Pen Vishayam

പെണ്ണെഴുത്തിന്റെ സൌന്ദര്യ ഭാവങ്ങളും പുരുഷ മേധാവിത്വത്തിന്‍റെ വൈകൃത പ്രതികരണങ്ങളും

ഇന്ന് സ്ത്രീകളുടെ സ്വാതന്ത്ര്യാന്വേഷണം സോഷ്യല്‍മാധ്യമങ്ങളില്‍ അക്ഷരക്കടലായി അലയടിക്കുമ്പോള്‍ അതില്‍ കാണാന്‍ കഴിയുന്നത് സര്‍ഗാത്മക സൗന്ദര്യത്തിന്റെ മുത്തും പവിഴവും

അഞ്ജു പ്രഭീഷ്

ജീവിതം തന്നെ ഓണ്‍ലൈനായ കാലത്താണ് നാമുള്ളത്.അടുക്കളയില്‍ നിന്ന് അരങ്ങത്തേക്ക് എത്തുന്നത് മാത്രമല്ല സ്ത്രീ സ്വാതന്ത്ര്യമെന്നു സമൂഹത്തോട് ഉറക്കെ വിളിച്ചു പറയുകയാണ്‌ ഇന്നത്തെ സ്ത്രീകള്‍ . സ്വന്തം അഭിപ്രായങ്ങളും കാഴ്ചപ്പാടുകളും സമകാലീന സംഭവങ്ങളോടുള്ള പ്രതികരണങ്ങളും സമൂഹത്തിനോട് സധൈര്യം തുറന്ന് പറയാനുള്ള സ്വാതന്ത്ര്യത്തിന്റെ ഇരിപ്പിടമാകുന്നു ഓണ്‍ലൈന്‍ ലോകം അവള്‍ക്ക് .. അതിലൂടെ നവമാധ്യമങ്ങളിലെ ശക്തമായ സാന്നിധ്യമാവുന്നു സ്ത്രീയെഴുത്ത്.സ്ത്രീയെഴുത്തിനെ പെണ്ണെഴുത്തെന്നു ആദ്യമായി നാമകരണം ചെയ്തത് പ്രമുഖ സാഹിത്യകാരന്‍ ശ്രീ.സച്ചിദാനന്ദന്‍ ആയിരുന്നു.സാറ ജോസഫിന്റെ പാപത്തറയെന്ന നോവലിന്റെ ആമുഖത്തിലാണ് അങ്ങനെയൊരു വാക്ക് ആദ്യമായി കണ്ടത്.പിന്നീട് സമൂഹം പെണ്ണെഴുത്തിന് നല്‍കിയത് അവഹേളനത്തിന്റെ സ്വര്‍ണ പതക്കങ്ങളായിരുന്നു.പുരുഷകേന്ദ്രീകൃതമായ സമൂഹത്തിന്റെ ചട്ടക്കൂടുകള്‍ക്കുള്ളില്‍ അവളിലെ എഴുത്തുകാരിയെ ഒതുക്കിയ നാളുകള്‍ അന്യമായിയെന്നു ഇന്നും തീര്‍ത്തു പറയാന്‍ കഴിയില്ല.

