തയിലെ യാദവ്പൂർ സർവകലാശാലയിലും മുഴങ്ങിക്കേട്ടത്. ഇവിടെയെല്ലാം ഈ ദേശവിരുദ്ധ സമരക്കാർ സ്വീകരിച്ച നിലപാടിലെ സമാനതയും കാണാതെ പൊയ്ക്കൂടാ. അത് കാശ്മീർ പോലുള്ള പ്രശ്നങ്ങളിലെ പാക്‌ നിലപാടാണ്. മറ്റൊന്ന് ഇന്ത്യയെ തകർക്കുമെന്ന വെല്ലുവിളി. മൂന്നാമത്തേത്, ഇന്ത്യയെ അസ്വസ്ഥമാക്കാൻ വിഘടനവാദികൾ ഉയർത്തിപ്പൊന്നിരുന്ന ആവശ്യങ്ങൾ ……. നാഗാലാണ്ട്, മണിപ്പൂർ തുടങ്ങിയ സംസ്ഥാനങ്ങളിൽ കേട്ടുവന്നിരുന്ന പ്രത്യേക രാജ്യമെന്ന വാദം. അതും ഇതിനിടയിൽ പലയിടത്തും, പ്രത്യേകിച്ച് ജാദവ്പൂരിൽ, ഉയർന്നുകേട്ടു. ഇതൊക്കെ നമ്മെക്കൊണ്ട് ചെന്ന് എത്തിക്കുന്നത് , അല്ലെങ്കിൽ നമ്മളെ നിർബന്ധിതമാക്കുന്നത്, ഇതൊരു അന്താരാഷ്ട്രതലത്തിലെ ഇന്ത്യ വിരുദ്ധ പദ്ധതിയാണ് എന്നാണ്‌.

ഇപ്പോൾ പ്രശ്നം എന്തുകൊണ്ട് കോടതിയിലും കോടതിവളപ്പിലും വെച്ച് വക്കീലന്മാരെ പോലീസ് തല്ലിച്ചതച്ചില്ല എന്നതാണ്. സുപ്രീം കോടതി അങ്ങിനെ പറഞ്ഞില്ലേ എന്നുമൊക്കെ ചോദിക്കുന്നവരുണ്ട്. അതും ഇക്കൂട്ടർ ആഗ്രഹിച്ചിരുന്നു എന്നതാണ് മനസിലാക്കേണ്ടത്. കേസിലെ പ്രതി കനയ്യ കുമാറിനെ കോടതിയിൽ ഹാജരാക്കിയപ്പോൾ ആക്രമിച്ചുവെന്നും ചാനലുകൾ വാർത്ത സൃഷ്ടിച്ചു. പക്ഷെ, തന്നെ പോലീസ് രക്ഷിക്കുകയായിരുന്നുവെന്നും മറ്റും സത്യസന്ധമായി കനയ്യ കുമാർ പറഞ്ഞുവെന്നത് പിന്നീട് നാമൊക്കെ കേട്ടു. സുപ്രീം കോടതി പറഞ്ഞത് ശരിയാണ്; കോടതിവളപ്പിൽ സംഘർഷം ഒഴിവാക്കണം. മാധ്യമ പ്രവർത്തകർക്ക് നിയന്ത്രണവും അവരെർപ്പെടുത്തി. പക്ഷെ വക്കീലന്മാർ അവിടെയുണ്ടായിരുന്നു. അവരാണ് പ്രതിഷേധവുമായി രംഗത്തുവന്നത്. കോടതിയിലെത്തിയ വക്കീലന്മാരെ അടിച്ചോടിക്കണം എന്നത് പോലീസ് ചെയ്തില്ല. അക്കാര്യം ദൽഹി പോലീസ് മേധാവി പരസ്യമായി പറഞ്ഞു. അത് അവരുടെ നിലപാടാണ്. അതിൽ കുറ്റം പറയാൻ കഴിയില്ലതാനും. നമ്മുടെ മുന്നിൽ പോലീസ് – അഭിഭാഷക സംഘർഷങ്ങളുടെ അനവധി ഉദാഹരങ്ങളുണ്ട്. അവിടെയെല്ലാം പരിക്കുപറ്റിയത് പോലീസിനാണ് എന്നതും മറന്നുകൂടാ. കേസുവരുമ്പോൾ കോടതിയും രാഷ്ട്രീയ നേതൃത്വവും പോലീസിനു എതിരാവുന്നതാണ് പതിവ് എന്നത് ദൽഹി പോലീസ് മനസിലാക്കി എന്നുവേണം പറയാൻ.

