Editorial

“ജീവനകല” വെറും “കച്ചവടകല”യായി മാറുമ്പോള്‍

“ജീവിതത്തെ ആഘോഷിക്കുന്നു” എന്നതാണ് പണ്ഡിറ്റ്‌ ശ്രീ ശ്രീ രവിശങ്കറിന്‍റെ ജീവനകലയുടെ പ്രധാനപ്പെട്ട ഒരു പരസ്യവാചകം. സുദര്‍ശനക്രിയയിലൂന്നിയുള്ള ധ്യാന, പ്രാണായാമ മാര്‍ഗ്ഗങ്ങളിലൂടെ ശ്രീശ്രീയുടെ ജീവനകല ചുരുങ്ങിയ കാലം കൊണ്ട് നേടിയെടുത്ത ആഗോള പ്രശസ്തി വളരെ വലുതാണ്‌. ജീവനകല (ആര്‍ട്ട് ഓഫ് ലിവിംഗ്) 35-വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുന്ന അവസരത്തില്‍ യമുനയുടെ തീരത്ത് സംഘടിപ്പിക്കുന്ന “ലോക സംസ്കാരികോത്സവ”ത്തിലൂടെയാണ് ഇപ്പോള്‍ ശ്രീ ശ്രീയും ജീവനകലയും വാര്‍ത്തകളില്‍ നിറയുന്നത്. 155-രാജ്യങ്ങളില്‍ നിന്നായി, 35-ലക്ഷം ആളുകള്‍ ഈ മഹാമേളയില്‍ പങ്കെടുക്കുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. കോടികള്‍ പൊടിച്ചു നടത്തുന്ന ഈ “ധൂര്‍ത്തുത്സവത്തില്‍” സിംബാബ്‌വേ പ്രസിഡന്‍റ് റോബര്‍ട്ട് മുഗാബെയും, മുന്‍ പാക് പ്രധാനമന്ത്രി സയ്യദ് യൂസഫ്‌ റാസാ ഗീലാനിയും അടക്കമുള്ള പ്രശസ്തരും പങ്കെടുക്കും എന്നാണ് സംഘാടകര്‍ അവകാശപ്പെടുന്നത്.

ജീവനകലയുടെ 35-ആമത്തെയോ, 45-ആമത്തെയോ വാര്‍ഷികം ആഘോഷിക്കുന്നതോ, രാഷ്ട്രീയാഗ്രേസരായ ലോകനേതാക്കളെ അതില്‍ പങ്കെടുപ്പിക്കുന്നതോ ഒന്നും സാധാരണ ഗതിയില്‍ വിവാദമാകേണ്ട വിഷയങ്ങളല്ല. പക്ഷെ, ശ്രീ ശ്രീ സംഘടിപ്പിക്കുന്ന ഈ മഹാമേള ഒറ്റനോട്ടത്തില്‍ തന്നെ വളരെ വലിയ ഒരു ധൂര്‍ത്തും, ആഗോളതലത്തില്‍ സ്വയം പരസ്യപ്പെടുത്താനുള്ള ഒരു കച്ചവടതന്ത്രവുമാണെന്ന് നിസ്സംശയം പറയാം. ആധ്യാത്മികത വളരെ വലിയ ഒരു കച്ചവടമായ ഈ കാലഘട്ടത്തില്‍ ഇത്തരമൊരു പരിപാടിയിലൂടെ ലഭിക്കുന്ന ആഗോളശ്രദ്ധ തങ്ങള്‍ക്ക് വളരെ വലിയ ഒരു പരസ്യമായി മാറും എന്ന്‍ ശ്രീ ശ്രീയും കൂട്ടരും കരുതുന്നതിനേയും, ഇത്തരമൊരു പരിപാടി സംഘടിപ്പിക്കുന്നതിനേയും കുറ്റപ്പെടുത്തേണ്ടി വരുന്നത് അതിനായി അവലംബിച്ച മാര്‍ഗ്ഗങ്ങളെക്കുറിച്ച് അറിയുമ്പോഴാണ്.

