NewsInternational

ലോകത്തിലെ ഏറ്റവും മികച്ച അധ്യാപികയെ മാര്‍പ്പാപ്പ പ്രഖ്യാപിച്ചു

ദുബായ്: പലസ്തീനില്‍ ബത്‌ലേഹമിലെ അഭയാര്‍ത്ഥി ക്യാമ്പ-ില്‍ വളര്‍ന്ന ഹനാന്‍ അല്‍ ഹറൂബ് എന്ന അധ്യാപികയെ ലോകത്തിലെ ഏറ്റവും മികച്ച അധ്യാപികയായി ഫ്രാന്‍സിസ് മാര്‍പാപ്പ പ്രഖ്യാപിച്ചു. അധ്യാപനരംഗത്തെ നൊബേല്‍ പുരസ്‌കാരം എന്നു വിശേഷിപ്പിക്കപ്പെടുന്ന വര്‍ക്കി ഫൗണ്ടേഷന്‍ ഗ്ലോബല്‍ ടീച്ചര്‍ പ്രൈസ് ആണ് പലസ്തീനിലെ അധ്യാപിക ഹനാന്‍ അല്‍ ഹറൂബിന് ലഭിച്ചത്. പത്തുലക്ഷം ഡോളര്‍ സമ്മാനത്തുകയുള്ള പുരസ്‌കാരം യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം സമ്മാനിച്ചു. വര്‍ക്കി ഫൗണ്ടേഷന്‍ ഗ്ലോബല്‍ ടീച്ചര്‍ പ്രൈസ് വത്തിക്കാനില്‍ നിന്നുള്ള വിഡിയോ സന്ദേശത്തിലൂടെ ഫ്രാന്‍സിസ് മാര്‍പാപ്പയാണ് പ്രഖ്യാപിച്ചത്. അധ്യാപനരംഗത്തെ മികവും വെല്ലുവിളികള്‍ അതിജീവിച്ച് വിദ്യാഭ്യാസ രംഗത്തിനു നല്‍കിയ സംഭാവനകളും പരിഗണിച്ചാണ് പലസ്തീന്‍ അല്‍ ബിറെ സമീഹ ഖലീല്‍ ഹൈസ്‌കൂള്‍ അധ്യാപിക ഹനാനെ ഗ്ലോബല്‍ ടീച്ചര്‍ പുരസ്‌കാരത്തിനായി തിരഞ്ഞെടുത്തത്.

51 രാജ്യങ്ങളില്‍ നിന്നുള്ള 8000 പേരില്‍ നിന്നാണ് ജേതാവിനെ തിരഞ്ഞെടുത്തത്. ഇന്ത്യയില്‍ നിന്ന് റോബിന്‍ ചൗരസ്യ ഉള്‍പ്പെടെ യുകെ, യുഎസ്, ജപ്പാന്‍, ഓസ്‌ട്രേലിയ, ഫിന്‍ലന്‍ഡ്, കെനിയ, പാക്കിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും അവസാന പട്ടികയില്‍ ഉണ്ടായിരുന്ന പത്തുപേരില്‍ നിന്നാണ് ഹനാന്‍ അല്‍ ഹറൂബിനെ തെരഞ്ഞെടുത്തത്. സംഘര്‍ഷത്തിന്റെ നിരന്തര വേദിയായ പലസ്തീനില്‍ അക്രമത്തിനെതിരെ വിദ്യാര്‍ഥികളില്‍ അവബോധം സൃഷ്ടിക്കാന്‍ പ്രത്യേക മാര്‍ഗങ്ങള്‍ തന്നെ കണ്ടെത്തിയ ഹനാന്‍ പുതിയൊരു അധ്യാപന രീതി വാര്‍ത്തെടുക്കുകയായിരുന്നു. ഇതേക്കുറിച്ച് ഹനാന്‍ രചിച്ച ‘വി പ്ലേ ആന്‍ഡ് ലേണ്‍’ എന്ന പുസ്തകത്തില്‍ സംഘര്‍ഷത്തിന്റെ ക്രൗര്യം അനുഭവിക്കുന്ന കുട്ടികളുള്ള സമൂഹത്തില്‍ പഠനത്തിനായി എന്ത് മാര്‍ഗം സ്വീകരിക്കണം എന്നതിനെക്കുറിച്ചു വിശദീകരിക്കുന്നുണ്ട്. വിശ്വസ്തതയുടെയും സത്യസന്ധതയുടെയും സ്‌നേഹാധിഷ്ഠിത ബന്ധങ്ങളുടെയും പാഠം പകര്‍ന്ന ഹനാന്‍ അക്രമസംഭവങ്ങള്‍ പതിവായ മേഖലയിലെ സ്‌കൂളുകളില്‍ സംഘര്‍ഷം കുറയ്ക്കാന്‍ സഹായിക്കുന്ന അധ്യാപന മാര്‍ഗങ്ങള്‍ ആണ് സ്വീകരിച്ചിരുന്നത്. അധ്യാപനരീതികള്‍ പരിഷ്‌കരിക്കാനും ക്ലാസ് കൈകാര്യം ചെയ്യാന്‍ മികച്ച വിദ്യകളും ഹനാന്‍ വഴി മറ്റ് അധ്യാപകരും പഠിച്ചു. എല്ലാ അധ്യാപകര്‍ക്കും പ്രത്യേകിച്ച് പലസ്തീനിലുള്ള അധ്യാപകര്‍ക്കുള്ള അംഗീകാരമായി അവാര്‍ഡിനെ കരുതുന്നതായി അവാര്‍ഡ് സ്വീകരിച്ചശേഷം ഹനാന്‍ പറഞ്ഞു.

ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, ദുബായ് ഉപഭരണാധികാരി ഷെയ്ഖ് മക്തൂം ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, യുഎഇ ക്യാബിനറ്റ്കാര്യമന്ത്രി മുഹമ്മദ്ബിന്‍ അബ്ദുല്ല അല്‍ ഗര്‍ഗാവി, വര്‍ക്കി ഫൗണ്ടേഷന്‍ സ്ഥാപകന്‍ സണ്ണി വര്‍ക്കി, ഹോളിവുഡ് താരങ്ങളായ മാത്യു മക്കോഹെ, ഐവാന്‍ ഗ്രഫുഡ്, സല്‍മാ ഹയക്, ബോളിവുഡ് താരങ്ങളായ അഭിഷേക് ബച്ചന്‍, പരിനീതി ചോപ്ര, അക്ഷയ്കുമാര്‍ തുടങ്ങിയവര്‍ പുരസ്‌കാര ദാന ചടങ്ങില്‍ പങ്കെടുത്തു. യുഎസ് മുന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റന്‍, യുഎസ് വൈസ് പ്രസിഡന്റ് ജോ ബൈഡന്‍, ബ്രിട്ടനിലെ വില്യം രാജകുമാരന്‍, ശാസ്ത്ര പ്രതിഭ സ്റ്റീഫന്‍ ഹോക്കിന്‍സ് തുടങ്ങിയവര്‍ വിഡിയോയില്‍ സന്ദേശം നല്‍കി. വിദ്യാഭ്യാസമേഖലയുടെ ഉന്നമനത്തിനായി വര്‍ക്കി ഫൗണ്ടേഷന്‍ നടപ്പാക്കിവരുന്ന പദ്ധതികളുടെ ഭാഗമായാണ് ഗ്ലോബല്‍ ടീച്ചര്‍ പ്രൈസ് നല്‍കുന്നത് . വീഡിയോ കാണാം…

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button