KeralaNews

ജയരാജന്റെ റിമാന്‍ഡ് നീട്ടി; ചോദ്യം ചെയ്യല്‍ വിവരങ്ങള്‍ പുറത്തുപോകരുതെന്ന് അഭ്യര്‍ത്ഥന

കണ്ണൂര്‍: കതിരൂര്‍ മനോജ് വധഗൂഢാലോചനക്കേസില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്റെ റിമാന്‍ഡ് ഏപ്രില്‍ എട്ടുവരെ നീട്ടി. തലശേരി സെഷന്‍സ് കോടതിയാണ് റിമാന്‍ഡ് നീട്ടിയത്. ജയിലില്‍ കഴിയുന്ന ജയരാജനെ വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് കോടതി നടപടികളില്‍ പങ്കെടുപ്പിച്ചത്.

അതിനിടെ ചോദ്യം ചെയ്യലിന്റെ വിവരങ്ങള്‍ പുറത്ത് എത്തുന്നത് തടയണമെന്ന് ജയരാജന്‍ കോടതിയോട് അഭ്യര്‍ത്ഥിച്ചു. എന്നാല്‍ ഇക്കാര്യത്തില്‍ കോടതി ഒരഭിപ്രായവും പ്രകടിപ്പിച്ചില്ല. സി.ബി.ഐയുടെ ചോദ്യം ചെയ്യല്‍ ഇന്ന് അവസാനിക്കാനിരിക്കെയാണ് ജയരാജന്‍ ആവശ്യം ഉന്നയിച്ചത്. മൂന്ന് ദിവസത്തേക്ക് രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് ആറ് വരെയായിരുന്നു ജയരാജനെ ചോദ്യം ചെയ്യാന്‍ അനുവദിച്ചിരുന്നത്.

എന്നാല്‍ ആദ്യ ദിവസം തന്നെ ഉച്ചയോടെയാണ് ജയരാജനെ ജയിലില്‍ എത്തിച്ചത്. മാത്രമല്ല ചോദ്യം ചെയ്യലിനോട് ജയരാജന്‍ സഹകരിക്കാതിരുന്നതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ സി.ബി.ഐയ്ക്ക് ലഭിച്ചിട്ടില്ല. ഇത് ചൂണ്ടിക്കാട്ടി ചോദ്യം ചെയ്യലിന് കൂടുതല്‍ സമയം അനുവദിക്കണമെന്ന് സി.ബി.ഐ ആവശ്യപ്പെട്ടേക്കുമെന്നാണ് സൂചന. അതിനിടെ ചോദ്യം ചെയ്യുമ്പോള്‍ കണ്ണൂര്‍ ജയില്‍സൂപ്രണ്ട് ജയരാജന് ഒപ്പം നില്‍ക്കുന്നത് വിവാദമായിരുന്നു.

shortlink

Post Your Comments


Back to top button