യമുനാതീരത്തിന്‍റെ സ്വാഭാവികതയെ നശിപ്പിച്ചുകൊണ്ട് പടുത്തുയര്‍ത്തിയ കൂറ്റന്‍ വേദി തന്നെ 7 ഏക്കറോളം വരുന്ന ഒരു രാക്ഷസീയ നിര്‍മ്മിതിയാണ്‌. സംഘാടകര്‍ തന്നെ അവകാശപ്പെടുന്നത് ഇത് ലോകത്തിലെ തന്നെ ഏറ്റവും വലിയ ഇത്തരത്തിലുള്ള നിര്‍മ്മിതിയാണെന്നാണ്. സംസ്കാരികോത്സവത്തില്‍ പങ്കെടുക്കും എന്ന് കരുതുന്ന 35-ലക്ഷം ആളുകളെ ഉള്‍ക്കൊള്ളാനായി ആയിരം ഏക്കറോളം സ്ഥലമാണ് യമുനാതീരത്ത് ഒരുക്കിയിരിക്കുന്നത്. ഇതിനായി ഏക്കര്‍ കണക്കിന് കാര്‍ഷിക വിളകള്‍ നശിപ്പിക്കേണ്ടി വന്നു. ബന്ധപ്പെട്ട കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കിയിട്ടാണ് ഇങ്ങനെ ചെയ്തതെന്ന് ജീവനകലക്കാര്‍ പറയുന്നുണ്ടെങ്കിലും, വിളകള്‍ നശിപ്പിച്ച് നിരത്തിയെടുത്ത നിലം വീണ്ടും കൃഷിക്ക് പാകമാക്കുക എന്നത് ഭഗീരഥ പ്രയത്നം തന്നെ വേണ്ടിവരുന്ന ഒന്നാണ്. യമുനാതീരത്തെ കാര്‍ഷികവൃത്തി പഴയകാലത്തെ സമൃദ്ധിയുടെ ഒരു വിദൂരചിത്രമാണ് ഇപ്പോളെങ്കിലും, കാര്‍ഷിക മേഖലയ്ക്ക് ഇത്ര വലിയ ഒരാഘാതമേല്‍പ്പിക്കാന്‍ തങ്ങളുടെ കച്ചവട താല്‍പര്യമല്ലാതെ മറ്റെന്താണ് ശ്രീ ശ്രീയ്ക്കും ജീവനകലക്കാര്‍ക്കും പ്രചോദനമായത്?