ദൽഹിയിലും അലഹബാദിലും മദ്രാസിലും ജെയപൂരിലും മറ്റും അത്തരം സംഭവങ്ങൾ നടന്നിട്ടുണ്ട്. എൽ ടിടി ഇയെ ന്യായീകരിച്ചുകൊണ്ട് ചെന്നെയിൽ നടന്ന അഭിഭാഷക സമരവും അതിനെത്തുടർന്ന് നടന്ന ആക്രമണങ്ങളും ഒക്കെ മറക്കാറായിട്ടില്ല. 2009 ഫെബ്രുവരിയിലാണ് അതുണ്ടായത്‌. അന്ന് അതിനെക്കുറിച്ച് അന്വേഷിക്കാൻ സുപ്രീംകോടതി തന്നെ തയ്യാറായി. റിട്ടയർ ചെയ്ത സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് ബി എൻ ശ്രീകൃഷ്ണ ആയിരുന്നു അന്വേഷണ കമ്മീഷൻ. അദ്ദേഹം നല്കിയ ശുപാർശകൾ വളരെ പ്രാധാന്യം അർഹിക്കുന്നതാണ്. അഭിഭാഷകരുടെ വഴിവിട്ട സമരങ്ങളും പ്രവർത്തികളും നിയന്ത്രിക്കേണ്ടതിന്റെ ആവശ്യകതയിലേക്കും ആ റിപ്പോർട്ട്‌ വിരൽചൂണ്ടി. ബാർ കൌൺസിൽ ആണത് ചെയ്യേണ്ടതെങ്കിലും അവർക്കതിന് കഴിയുന്നില്ലെന്നും അതുകൊണ്ട് സുപ്രീം കോടതി തന്നെ ഇക്കാര്യം പരിശോധിക്കണമെന്നും ശ്രികൃഷ്ണ കമ്മീഷൻ പറഞ്ഞിട്ടുണ്ട്. അതിനു പല കാരണങ്ങളും അദ്ദേഹം നിരത്തിയിരുന്നു. അഭിഭാഷകർ കോടതിയുടെ അവിഭാജ്യ ഘടകമാണ് എന്നതാണ് പൊതുവെ സ്വീകരിക്കപ്പെടുന്ന നിലപാട് എന്നും അതുകൊണ്ട് കോടതിയിലും മറ്റു മുണ്ടാവുന്ന പ്രശ്നങ്ങളിൽ അവര്ക്കെതിരെ നടപടി സ്വീകരിക്കാൻ ശ്രമിക്കുമ്പോൾ “തങ്ങൾ നിയമവും ക്രമസമാധാനവും നടപ്പിലാക്കുന്നവർക്ക് വിധേയമല്ല” എന്നും മറ്റും വാദിക്കുന്നത് കാണാം എന്നും പറയുന്നുണ്ട്. അതാണ്‌ പൊതുവെ അഭിഭാഷകരുടെ സമീപനം. കേരളത്തിലും അത്തരം സംഭവങ്ങൾ പലപ്പോഴും കണ്ടിട്ടുണ്ട്. അതൊക്കെ ദൽഹി പോലീസ് അറിഞ്ഞുകൊണ്ട് പെരുമാറി എന്നതാണ് കരുതേണ്ടത്. ദൽഹിയിൽ കോടതിയിലും കോടതി വളപ്പിലുമാണ് സംഘർഷമുണ്ടായത് എന്നതോർക്കുക. അത്തരം സന്ദർഭങ്ങളിൽ നടപടി സ്വീകരിക്കേണ്ടത് കോടതി തന്നെയല്ലേ?. ഇക്കാര്യത്തിൽ മുൻകാലങ്ങളിൽ കോടതികൾ പുറപ്പെടുവിച്ച ചില മാർഗ നിർദ്ദേശങ്ങളും കാണാതെ പോകാനാവില്ലല്ലോ. അതോ അത് പോലീസിനു സ്വയമേവ ചെയ്യാമോ……. ഇത്തരം പ്രശ്നങ്ങളും അവിടെ ഉയരുന്നുണ്ട്. അതോക്കെക്കൊണ്ടാവണം വേണ്ടതിലധികം ‘ജാഗ്രത’ പുലർത്താൻ ദൽഹി പോലീസ് തയ്യാറായത് എന്ന് കരുതാനാണ്‌ തോന്നുന്നത്.

അത് ഒരു പക്ഷെ സുപ്രീം കോടതിയുടെ നിർദ്ദേശത്തിന് വിരുദ്ധമാണോ എന്നതും മറ്റും ഇനിയും പരിശോധിക്കപ്പെടെണ്ടതുണ്ട് . അക്കാര്യം കോടതി ചെയ്യട്ടെ. അതെന്തായാലും ഇതിനിടയിൽ ദേശവിരുദ്ധ പ്രവർത്തനങ്ങൾ മനുഷ്യ മനസിൽ നിന്ന് മാഞ്ഞു പോകുന്നു എന്നതും അത്തരം പ്രവർത്തനങ്ങൾക്ക് മുന്കയ്യെടുത്തു വന്നവർ പൊതുവേദിയിൽ സ്വീകാര്യരായി മാറുന്നു എന്നതുമൊക്കെ ആശങ്ക സൃഷ്ടിക്കുന്നതാണ്. ദൽഹിയിൽ നിന്ന് മറ്റു സർവകലാശാലകളിലെക്കും രാഷ്ട്ര വിരുദ്ധ നീക്കങ്ങൾ പടരുന്നതിനിടെ എല്ലാ സർക്കാരുകളും അതിനൊപ്പം നീതിന്യായ പീഠവും വേണ്ടുന്ന കരുതൽ സ്വീകരിക്കും എന്നാശിക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button