NewsIndia

വിജയ് മല്യയ്ക്ക് എന്‍ഫോഴ്‌സ്‌മെന്റ് നോട്ടീസ്; 18 ന് മുന്‍പ് ഹാജരാകണം

ന്യൂഡല്‍ഹി: 9000 കോടി രൂപയുടെ ബാങ്ക് വായ്പകള്‍ തിരിച്ചടയ്ക്കാതെ ബ്രിട്ടനിലേക്കു മുങ്ങിയ മദ്യ വ്യവസായി വിജയ് മല്യയോട് ഈ മാസം 18ന് മുന്‍പ് മുംബൈയില്‍ ഹാജരാകാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നിര്‍ദേശം. ഐ.ഡി.ബി.ഐ ബാങ്കില്‍ നിന്നും എടുത്ത 900 കോടി രൂപയുടെ വായ്പയുമായി ബന്ധപ്പെട്ടാണിത്. മാര്‍ച്ച് രണ്ടിന് ഇന്ത്യ വിട്ട മല്യ ഇപ്പോള്‍ ബ്രിട്ടനിലാണുള്ളത്.

വിജയ് മല്യ 9000 കോടിയോളം രൂപ വായ്പയെടുത്ത 17 ബാങ്കുകളോടും ഇതുമായി ബന്ധപ്പെട്ട രേഖകള്‍ സമര്‍പ്പിക്കാനും എന്‍ഫോഴ്‌സ്‌മെന്റ് ആവശ്യപ്പെട്ടു. ഐ.ഡി.ബി.ഐ ബാങ്കിലെ വായ്പയുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച എന്‍ഫോഴ്‌സ്‌മെന്റ്, ബാങ്ക് ഉദ്യോഗസ്ഥര്‍ക്കും കിങ്ഫിഷര്‍ എയര്‍ലൈന്‍സ് ഉദ്യോഗസ്ഥര്‍ക്കും സമന്‍സ് അയച്ചിരുന്നു.

അതേസമയം, ഇന്ത്യയില്‍ നിന്ന് ഒളിച്ചോടിയിട്ടില്ലെന്ന് വിവാദ മദ്യവ്യവസായി വിജയ് മല്യ ട്വിറ്ററിലൂടെ പ്രതികരിച്ചിരുന്നു. തനിക്കെതിരെ മാധ്യമങ്ങള്‍ തെറ്റായ വാര്‍ത്തകളാണ് നല്‍കുന്നത്. രാജ്യസഭാംഗമായ താന്‍ ഇന്ത്യന്‍ ഭരണഘടനയെയും നിയമത്തെയും പൂര്‍ണമായി ബഹുമാനിക്കുന്നു. താനൊരു വ്യവസായിയാണ്. ഇന്ത്യയില്‍ നിന്ന് മറ്റു രാജ്യങ്ങളിലേക്കും യാത്ര ചെയ്യുന്നത് സ്വാഭാവികവുമാണ്.
കോടതിയുടെ വിചാരണ നേരിടാന്‍ താന്‍ തയ്യാറാണ്. എന്നാല്‍ മാധ്യമ വിചാരണ നേരിടില്ല. തനിക്കെതിരെ വാര്‍ത്തകള്‍ നല്‍കുന്ന മാധ്യമങ്ങള്‍ തന്റെ സല്‍ക്കാരങ്ങള്‍ സ്വീകരിച്ചിരുന്നതായും മല്യ ട്വിറ്ററിലൂടെ ആരോപിച്ചിരുന്നു.

shortlink

Post Your Comments


Back to top button