News Story

പെരിയാര്‍ ചുവന്നൊഴുകുമ്പോള്‍

രശ്മി രാധാകൃഷ്ണന്‍

പര്‍വ്വതനിരയുടെ പനിനീരേ എന്ന് നമ്മള്‍ അരുമയോടെ വിളിച്ചത് ഈ പെരിയാറിനെയാണ്…മലയാളിപ്പെണ്ണിനോടുപമിച്ചു മലയാളികള്‍ നെഞ്ചിലേറ്റിയ ഗൃഹാതുരതയല്ല പെരിയാര്‍ ഇന്ന്..ആളുകള്‍ ജീവനും ജീവിതത്തിനും വേണ്ടി ആശ്രയിയ്ക്കുന്ന പെരിയാറില്‍ ഒഴുകുന്നത് കാളകൂട വിഷമാണ്.

ഏലൂര്‍-ഇടയാര്‍ വ്യവസായ മേഖലയില്‍ നിന്നും പലപ്പോഴായി മാലിന്യങ്ങള്‍ തള്ളിയതിന്റെ ഫലമായി പെരിയാര്‍ നിറം മാറിയൊഴുകുന്നത് പതിവായിട്ടുണ്ട്.കഴിഞ്ഞ വര്ഷം 23 തവണ ആണ് ഏലൂര്‍ മേഖലയില്‍ പെരിയാറില്‍ മത്സ്യങ്ങള്‍ ചത്ത് പൊങ്ങിയത്. രാസ മാലിന്യങ്ങള്‍ മൂലം പെരിയാര്‍ പല വര്‍ണത്തില്‍ ഒഴുകിയത് നൂറില്‍ കൂടുതല്‍ തവണ.

നിരീക്ഷണത്തിനായി സ്ഥാപിയ്ക്കപ്പെട്ടിട്ടുള്ള മലിനീകരണനിയന്ത്രണബോര്‍ഡിന്റെ കാമറകളില്‍ ഇതൊന്നും എന്തുകൊണ്ടോ പതിയാറില്ല.വെള്ളത്തിന്റെ നിറം മാറുമ്പോഴോ മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തുപോങ്ങുമ്പോഴോ നാട്ടുകാര്‍ പരാതിയുമായി ചെന്നെങ്കില്‍ മാത്രം അവിടെയുമിവിടെയും സാമ്പിളുകള്‍ ശേഖരിച്ചുകൊണ്ട് പ്രഹസന നാടകം തുടരും..ജീവിയ്ക്കാന്‍ പെരിയാറിനെ നേരിട്ട് ആശ്രയിയ്ക്കുന്നവരെ മാത്രമാണ് ഇതൊക്കെ ബാധിയ്ക്കുന്നത്. ചുവപ്പും മഞ്ഞയും നിറം മാറിയൊഴുകുമ്പോള്‍ പോലും സ്ഥാപിച്ചിരിക്കുന്ന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ സൂചിക ( വാട്ടര്‍ ക്വാളിറ്റി സൂചകങ്ങള്‍) എല്ലാം കൃത്യം ആണ് എന്ന് എഴുതി കാണിയ്ക്കുന്നതിലെ വൈരുധ്യം സംശയജനകമാണ്.

ഇതേത്തുടര്‍ന്നുണ്ടായ ജനകീയ പ്രക്ഷോഭങ്ങളുടെ ഫലമായാണ് സംസ്ഥാന സര്‍ക്കാര്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡിനു പുറത്ത് ഒരു വിദഗ്ധ സമിതിയെ പഠനത്തിനായി നിയോഗിച്ചത്. എന്നാല്‍, സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിനെയും രാസമാലിന്യങ്ങള്‍ തള്ളുന്ന കമ്പനികളേയും പൂര്‍ണ്ണമായി വെള്ള പൂശുന്ന ഒരു റിപ്പോര്‍ട്ട് സര്‍ക്കാരിനു സമര്‍പ്പിച്ച സമിതി തലയൂരി. പെരിയാറിലെ മത്സ്യക്കുരുതിയെ കുറിച്ച് പഠിക്കാന്‍ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചുമതലപെടുത്തിയ സമിതി നടത്തിയ പഠനം സാമാന്യ ശാസ്ത്ര യുക്തിക്ക് പോലും നിരക്കുന്നതായിരുന്നില്ല. കമ്പനികളെ സഹായിക്കുന്ന തരത്തില്‍ മുന്‍വിധിയോട് കൂടി തയ്യാറാക്കിയിട്ടുള്ള ഈ റിപ്പോര്‍ട്ട് തള്ളിക്കളയണമെന്ന് ആവശ്യപെട്ടുകൊണ്ട് സംയുക്ത സമര സമിതിയുടെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ചും റിപ്പോര്‍ട്ട് കത്തിക്കലും നടത്തിയിരുന്നു.
പെരിയാര്‍ നദിയുടെ പരിശോധനാഫലം മനസ്സാക്ഷിയെ ഞെട്ടിക്കുന്നതാണെന്ന് ദേശീയ ഹരിത ട്രൈബ്യൂണല്‍ അഭിപ്രായപ്പെട്ടിരുന്നു.

ഏലൂര്‍ സ്വദേശി ഷിബു മാനുവല്‍ നല്‍കിയ പൊതു താല്പര്യ ഹര്‍ജിയില്‍ കേരളാ ഹൈക്കോടതിയുടെ നിര്‍ദ്ദേശാനുസരണം നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട് ഓഫ് ഇന്റര്‍ ഡിസിപ്ലിനറി സയന്‍സ് ആന്റ് ടെക്‌നോളജി പെരിയാറിന്റെ വിവിധ ഭാഗങ്ങളിലും അനുബന്ധ തോടുകളിലും നടത്തിയ പരിശോധനാഫലം ഞെട്ടിക്കുന്നതാണെന്ന് ഹരിത ട്രൈബ്യൂണല്‍ ചൂണ്ടിക്കാട്ടി.. അനുവദനീയമായതിലും വളരെയധികരിച്ച നിലയില്‍ ഘനലോഹങ്ങളും കീടനാശിനികളും അമോണിയം നൈട്രേറ്റും മനുഷ്യജീവനും പരിസ്ഥിതിക്കും വിനാശകരമായ തോതില്‍ ഉണ്ടെന്നാണ് കണ്ടെത്തല്‍. എന്‍.ഐ.ഐ.എസ്.റ്റി പരിശോധനയില്‍ പലമടങ്ങ് അധികരിച്ചുകണ്ട അതേ സാമ്പിള്‍ മലിനീകരണനിയന്ത്രണ ബോര്‍ഡ് പരിശോധിച്ചപ്പോള്‍ പലതും ഡിറ്റക്ടബില്‍ ലവല്‍ പോലും കാണുന്നുണ്ടായിരുന്നില്ല.

ഭരണവര്‍ഗ്ഗത്തിന്റെ കൂട്ടുപിടിച്ച് കമ്പനികളെ സഹായിയ്ക്കാന്‍ കൂട്ടുനില്‍ക്കുന്നവര്‍ ചെയ്യുന്നത് സ്വന്തം കുടിവെള്ളത്തില്‍ വിഷം കലക്കുകയാണ്.സ്വന്തം നിലനില്‍പ്പിന്റെ കടയ്ക്കല്‍ കത്തിവയ്ക്കുകയാണ്.തിരിച്ചറിയുമ്പോഴേയ്ക്കും വളരെ വൈകിയിരിയ്ക്കും..

shortlink

Related Articles

Post Your Comments

Related Articles


Back to top button