NewsIndia

അറ്റ്ലാന്‍റിക് പ്രതിസന്ധി, ഓപ്പറേഷന്‍ ബ്ലാക്ക് ടൊര്‍ണാഡോ എന്നവയില്‍ പങ്കെടുത്ത വായുസേനാ യൂണിറ്റിന് പ്രസിഡന്‍റിന്‍റെ അംഗീകാരം

1999 ഓഗസ്റ്റിലെ അറ്റ്ലാന്‍റിക് പ്രതിസന്ധിയുടെ സമയത്തും, 2008 നവംബറിലെ മുംബൈ ഭീകരാക്രമണത്തിന്‍റെ സമയത്തും നിര്‍ണ്ണായകമായ ഇടപെടലുകള്‍ നടത്തിയ, ഗുജറാത്തിലെ ജാംനഗര്‍ ആസ്ഥാനമായുള്ള ഇന്ത്യന്‍ വായുസേനയുടെ ഹെലിക്കോപ്റ്റര്‍ യൂണിറ്റ് ഉള്‍പ്പെടെ വായുസേനയുടെ രണ്ട് യൂണിറ്റുകള്‍ക്ക് പ്രസിഡന്‍റ് പ്രണബ് മുഖര്‍ജി പ്രസിഡന്‍ഷ്യല്‍ സ്റ്റാന്‍ഡാര്‍ഡ് ആന്‍ഡ്‌ കളേഴ്സ് അവാര്‍ഡ് സമ്മാനിച്ചു. 28-എക്വിപ്പ്മെന്‍റ് ഡിപ്പോയ്ക്ക് പ്രസിഡന്‍ഷ്യല്‍ കളേഴ്സും, 119-ഹെലിക്കോപ്റ്റര്‍ യൂണിറ്റിന് പ്രസിഡന്‍ഷ്യല്‍ സ്റ്റാന്‍ഡാര്‍ഡുമാണ് ജാംനഗറിലെ എയര്‍ഫോഴ്സ് സ്റ്റേഷനില്‍ വച്ച് നടന്ന നിറപ്പകിട്ടാര്‍ന്ന ചടങ്ങില്‍ സമ്മാനിക്കപ്പെട്ടത്.

28-എക്വിപ്പ്മെന്‍റ് ഡിപ്പോയുടെ എയര്‍ ഓഫീസര്‍ കമാന്‍ഡിംഗ്, എയര്‍ കോമഡോര്‍ എന്‍ ആര്‍ ചിറ്റ്നിസും, 119-ഹെലിക്കോപ്റ്റര്‍ യൂണിറ്റിന്‍റെ വിശിഷ്ടസേവാ മെഡല്‍ ജേതാവും കമാന്‍ഡിംഗ് ഓഫീസറുമായ വിംഗ് കമാന്‍ഡര്‍ സുശീം ശിവചും അവരവരുടെ യൂണിറ്റുകള്‍ക്ക് വേണ്ടി പുരസ്ക്കാരങ്ങള്‍ ഏറ്റു വാങ്ങി.

“സ്റ്റാലിയന്‍സ്” എന്ന്‍കൂടി വിളിപ്പേരുള്ള 119-ഹെലിക്കോപ്റ്റര്‍ യൂണിറ്റ് ജാംനഗര്‍ ആസ്ഥാനമാക്കി Mi-17 V5 ഹെലിക്കോപ്റ്ററുകള്‍ ആണ് ഓപ്പറേറ്റ് ചെയ്യുന്നത്. 1999-ലെ അറ്റ്ലാന്‍റിക് പ്രതിസന്ധിയിലും, 2008-ല്‍ മുംബൈ ഭീകരാക്രമണത്തിനെതിരെ നടത്തിയ “ഓപ്പറേഷന്‍ ബ്ലാക്ക് ടൊര്‍ണാഡോ”യിലും 119-ഹെലിക്കോപ്റ്റര്‍ യൂണിറ്റ് നിര്‍ണ്ണായകമായ ഇടപെടലുകള്‍ നടത്തി. ഗുജറാത്തിന്‍റെ അതിര്‍ത്തി ലംഘിച്ച് ഉള്ളില്‍ക്കടന്ന പാക് വിമാനത്തെ വെടിവച്ചു വീഴ്ത്തിയതും 119-ഹെലിക്കോപ്റ്റര്‍ യൂണിറ്റാണ്. 18 വര്‍ഷം നീണ്ട സ്തുത്യര്‍ഹമായ സേവനങ്ങള്‍ക്ക് ശേഷമാണ് 119-ഹെലിക്കോപ്റ്റര്‍ യൂണിറ്റിന് ഇപ്പോള്‍ പ്രസിഡന്‍ഷ്യല്‍ അംഗീകാരം ലഭിച്ചിരിക്കുന്നത്.

മാര്‍ച്ച് 3, 1972-ല്‍ ഗുവാഹത്തിയിലാണ് 119-ഹെലിക്കോപ്റ്റര്‍ യൂണിറ്റ് ഒരു Mi-8 ഹെലിക്കോപ്റ്റര്‍ യൂണിറ്റായി സ്ഥാപിതമായത്. നാഗാലാ‌‍ന്‍ഡിലെ സായുധ കലാപം, അരുണാചല്‍ പ്രദേശില്‍ നടത്തിയ ഓപ്പറേഷന്‍ ഫാല്‍ക്കന്‍, ശ്രീലങ്കയില്‍ ഇന്ത്യ നടത്തിയ സമാധാന ദൌത്യം, മാലി ദ്വീപുകളില്‍ നടന്ന അട്ടിമറി ശ്രമം, 2004 സുനാമിയെ തുടര്‍ന്ന്‍ നടത്തിയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ അവസരങ്ങളിലെല്ലാം 119-ഹെലിക്കോപ്റ്റര്‍ യൂണിറ്റിന്‍റെ സേവനങ്ങള്‍ വിലപ്പെട്ടവയായിരുന്നു.

മദ്ധ്യപ്രദേശിലെ അംല ആസ്ഥാനമായുള്ള 28-എക്വിപ്പ്മെന്‍റ് ഡിപ്പോയാണ് വായുസേനക്കാവശ്യമുള്ള ആയുധങ്ങള്‍ ശേഖരിച്ച് സൂക്ഷിക്കുന്നതും ആവശ്യമായ സമയങ്ങളില്‍ വിതരണം ചെയ്യുന്നതും.

shortlink

Related Articles

Post Your Comments

Related Articles


Back to top button