ഇന്നും പുരുഷന്റെ കണ്ണില്‍ സ്ത്രീ മുഖമില്ലാത്തവളാണ്.അവനടങ്ങുന്ന സമൂഹം വരച്ചുകൊടുത്ത ലക്ഷ്മണരേഖയ്ക്കിപ്പുറം അവളിലെ സ്വത്വം എത്തി നോക്കിയാല്‍ അവള്‍ വിലക്കപ്പെട്ടവളാകുന്നു. രണ്ടു ദിവസങ്ങള്‍ക്ക് മുന്‍പ് പ്രബുദ്ധകേരളത്തില്‍ പ്രമുഖനായ ഒരു രാഷ്ട്രീയനേതാവ് ഒരു വനിത പ്രിന്‍സിപ്പാളിനെ അവഹേളിച്ച വിധം നാം കണ്ടറിഞ്ഞതാണ്.പണ്ട് മഹാശ്വേതാദേവിക്ക് കിട്ടിയ ജ്ഞാനപീഠത്തിന്റെ സ്രോതസ് അന്വേഷിക്കണമെന്നു പ്രസംഗിച്ച ഒരു നേതാവ് പറഞ്ഞത് 86 ാം വയസ്സിലും അവര്‍ക്കൊരു “സൂക്കേടുണ്ട്”എന്നായിരുന്നു .ഈ സൂക്കേട്‌ പ്രതികരിക്കുന്ന പെണ്ണുങ്ങളില്‍ മാത്രം കണ്ടെത്തുന്ന ആണ്‍ബുദ്ധിയെ അപ്പോള്‍ വിളിക്കേണ്ടുന്നത് എന്താണ് ?? സി പി എം സംസ്ഥാന കമ്മിറ്റി അംഗം പരാമര്‍ശിച്ച ഒരു “മാതിരി സൂക്കേട്‌” പെണ്ണുങ്ങള്‍ക്ക് ഇന്നും ഇന്നലെയും തുടങ്ങിയതല്ല . മുലച്ചിപറമ്പിലെ നങ്ങേലി മുതല്‍ തുടങ്ങി ഉമാ അന്തര്‍ജനനത്തിലൂടെ,അക്കമ്മാ ചെറിയാനിലൂടെ,ഗൗരിയമ്മയിലൂടെ,മേരി റോയിയിലൂടെ, മാധവിക്കുട്ടിയിലൂടെ ,സുഗതകുമാരിയിലൂടെ പ്രതികരിക്കുന്ന ഇന്നത്തെ ചുണപെണ്‍കുട്ടികളില്‍ എത്തി നില്ക്കു്ന്നു ആ പറഞ്ഞ മാതിരി സൂക്കേട്‌ .. സ്ത്രീ ഏതു രംഗത്തേക്കു വരുന്നതും കണ്ണും കൈയ്യും കാണിച്ചും മേനി കാണിച്ചും പ്രലോഭിപ്പിച്ചും വേണമെങ്കില്‍ ശരീരം കാഴ്ചവെച്ചുമാണെന്നാണ് സമൂഹത്തിന്റെ കാഴ്ചപ്പാട് . ഈ അപവാദപ്രചരണം ഇന്നും ഇന്നലെയുമല്ല തുടങ്ങിയത്. രാഷ്ട്രീയ നേതാക്കള്‍ മുതല്‍ പുരുഷ എഴുത്തുകാര്‍ വരെ ഒളിഞ്ഞും തെളിഞ്ഞും പറയുക മാത്രമല്ല കഥകളെഴുതുകയും പ്രസംഗിക്കുകയും ചെയ്തിട്ടുണ്ട്. ഇന്ന് പക്ഷേ അവളെ തോല്‍പ്പിക്കാന്‍ നോക്കുന്നത് വ്യാജ ഫേക്ക് ഐഡികളിലൂടെയും ഫോട്ടോഷോപ്പ് ചെയ്ത ശരീരത്തിലൂടെയുമാണെന്ന് മാത്രം .അവളിലെ എഴുത്തിന്റെ നെല്ലോ പതിരോ അല്ല, അവളുടെ ശരീരമാണ് വിഷയം. ഒരുവളുടെ അടങ്ങാത്ത ലൈംഗികതൃഷ്ണ അടക്കാന്‍ പറ്റാത്തതു കൊണ്ടാണത്രേ ഓരോ സ്ത്രീയും എഴുതുന്നതെന്ന പുരുഷ കണ്ടെത്തല്‍ അവന്റെ ഉള്ളിലുള്ള അവളോടുള്ള അസഹിഷ്ണുതയാണ് കാട്ടി ത്തരുന്നത്‌ . എന്തെല്ലാം ആരോപണങ്ങള്‍ കേട്ടുകൊണ്ടാവും നമ്മുടെ ഓരോ എഴുത്തുകാരികളും അനുഭവത്തിന്റെ തീച്ചൂളയില്‍ സ്ഫുടം ചെയ്തെടുത്ത അക്ഷരങ്ങള്‍ കൊണ്ട് വിസ്മയം സൃഷ്ടിക്കുന്നത് .അവളുടെ എഴുത്തിന്റെ വരികള്‍ക്കുള്ളിലൂടെ അപഥസഞ്ചാരം നടത്തി അവളെ കളങ്കിതയാക്കാന്‍ സമൂഹം വല്ലാതെ വ്യഗ്രത കാട്ടുന്നുണ്ട് .ഒരു നടി വിവാഹിതയാകുന്നുവെന്ന വാര്ത്ത് കേട്ടപ്പോള്‍ ഒരു പുരുഷകേസരിയുടെ പ്രതികരണം ഇങ്ങനെയായിരുന്നു -‘അങ്ങനെ ഒരു പൊതുമുതല്‍ കൂടി സ്വകാര്യവത്ക്കരിക്കുന്നു’.ഒരു പാട് ലൈക്കുകള്‍ വാരി ക്കൂടിയ ആ കമന്റ് കാട്ടിത്തരുന്നത്‌ പുരുഷമനസ്സിന്റെ വികലമായ മാനസിക വ്യാപാരത്തെയാണ്‌ . പെണ്ണിനെ, അവളുടെ ശരീരത്തെപ്പറ്റി, അവളുടെ കഴിവുകളെപ്പറ്റി അശ്ലീലത്തില്‍ കുറിക്കുമ്പോള്‍, പറയുമ്പോള്‍ ഇക്കിളിപ്പെടാന്‍ കുറേപ്പേരുണ്ടാവാം.പക്ഷേ അശ്ലീലം കുറിച്ച മഹാനറിയുന്നില്ല അവന്‍ തുറന്നുകാട്ടുന്നത് അവനിലെ വൈകൃതത്തെ തന്നെയാണെന്ന സത്യം .

