South IndiaWeekened GetawaysPilgrimageHill StationsTravelPhoto Story

ജന്മ സാഫല്യം കൈവന്ന നിമിഷങ്ങള്‍ ..കുടജാദ്രിയിലൂടെ…

ഒരു പുഴയോളം തണുത്ത പുണ്യ തീര്‍ത്ഥം ശിരസ്സില്‍ അഭിഷേകം ചെയ്യുമ്പോള്‍ കിട്ടുന്ന അനുഭൂതി വായുവില്‍ ഒളിപ്പിച്ചു വെച്ച് , ആത്മാനുഭൂതിയുടെ നിമിഷങ്ങളെ പ്രാപിക്കാന്‍ മലകയറി വരുന്ന ആത്മാന്വേഷികള്‍ക്ക് ഒരു നനുത്ത കാറ്റിന്റെ തലോടലിലൂടെ അതാവോളം പ്രദാനം ചെയ്യുന്ന വിസ്മയിപ്പിക്കുന്ന പുണ്യ ഭൂമി..സൂര്യ പ്രഭയാല്‍ ചുവന്നു കുളിച്ചു നില്‍ക്കുന്ന സര്‍വജ്ഞ പീഠത്തിന്റെ ചിത്രം ,വര്‍ണ്ണിക്കാന്‍ വാക്കുകളില്ലാതെ മനസ്സില്‍ വെമ്പല്‍ കൊള്ളുന്നു..

മൂകാംബിക ക്ഷേത്ര സന്നിധിയില്‍ മനസ്സും ശരീരവും ശുദ്ധമാക്കി, നടക്കല്‍ സാഷ്ടാംഗം പ്രണമിച്ചു , അകലെയുള്ള സഹ്യന്റെ ശിരസ്സില്‍ നിലകൊള്ളുന്ന കുടജാദ്രിയിലേക്ക് , ദിഗ്വിജയങ്ങളുടെ പാരമ്യത്തില്‍, ജ്ഞാനത്തിന്റെ കൊടുമുടിയില്‍ സര്‍വജ്ഞ പീഠം സ്വായത്തമാക്കിയ ശങ്കരാചര്യരുടെ കാലടികളാല്‍ കാലങ്ങള്‍ക്ക് മുന്നേ ധന്യമാക്കപ്പെട്ട വഴികളിലൂടെ ജീപ്പില്‍ ആരംഭിച്ച യാത്ര വാക്കാല്‍ വര്‍ണ്ണിക്കാന്‍ കഴിയാത്ത ഒരപൂര്‍വ അനുഭൂതി ആയിരുന്നു..വാഹനങ്ങള്‍ക്ക് അപൂര്‍വമായി കടന്നു ചെല്ലാന്‍ കഴിയുന്ന കുണ്ടുകളും കുഴികളും അസാധാരണ വളവുകളും , കുത്തനെയുള്ള ചരിവുകളും, ചെങ്കുത്തായ മലനിരകളുടെ അരികിലൂടെ ശ്വാസം അടക്കി പിടിച്ചുള്ള ഉള്ള അതിസാഹസിക യാത്രകളും എല്ലാം അങ്ങോട്ടുള്ള വഴിയില്‍ പുത്തന്‍ അനുഭവങ്ങളുടെ ഒരു നീണ്ട നിര തന്നെ സമ്മാനിക്കുകയുണ്ടായി..ഒടിവുകളും, വളവുകളും ,ചരിവുകളും, അനായാസം താണ്ടുന്ന ജീപ്പ് ഡ്രൈവര്‍മാര്‍ ആദ്യമായി അമ്പരപ്പ് സമ്മാനിച്ചതിനും ഈ യാത്ര ദൃക്സാക്ഷിയായി മാറി..നാല്പതോളം കിലോമീറ്റര്‍ യാത്ര ചെയ്തതിനു ശേഷം ചെറിയ ചില അമ്പലങ്ങള്‍ സ്വാഗതമോതുന്ന ഒരു കുന്നിന്‍ ചെരിവില്‍ ചെന്നവസാനിച്ച ജീപ്പ് യാത്രക്ക് ശേഷം വേണമായിരുന്നു ആദി ശങ്കരന്റെ തപസ്സ് പൂര്‍ണതയില്‍ എത്തിച്ച സ്ഥലമെന്ന ഖ്യാതി വഹിക്കുന്ന സര്‍വജ്ഞ പീഠത്തിലേക്കുള്ള പ്രയാണം ആരംഭിക്കേണ്ടിയിരുന്നത്..