യമുനാതീരത്തെ വേദിയിലേക്കുള്ള പാതയിലെ പൊടിപടലം നിയന്ത്രിക്കാന്‍ കഴിഞ്ഞ രണ്ടാഴ്ചയായി ജീവനകല പ്രവര്‍ത്തകര്‍ നിരന്തരമായി ഏക്കര്‍ കണക്കിന് സ്ഥലം വെള്ളമൊഴിച്ച് നനയ്ക്കുന്നതില്‍ വ്യാപൃതരായിരിക്കുകയാണ്. കാര്‍ഷികാവശ്യങ്ങള്‍ക്കും മറ്റ് ഗാര്‍ഹിക/സാമൂഹിക കാര്യങ്ങള്‍ക്കും ഉപയുക്തമാകേണ്ട ഗ്യാലന്‍ കണക്കിന് ജലം ഇങ്ങനെ പാഴായിപ്പോവുകയാണ്. തങ്ങള്‍ സംഘടിപ്പിക്കുന്ന ഈ പരിപാടിക്കായി ജീവനകലക്കാര്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡിന്‍റെ അനുമതി നേടിയിട്ടില്ല എന്നതും ഗൌരവമേറിയ ഒരു പിഴവാണ്. സംസ്കാരികോത്സവത്തിനായി ഒരുക്കുന്ന പടുകൂറ്റന്‍ സംവിധാനങ്ങള്‍ക്കായുള്ള മുന്നൊരുക്കങ്ങളുടെ ഭാഗമായി, യമുനാതീരത്തോട് ചേര്‍ന്ന്‍ വസിക്കുന്ന 1-ലക്ഷത്തിലേറെ കുടുംബങ്ങള്‍ക്കാണ് ഇപ്പോള്‍ ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വന്നിരിക്കുന്നത്. കീടങ്ങളുടേയും, അണുക്കളുടേയും ഭീഷണി ഒഴിവാക്കാന്‍ യമുനാതീരത്തും, യമുനയിലേക്ക് ഒഴുക്കികളയുന്ന മാലിന്യങ്ങളിലും “എന്‍സൈമുകള്‍” ചേര്‍ക്കാന്‍ ജീവനകലക്കാര്‍ തദ്ദേശവാസികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. പരിസ്ഥിതിയോടുള്ള തങ്ങളുടെ പരിഗണന മൂലമാണിതെന്ന് ഇവര്‍ വാടിക്കുന്നുണ്ടെങ്കിലും, കോടതിയുള്‍പ്പെടെ ഈ എന്‍സൈം കലര്‍ത്തല്‍ മൂലം ഭാവിയില്‍ ഉണ്ടാകാനിടയുള്ള പ്രത്യാഘാതങ്ങളെപ്പറ്റി ഉത്കണ്ഠ രേഖപ്പെടുത്തിയിരുന്നു. യമുനയിലെ ജലത്തില്‍ ജീവനകലക്കാര്‍ അനുമതിയില്ലാതെ 1000 ലിറ്റര്‍ എന്‍സൈം കലര്‍ത്തിയതിനെ ദേശീയ ഹരിത ട്രിബ്യൂണല്‍ രൂക്ഷമായി വിമര്‍ശിക്കുകയും ഇനി ഇതാവര്‍ത്തിക്കരുതെന്ന്‍ മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു.

ഏറ്റവുമൊടുവില്‍, പരിസ്ഥിതിക്കുണ്ടാകുന്ന ആഘാതം പരിഗണിച്ച് ദേശീയ ഹരിത ട്രിബ്യൂണല്‍ 5-കോടി രൂപ പിഴ കെട്ടിവയ്ക്കാന്‍ ആവശ്യപ്പെട്ടതിനെ ശ്രീ ശ്രീ രവിശങ്കര്‍ തിരസ്കരിക്കുകയാണ് ചെയ്തത്. പരിപാടിക്കായി അനുമതി നേടിയെടുക്കാന്‍ കൃതൃമ വിവരങ്ങള്‍ – 35 ലക്ഷം ആളുകള്‍ പങ്കെടുക്കും എന്ന്‍ പറയാതെ 3 ലക്ഷം എന്ന്‍ തെറ്റായ സംഖ്യ നല്‍കിയതുള്‍പ്പെടെ – ആണ് ജീവനകലക്കാര്‍ നല്‍കിയത് എന്ന് തെളിഞ്ഞിരുന്നു. ഇത്തരം കൃത്രിമത്വങ്ങള്‍ക്ക് പുറമേ, അധികാരപ്പെട്ട ഗവണ്മെന്‍റ് ഏജന്‍സികള്‍ ആവശ്യപ്പെടുന്ന നിയമപരമായ ഉറപ്പുകള്‍ പാലിക്കാതെ അതിനെ വെല്ലുവിളിക്കാനും കൂടിയാണ് ശ്രീ ശ്രീയുടെ തീരുമാനമെങ്കില്‍, അദ്ദേഹം സംഘടിപ്പിക്കുന്ന ഈ സാംസ്കാരിക ധൂര്‍ത്തിനെ ഇന്ത്യയിലെ സാമാന്യബോധമുള്ള ജനങ്ങള്‍ തള്ളിപ്പറയുക തന്നെ ചെയ്യും.

shortlink

Related Articles

Post Your Comments

Related Articles


Back to top button