ഇന്ന് സ്ത്രീകളുടെ സ്വാതന്ത്ര്യാന്വേഷണം സോഷ്യല്‍മാധ്യമങ്ങളില്‍ അക്ഷരക്കടലായി അലയടിക്കുമ്പോള്‍ അതില്‍ കാണാന്‍ കഴിയുന്നു ഇത്രനാളും അവള്‍ ഉള്ളില്‍ ഒളിപ്പിച്ചിരുന്ന സര്‍ഗാത്മകസൗന്ദര്യത്തിന്റെ മുത്തും പവിഴവും.ക്ലിക്കുകളിലൂടെ ലോകത്തിന്റെ മുക്കിലും മൂലയിലും കയറിയിറങ്ങി സ്വാതന്ത്ര്യത്തിന്റെ കയ്പും മധുരവും അവര്‍ ആസ്വദിക്കുകയാണ്. ലൈക്കിലൂടെയും കമന്റുകളിലൂടെയും സ്വാതന്ത്ര്യത്തിന്റെ സോഷ്യല്‍ മാധ്യമ സംസ്‌കാരം അവള്‍ സൃഷ്ടിക്കുന്നു.അന്തരംഗങ്ങളില്‍ മാറാലപിടിച്ചിരുന്ന അഭിപ്രായങ്ങളും കാഴ്ചപ്പാടുകളും അവര്‍ സ്റ്റാറ്റസുകളില്‍ ചൊരിയുന്നു. മുഖം നോക്കി പറയാന്‍ മടിച്ചതെല്ലാം അക്ഷരങ്ങളായി പെയ്തിറങ്ങുമ്പോള്‍ അവളില്‍ പ്രകാശിക്കുന്നത് ആത്മവിശ്വാസത്തിന്റെ ആയിരം സൂര്യകിരണങ്ങള്‍.നവ മാധ്യമങ്ങളുടെ വിസ്തൃതി പ്രയോജനപ്പെടുത്താന്‍ അവള്‍ ശക്തമായി ശ്രമിക്കുന്നുണ്ട്. ഈജിപ്തിലെ യുവാക്കളുടെ പ്രക്ഷോഭത്തിന് ആരംഭം കുറിച്ചത് ഒരു വളയിട്ട കൈയായിരുന്നു .അസ്മ മെഹ്ഫൂസ് എന്ന സ്ത്രീ ഷെയര്‍ ചെയ്ത വീഡിയോ ഒരു മുല്ലപ്പൂ വിപ്ളവമായി പടര്‍ന്നുപിടിക്കുകയായിരുന്നു.മലയാളബ്ലോഗുകളിലെ പെണ്ണിടപെടലുകള്‍ കൂടുതലുംസര്‍ഗാത്മകമാണ്.എന്നിരുന്നാലും ചില സോഷ്യല്‍ ആക്ടിവിസ്റ്റ്കളുടെ സാന്നിധ്യം എടുത്തു പറയേണ്ടതാണ്.ചിലപ്പോഴെങ്കിലും അവരില്‍ നിന്നും സാമൂഹിക പ്രസക്തമായ പ്രതികരണങ്ങള്‍ സ്ത്രീപക്ഷത്തിന്റെ മാറ്റ്കൂട്ടുന്നുവെങ്കിലും പലപ്പോഴും ഫെമിനിസ്റ്റ് കുപ്പായമണിഞ്ഞ ചില ആട്ടിന്തോലിട്ട ചെന്നായകളുടെ ബാലിശമായ പ്രസ്താവനകള്‍ സ്ത്രീസമൂഹത്തിനാകമാനം നാണക്കേട്‌ ഉണ്ടാകുന്ന തലത്തില്‍ ചെന്നെത്തിക്കുന്നുണ്ട്.പലപ്പോഴും മൂന്നാംകിട പബ്ലിസിറ്റിക്ക് വേണ്ടിയുള്ള കുത്തിക്കുറിക്കലിന്റെ വേദികയാകാറുണ്ട് അവരുടെ പോസ്റ്റുകള്‍.