വളരെ തണുത്ത ജലത്താല്‍ സമൃദ്ധമായ ,വളരെ പ്രത്യേകതകള്‍ അനുഭവപ്പെട്ട ഒരു ചെറിയ കുളത്തിന്റെ സമീപത്തു നിന്നാണ് വന സൗന്ദര്യവും , പാറകളും , ചെങ്കുത്തായ താഴ്‌വാരകളും , സുദീര്‍ഘമായ മണ്‍ പാതകളും , പ്രകൃതിയുടെ ദീര്‍ഘ നിശ്വാസങ്ങളും നിറഞ്ഞ , സര്‍വജ്ഞ പീഠത്തിലേക്കുള്ള യാത്ര ആരംഭിക്കുന്നത്..ദേവിയുടെ കാലടികളില്‍ നിന്നുതിരുന്ന ആ ചെറിയ കുളത്തിലെ ജലം കൈകുമ്പിളില്‍ കോരിയെടുത്തു ശിരസ്സിലൂടെ സ്വയം അഭിഷേകം ചെയ്യുമ്പോള്‍ അവിസ്മരണീയമായ ഒരനുഭൂതി ആത്മാവില്‍ പ്രകമ്പനം കൊണ്ടത് പോലെ..
നീട്ടി വെച്ച കാലടികള്‍ കൊടുമുടിയുടെ അഗ്രം ലക്ഷ്യമാക്കി നീങ്ങാന്‍ തുടങ്ങവേ സൂര്യന്‍ തന്റെ പ്രഭ പോലും സ്വയം കുറച്ചു കൊണ്ട് അനുഗ്രഹാശിരസ്സുകള്‍ ,തന്നത് പോലെ അനുഭവപ്പെടുന്നുണ്ടായിരുന്നു..സന്ധ്യ മയങ്ങാന്‍ തുടങ്ങുന്ന വേളയില്‍ വാമഭാഗത്തിന്റെ കരങ്ങള്‍ മുറുകെ പിടിച്ചു കൊണ്ട് പതിയെ ആരംഭിച്ച യാത്ര അപൂര്‍വമായ നിമിഷങ്ങളിലേക്ക് ഞങ്ങളെ വലിച്ചടുപ്പിക്കുകായായിരുന്നു. മുഖത്തു പ്രകടമായി കണ്ട ക്ഷീണത്തിന്റെ ലാഞ്ചന കണ്ടില്ലെന്നു നടിച്ചു ഞങ്ങള്‍ ഉയരങ്ങളെ ലക്ഷ്യം വെച്ച് പതിയെ യാത്ര ആരംഭിച്ചു. ഇഴഞ്ഞു നീങ്ങുന്ന നിമിഷങ്ങളും ,നീണ്ട യാത്രയുടെ ക്ഷീണവും , ചെറുതെങ്കിലും ചെറു ചൂടാല്‍ മൂടുന്ന സൂര്യ കിരണങ്ങളും യാത്രയുടെ ദൈര്‍ഘ്യം വര്‍ദ്ധിപ്പിച്ചു എന്ന തോന്നല്‍ ഉണ്ടാക്കിക്കൊണ്ടിരുന്നു. എങ്കിലും, അടുക്കും തോറും പ്രകൃതിയുടെ വാത്സല്യം നിറഞ്ഞ സ്പര്‍ശങ്ങള്‍ കണ്ണില്‍ വന്നടിക്കുമ്പോള്‍ പൂര്‍വാധികം ഉത്സാഹത്തോടെ കാലടികള്‍ നീണ്ട പാതയെ അതിവേഗം പിന്നിലാക്കി ലക്ഷ്യത്തിലേക്ക് സഞ്ചരിക്കാന്‍ ആരംഭിച്ചു.

