Kerala

ഇന്ന് ആറ്റുകാല്‍ പൊങ്കാല

തിരുവനന്തപുരം: സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്ന ആറ്റുകാലിലെ പ്രസിദ്ധമായ പൊങ്കാല ഇന്ന്. കുംഭമാസത്തിലെ പൂരം നാളും പൗര്‍ണ്ണിയും ഒത്തു ചേരുന്ന ദിവസം കൂടിയാണിത്. മണ്‍കലങ്ങളില്‍ ദേവിക്ക് പൊങ്കാലയര്‍പ്പിക്കാനായി ഭക്തജനങ്ങള്‍ ഇതിനോടകം തന്നെ തയ്യാറായിക്കഴിഞ്ഞു.

രാവിലെ 9.15 ഓടെ ശുദ്ധപുണ്യാഹത്തോടെയാണ് ചടങ്ങുകള്‍ തുടങ്ങുന്നത്. കണ്ണകീ ചരിതത്തില്‍ പാണ്ഡ്യരാജാവിന്റെ വധം തോറ്റംപാട്ടുകാര്‍ പാടിക്കഴിയുന്നതോടെ പത്തുമണിക്കാണ് അടുപ്പുവെട്ട്. ക്ഷേത്രം തന്ത്രി തെക്കേടത്ത് പരമേശ്വരന്‍ വാസുദേവന്‍ നമ്പൂതിരിയുടെ സാന്നിധ്യത്തില്‍ ശ്രീകോവിലില്‍ നിന്ന് ദീപം പകര്‍ന്ന് മേല്‍ശാന്തി എസ്.അരുണ്‍കുമാര്‍ നമ്പൂതിരി തിടപ്പള്ളിയില്‍ പൊങ്കാല അടുപ്പ് കത്തിക്കും.

തുടര്‍ന്ന് കൈമാറുന്ന ദീപം ക്ഷേത്രമുറ്റത്തെ പണ്ടാര അടുപ്പില്‍ ജ്വലിപ്പിക്കും. ഈ സമയം വെടിക്കെട്ടും മൈക്കിലൂടെ അറിയിപ്പുമുണ്ടാകും. ശേഷം പണ്ടാരയടുപ്പില്‍ നിന്ന് ഭക്തരിലേക്ക് അഗ്നിനാളം കൈമാറും. തുടര്‍ന്ന് പൊങ്കാലക്കലങ്ങളില്‍ വിവിധ നിവേദ്യങ്ങള്‍ ഒരുങ്ങും. ഉച്ചപൂജയ്ക്ക് ശേഷം 1.30നാണ് നിവേദ്യം. 250 ശാന്തിക്കാരെയാണ് നിവേദ്യങ്ങളില്‍ പുണ്യാഹമര്‍പ്പിക്കുന്നതിനായി നിയോഗിച്ചിട്ടുണ്ട്.

ഇത്തവണ ക്ഷേത്രത്തിന് പത്ത് കിലോമീറ്റര്‍ ചുറ്റളവില്‍ പൊങ്കാലയര്‍പ്പിക്കുന്ന ഭക്തരെ ഇന്‍ഷുറന്‍സിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയതായി ട്രസ്റ്റ് ഭാരവാഹികള്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button