അവിടെയാണ് മൈന ഉമൈബാനെ പോലെയും ശ്രീപാര്‍വതിയെയും പോലെയുമുള്ള എഴുത്തുകാരികള്‍ വ്യത്യസ്തരാകുന്നത്.ബ്ലോഗുകളിലൂടെയും സോഷ്യല്‍ നെറ്റുവര്‍ക്കുകളിലൂടെയും വളര്‍ത്തിയെടുക്കുന്ന കൂട്ടായ്മകളെ സാമൂഹികക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കും ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കും എങ്ങനെ ഉപയോഗപ്പെടുത്താമെന്നവര്‍ അവര്‍ കാണിച്ചു തരുന്നു. മാലിയിലെ ജയിലലടയ്ക്കപ്പെട്ട എഴുത്തുകാരന്‍ ജയചന്ദ്രന്‍ മോകേരിയുടെ മോചനത്തിനായി നടത്തിയ ഓണ്‍ലൈന്‍ ക്യാമ്പയിന്റെ വിജയത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച മൈനയുടെ സേവനമനോഭാവം സ്തുത്യര്‍ഹമാണ്.അതുപോലെതന്നെ എടുത്തു പറയേണ്ട പേരുകളാണ് സോണിയ മല്‍ഹാറും അശ്വതിജ്വാലയും. നടുനീളന്‍ പോസ്റ്റുകളും മറ്റുമായി കസേരവിപ്ലവം നടത്തുന്ന ഓണ്‍ലൈന്‍ ആക്ടിവിസ്റ്റുകള്ക്കപ്പുറത്ത്, സാമൂഹിക ജീവിതത്തിന്റെ യാഥാര്‍ഥ്യങ്ങളുമായി കൂട്ടിയിണക്കി ഇന്റര്‍നെറ്റിന്റെ സാധ്യതകളെ ഇന്റര്‍നെറ്റ് എന്തെന്ന് പോലുമറിയാത്ത സമൂഹത്തിനുകൂടി ഫലപ്രദമായ രീതിയില്‍ ഉപയോഗപ്പെടുത്തിയ ഇവരിലൂടെയാണ് നമ്മള്‍ സ്ത്രീശാക്തീകരണം എന്തെന്ന് അറിയേണ്ടത്.സ്ത്രീയുടെ ചിന്തകള്‍ക്കും ആശയങ്ങള്‍ക്കും അതിരുകള്‍ നിര്‍ണയിക്കപ്പെടാത്ത ഒരു കാലം വിദൂരമല്ല തന്നെ ..അതുവരേക്കും അനുഭവത്തിന്റെ മൂശയില്‍ നിന്നും വാര്‍ത്തെടുത്ത അക്ഷരങ്ങള്‍ കൊണ്ട് നമുക്ക് തീര്‍ക്കാം പുതിയൊരു ലോകം .

shortlink

Related Articles

Post Your Comments

Related Articles


Back to top button