NewsInternational

സ്വദേശിയുടെ കൊലപാതകം: യുവതിയ്ക്ക് തടവ്

ദുബായ്: അനാശാസ്യത്തെ തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ ഫ്‌ളാറ്റിന് തീകൊളുത്തി കണ്ണൂര്‍ സ്വദേശിയായ യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ 28കാരിയായ ബംഗ്ലാദേശ് യുവതിക്ക് ദുബൈ കോടതി 15 വര്‍ഷം തടവുശിക്ഷ വിധിച്ചു. പഴയങ്ങാടി മാടായി പഞ്ചായത്ത് വെങ്ങര സ്വദേശി പറത്തി രാഹുല്‍ (39) മരിച്ച കേസിലാണ് ശിക്ഷ. അനാശാസ്യത്തെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. വേശ്യാവൃത്തിയില്‍ ഏര്‍പ്പെട്ടതിന് ബംഗ്ലാദേശ് സ്വദേശിയായ 25കാരിക്കും അനാശാസ്യ കേന്ദ്രം നടത്തിയിരുന്ന 45 വയസ്സുള്ള ഇന്ത്യക്കാരിക്കും മൂന്ന് വര്‍ഷം വീതം തടവുശിക്ഷ വിധിച്ചിട്ടുണ്ട്.

2015 ഏപ്രില്‍ മൂന്നിന് രാത്രി പത്തുമണിയോടെ ഖിസൈസ് ലുലു വില്ലേജിന് പുറകുവശത്തെ ഫ്‌ളാറ്റിലുണ്ടായ തീപിടിത്തത്തിലാണ് രാഹുല്‍ മരിച്ചത്. സിഗരറ്റ് കുറ്റിയില്‍ നിന്ന് തീപടര്‍ന്നുണ്ടായ അപകടത്തില്‍ ശ്വാസംമുട്ടി മരിച്ചുവെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാല്‍ കെട്ടിടത്തിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് വ്യക്തമായത്.

സംഭവദിവസം വൈകിട്ട് രാഹുലിന്റെ രണ്ട് സുഹൃത്തുക്കളും രണ്ട് യുവതികളും ഫ്‌ളാറ്റിലത്തെിയിരുന്നു. ഹോര്‍ലാന്‍സ് കേന്ദ്രീകരിച്ച് അനാശാസ്യ പ്രവര്‍ത്തനം നടത്തുന്നവരായിരുന്നു യുവതികള്‍. രാത്രി 7.30 ഓടെ രണ്ട് സുഹൃത്തുക്കളും ഒരു യുവതിയും പുറത്തേക്ക് പോകുന്നത് ദൃശ്യങ്ങളിലുണ്ട്. രാത്രി 10 മണിയോടെ ഫ്‌ളാറ്റിലുണ്ടായിരുന്ന യുവതിയും മദ്യലഹരിയിലായിരുന്ന രാഹുലും തമ്മില്‍ തര്‍ക്കമുണ്ടായി. തുടര്‍ന്ന് യുവതി രാഹുലിനെ തള്ളിയിട്ട് കിടപ്പുമുറി പുറത്തുനിന്ന് പൂട്ടി. വീട് പരിശോധിച്ച് സ്വര്‍ണാഭരണങ്ങളും ഇലക്ട്രോണിക് ഉപകരണങ്ങളും കവര്‍ന്നു. തുടര്‍ന്ന് അലമാരയില്‍ നിന്ന് വസ്ത്രങ്ങള്‍ എടുത്ത് കിടപ്പുമുറിയോട് ചേര്‍ന്ന ബാല്‍ക്കണിയിലിട്ട് തീയിട്ട ശേഷം വീട് പുറത്തുനിന്ന് പൂട്ടി ഹോര്‍ലാന്‍സിലെ താമസസ്ഥലത്തേക്ക് മടങ്ങി. വീടുമുഴുവന്‍ പുക നിറഞ്ഞ് ശ്വാസം മുട്ടി രാഹുല്‍ മരണമടയുകയായിരുന്നുവെന്ന് പൊലീസ് കണ്ടെത്തി.

സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പൊലീസ് സുഹൃത്തുക്കളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. തുടര്‍ന്ന് ഹോര്‍ലാന്‍സില്‍ നടത്തിയ പരിശോധനയില്‍ രണ്ട് യുവതികളെയും അനാശാസ്യകേന്ദ്രം നടത്തിപ്പുകാരിയെയും അറസ്റ്റ് ചെയ്യുകയായിരുന്നു. എന്നാല്‍ ഫ്‌ളാറ്റിന് താന്‍ തീയിട്ടില്ലെന്ന് പ്രതിയായ യുവതി കോടതിയില്‍ വാദിച്ചു. ഹൗസ്‌മെയ്ഡായി ജോലിചെയ്യുന്ന താന്‍ അനാശാസ്യ കേന്ദ്രം നടത്തിപ്പുകാരിയുടെ നിര്‍ബന്ധത്തെ തുടര്‍ന്നാണ് രാഹുലിന്റെ ഫ്‌ളാറ്റിലത്തെിയതെന്നും വാഗ്ദാനം ചെയ്തിരുന്ന പണം നല്‍കാതിരുന്നതിനെ തുടര്‍ന്ന് സ്വര്‍ണാഭരണങ്ങളും മൊബൈല്‍ ഫോണുകളും കവര്‍ന്ന് താന്‍ ഫ്‌ളാറ്റില്‍ നിന്നിറങ്ങിയാതായും ഇവര്‍ പറഞ്ഞു. പിന്നീട് നടന്നതിനെക്കുറിച്ച് തനിക്കറിയില്ലെന്നായിരുന്നു യുവതിയുടെ നിലപാട്. എന്നാല്‍ യുവതി പുറത്തിറങ്ങിയ ഉടന്‍ ഫ്‌ളാറ്റിന് തീപിടിക്കുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ തെളിവായെടുത്താണ് കോടതി ശിക്ഷ വിധിച്ചിരിക്കുന്നത്. മൂന്നുപേരെയും ശിക്ഷാ കാലാവധിക്ക് ശേഷം നാടുകടത്തും. 15 ദിവസത്തിനകം പ്രതികള്‍ക്ക് അപ്പീല്‍ സമര്‍പ്പിക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button