അകലെ ദര്‍ശിക്കുന്ന , മലമുകളില്‍ പ്രതിഷ്ഠിടിച്ച ശങ്കര ചൈതന്യം മുറ്റി നില്‍ക്കുന്ന ഗോപുര നടയുടെ ദര്‍ശനം നെഞ്ചിടിപ്പിന്റെ താളത്തെ വേഗത്തിലാക്കിയോ. ? .നിറഞ്ഞ മനസ്സോടെ ആഹ്ലാദം തുടിക്കുന്ന ഹൃദയത്തോടെ ഞങ്ങളാ യാത്രക്കാവസാനം പുണ്യഭൂമിയില്‍ സ്പര്‍ശിച്ച കാലടികളുടെ ഭാഗ്യത്തെ ഈശ്വര സ്തുതികളാല്‍ പ്രകീര്‍ത്തിച്ചു കൊണ്ട് ആ ധന്യ നിമിഷത്തിന്റെ വിസ്മൃതിയില്‍ സ്വയം ലയിച്ച് ഇല്ലാതായി , കൈകള്‍ ഇരുവശങ്ങളിലേക്കും വിടര്‍ത്തി , മുഖം ആകാശത്തെക്കുയര്‍ത്തി , നിറഞ്ഞു നില്‍കുന്ന പ്രകൃതിയുടെ സൌന്ദര്യവും , സൌരഭ്യവും നിമിഷങ്ങളോളം ആസ്വദിച്ച് നിന്ന നേരം ജീവിതത്തിന്റെ ലക്ഷ്യങ്ങളും , വ്യാവഹാരിക ജീവിതത്തിന്റെ നിസ്സഹായതയും , നിരര്‍ത്ഥകമായ ചിന്തകളുടെ കപടതയും ഒരു മിന്നല്‍ വെളിച്ചം പോലെ മനസ്സില്‍ പിറവി കൊണ്ട് ഞൊടിയിടയില്‍ മറഞ്ഞത് ഞാന്‍ വ്യക്തമായി അറിഞ്ഞു. ചുവന്ന സൂര്യ പ്രഭയെ മുഖത്തൊരാവരണമായി പ്രതിഷ്ഠിച്ചു നിസ്സംഗനായി അധികം നേരം നില്‍ക്കുവാന്‍ പ്രകൃതിയും വിസമ്മതം പ്രകടിപ്പിച്ചുവോ..സ്വപ്ന തുല്യമായ അനുഭൂതിയില്‍ നിന്നും പതിയെ ഉണര്‍ന്നു ,നഷ്ട്ടബോധത്തില്‍ നിന്നും ഉടലെടുത്ത ഒരു കണ്ണുനീര്‍ കണിക ആചാര്യ സന്നിധിയില്‍ അര്‍പ്പിച്ചു ആരംഭം ലക്ഷ്യമാക്കി ഞങ്ങള്‍ വീണ്ടും പദയാത്ര തുടര്‍ന്നു..

ചുവന്ന രശ്മികളാല്‍ സൂര്യന്‍ ,സന്ധ്യയുടെ മെയ്യില്‍ തിളങ്ങുന്ന പട്ടുടുപ്പിക്കുന്ന നയന മനോഹര ദൃശ്യങ്ങളെയും , ഇരുട്ടിന്റെ ആഴത്തിലേക്ക് വീഴാന്‍ തുടങ്ങുന്ന വന സൗന്ദര്യത്തിന്റെ മനം മയക്കുന്ന കാഴ്ചകളുടെയും , പിന്നില്‍എങ്ങോ മറഞ്ഞു പോയ അനുഭൂതിയുടെ , മനസ്സു നിറക്കുന്ന ഓര്‍മ്മകളെയും ഹൃദയത്തിലേറ്റി കൊണ്ട് ഞങ്ങള്‍ മടക്ക യാത്ര തുടര്‍ന്നു .ചാരിതാര്‍ത്ഥ്യത്തോടെ…

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button