Sports

ഇന്ത്യയുടെ തോല്‍വിയുടെ കാരണം

മുംബൈ: രണ്ട് നോബോളാണ് ഇന്നത്തെ മല്‍സരത്തില്‍ ഇന്ത്യയെ തോല്‍പ്പിച്ചത്. ആദ്യത്തെ നോബോള്‍ അശ്വിന്‍ എറിഞ്ഞപ്പോള്‍ രണ്ടാം നോബോള്‍ ഹാര്‍ദിക് പാണ്ഡ്യയുടെ വക. കളിയിലെ കേമനായി മാറിയ സിമ്മണ്‍സാണ് രണ്ടു നോബോളിന്റെയും ഗുണഭോക്താവ്. സിമ്മണ്‍സ് 51 പന്തില്‍ നിന്നും ഏഴു ബൗണ്ടറികളും അഞ്ചു സിക്‌സും സഹിതം 83 റണ്‍സെടുത്ത് വെസ്റ്റ് ഇന്‍ഡീസിന്റെ വിജയശില്‍പിയും കളിയിലെ കേമനുമായി. രണ്ടു തവണ അദ്ഭുതകരമായി പുറത്താകലില്‍ നിന്ന് രക്ഷപ്പെട്ടാണ് അദ്ദേഹം 83 റണ്‍സ് നേടിയത്.

ബുംറ സിമ്മണ്‍സിനെ അശ്വിന്റെ പന്തില്‍ പറന്നു പിടിച്ചെങ്കിലും റീപ്ലേയില്‍ നോബോളാണെന്ന് തെളിഞ്ഞു. അപ്പോള്‍ സിമ്മണ്‍സിന്റെ സ്‌കോര്‍ 18. സിമ്മണ്‍സ് 50ല്‍ നില്‍ക്കെ പാണ്ഡ്യയുടെ പന്തില്‍ അശ്വിന്‍ ക്യാച്ചെടുത്തെങ്കിലും അതും നോബാളായിരുന്നെന്ന് റീപ്ലേയില്‍ വ്യക്തം. പുറത്താകേണ്ടിയിരുന്ന സിമ്മണ്‍സ് തിരിച്ചുകയറിയത് ടീമിന് വിജയം സമ്മാനിച്ചുകൊണ്ടായിരുന്നു. ഇന്ത്യയാകട്ടെ ഇന്നിങ്‌സില്‍ ആകെ വഴങ്ങിയത് ഈ രണ്ടു നോബോളുകള്‍ മാത്രം.

ജഡേജയും കോഹ്ലിയും ചേര്‍ന്ന് സാഹസികമായി സിമ്മണ്‍സിനെ ബൗണ്ടറിക്കരികില്‍ കൈയിലൊതുക്കിയപ്പോഴും ഭാഗ്യം വിന്‍ഡീസിനൊപ്പമായിരുന്നു. പന്ത് കൈയിലൊതുക്കിയ ജഡേജ അത് കോഹ്ലിക്ക് മറിച്ചെങ്കിലും അതിന് മുന്‍പേ ജഡേജയുടെ കാല്‍ ബൗണ്ടറി ലൈനില്‍ സ്പര്‍ശിച്ചു.

shortlink

Post Your Comments


Back to top button