NewsInternational

ദുബായ് രാജ്യാന്തര അശ്വമേള തീയതി തീരുമാനിച്ചു

ദുബായ്: പന്ത്രണ്ടാമതു ദുബായ് രാജ്യാന്തര അശ്വമേളയ്ക്ക് വേള്‍ഡ് ട്രേഡ് സെന്ററില്‍ മാര്‍ച്ച് 17 ന് തുടക്കമാകും. അറേബ്യന്‍ കുതിരകളുടെ ചാംപ്യന്‍ഷിപ്പിനോടനുബന്ധിച്ച് സംഘടിപ്പിച്ച അശ്വമേള 19 വരെ നീണ്ടുനില്‍ക്കും. ദുബായ് ഉപഭരണാധികാരിയും യുഎഇ ധനമന്ത്രിയുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ അധ്യക്ഷതയില്‍ നടക്കുന്ന മേളയില്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ പങ്കെടുക്കും. അറേബ്യന്‍ കുതിരകളുടെ പ്രദര്‍ശനത്തിനു പുറമേ കുതിരകളുടെ ചികില്‍സ, ഭക്ഷണം, അലങ്കാരങ്ങള്‍ തുടങ്ങിയ മേഖലകളുമായി ബന്ധപ്പെട്ട കമ്പനികളുടെ സ്റ്റാളുകളും മേളയില്‍ ഉണ്ടാകും.

പതിനഞ്ച് രാജ്യങ്ങളില്‍ നിന്നായി ഇരുനൂറിലേറെ സ്ഥാപനങ്ങള്‍ പങ്കെടുക്കുന്ന മേളയില്‍ ലോകത്തിലെ ഏറ്റവും വംശമഹിമയുള്ള കുതിരകളെയാണ് എത്തിയ്ക്കുകയെന്നു സംഘാടകസമിതി ചെയര്‍മാന്‍ സിയാദ് അബ്ദുള്ള ഗലദാരി പറഞ്ഞു. ബഹ്‌റൈന്‍, ഒമാന്‍, സ്‌പെയിന്‍, ഫ്രാന്‍സ്, ജര്‍മനി, റഷ്യ, കിര്‍ഗിസ്ഥാന്‍, ദക്ഷിണാഫ്രിക്ക, ഐസ്‌ലന്‍ഡ്, അയര്‍ലന്‍ഡ്, ഇറ്റലി, ഈജിപ്ത്, യുകെ, യുഎസ് ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെ കമ്പനികള്‍ക്കു സ്റ്റാളുകള്‍ ഉണ്ടാകും. കുതിരയുടമകള്‍, പരിശീലകര്‍, ആരോഗ്യവിദഗ്ധര്‍ എന്നിവരും മേളയ്‌ക്കെത്തും. മികച്ച കുതിരകളെ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി ഇതോടനുബന്ധിച്ച് ലേലം വിളിയും സംഘടിപ്പിക്കുന്നുണ്ട് . കൂടുതല്‍ വിവരങ്ങള്‍ക്ക് അശ്വമേളയുടെ വെബ്‌സൈറ്റ് സന്ദര്‍ശിക്കാം…. www.dihf.ae

shortlink

Related Articles

Post Your Comments

Related Articles


Back to top button