KeralaNews

മൊബൈല്‍ ഫോണ്‍ കുറഞ്ഞ വിലയ്ക്ക് നല്‍കാമെന്ന പേരില്‍ തട്ടിപ്പ്

ആലപ്പുഴ: മൊബൈല്‍ ഫോണ്‍ കുറഞ്ഞ വിലക്ക് വാങ്ങിനല്‍കാമെന്ന പേരില്‍ തട്ടിപ്പ്. ആലപ്പുഴയില്‍ മാത്രം 150ല്‍ പരം ആളുകളുടെ പണം നഷ്ടപ്പെട്ടതായാണ് വിവരം. പറഞ്ഞദിവസം കഴിഞ്ഞിട്ടും ഫോണുകള്‍ ലഭ്യമാകാത്തതിനെത്തെുടര്‍ന്ന് ഇടനിലക്കാരനായ ആലപ്പുഴ സ്വദേശിയായ വിദ്യാര്‍ത്ഥിയുടെ വീട്ടില്‍ പണം നല്‍കിയവര്‍ കഴിഞ്ഞദിവസം എത്തിയതോടെയാണ് തട്ടിപ്പ് പുറത്തറിയുന്നത്.
അന്താരാഷ്ട്ര കമ്പനികളുടെ ഫോണുകള്‍ വിപണിവിലയുടെ പകുതിയിലേറെ കുറവില്‍ നല്‍കുമെന്ന് പ്രചാരണം നടത്തിയായിരുന്നു തട്ടിപ്പ്.
15,000 രൂപ വിലവരുന്ന ഫോണുകള്‍ 3000 മുതല്‍ 5000 വരെയും ഇതില്‍ കൂടുതല്‍ വിലവരുന്നവ ആനുപാതികമായ വിലക്കും ലഭിക്കുമെന്ന പ്രചാരണത്തില്‍ വീണതിലേറെയും യുവാക്കളാണ്. കള്ളക്കടത്തിലൂടെ എത്തിക്കുന്ന ഫോണുകള്‍ക്ക് ടാക്‌സും മറ്റും അടക്കേണ്ടാത്തതിനാലാണ് വിലക്കുറവെന്നാണ് തട്ടിപ്പുകാര്‍ പറഞ്ഞത്്. നിരവധി വിദ്യാര്‍ഥികളും യുവാക്കളും ഫോണ്‍ വാങ്ങാന്‍ പണം നല്‍കി. പണം ഇടനിലക്കാര്‍ ഒരു അക്കൗണ്ടില്‍ അടച്ചെന്നാണ് വിവരം.

മണി ചെയിന്‍ മാതൃകയിലായിരുന്നു ആളുകളെ ചേര്‍ത്തത്. ഇതിന് പ്രതിഫലമായി ഇടനിലക്കാര്‍ക്ക് അക്കൗണ്ടുകള്‍ മുഖേന കമ്മീഷന്‍ ലഭിച്ചിരുന്നു. പണം നഷ്ടപ്പെട്ടവര്‍ വീട്ടിലെത്തി ബഹളമുണ്ടാക്കിയപ്പോഴാണ് തട്ടിപ്പില്‍ മകന്‍ കുടുങ്ങിയ വിവരം വീട്ടുകാരും അറിയുന്നത്. പഌസ് വണ്ണില്‍ പഠിക്കുന്ന വിദ്യാര്‍ഥി സുഹൃത്തിന്റെ സഹോദരനുമായി ബന്ധപ്പെട്ടാണ് വലയില്‍പെട്ടതെന്നാണ് വിവരം. ഇയാള്‍ മാത്രം എട്ടുലക്ഷത്തോളം രൂപ ഫോണിനായി വിവിധയാളുകളില്‍നിന്ന് വാങ്ങിനല്‍കിയതായാണ് അറിയുന്നത്. തട്ടിപ്പിന്റെ പ്രധാന കണ്ണിയായ ചെമ്പുംപുറം സ്വദേശിയായ യുവാവ് ഒളിവിലാണ്. ആലപ്പുഴ സൗത്ത്, നെടുമുടി പൊലീസ് സ്റ്റേഷന്‍ പരിധികളില്‍നിന്നാണ് തട്ടിപ്പ് സംബന്ധിച്ച പരാതി ഉയര്‍ന്നത്.

shortlink

Post Your Comments


Back to top button