Kerala

101 തവണ സ്വന്തം ശരീരത്തിലൂടെ ജീപ്പ്‌ കയറ്റിയിറക്കി ഗിന്നസിലേയ്ക്ക്

ശരീരത്തിലൂടെ 101 തവണ ജീപ്പ്‌ കയറ്റിയിറക്കി ലോക റെക്കോഡ്‌ തിരുത്തിക്കുറിക്കാന്‍ ഒരുങ്ങുകയാണ്‌ റോജി ആന്റണി. വിഷു ആഘോഷങ്ങളുടെ ഭാഗമായി ഇന്റഗ്രേറ്റഡ്‌ മാര്‍ഷല്‍ ആര്‍ട്‌സ്‌ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ ഞായറാഴ്‌ച ഉച്ചകഴിഞ്ഞു മൂന്നിന്‌ ചിറക്കടവ്‌ പഞ്ചായത്ത്‌ മഹാത്മാഗാന്ധി ടൗണ്‍ഹാള്‍ മിനി സ്‌റ്റേഡിയത്തിലാണ്‌ പ്രകടനം നടക്കുകയെന്നു ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
കരാട്ടേ, ബോക്‌സിങ്‌ തുടങ്ങിയ അഭ്യാസപ്രകടനങ്ങിലൂടെ ഇന്ത്യയിലും വിദേശത്തുമടക്കം നിരവധി അംഗീകാരങ്ങള്‍ പൊന്‍കുന്നം സ്വദേശിയായ റോജിയെ തേടിയെത്തിയിട്ടുണ്ട്‌. ലോക റെക്കോഡിലേക്കു പരിഗണിക്കുന്നതിന്റെ ഭാഗമായി യൂണിവേഴ്‌സല്‍ റെക്കോഡ്‌ ഫോറത്തിന്റെ പ്രതിനിധി സുനില്‍ ജോസഫ്‌ ചടങ്ങ്‌ വീക്ഷിക്കാനും വിലയിരുത്തുന്നതിനുമായെത്തും.
ഗിന്നസ്‌ ബുക്കില്‍ നിലവില്‍ 3,000 കിലോ ഭാരമുള്ള വാഹനം എട്ടു പ്രാവശ്യവും 4,000 കിലോ ഭാരമുള്ള വാഹനം ഒരു തവണയും തുടര്‍ച്ചയായി ദേഹത്തുകൂടി കയറ്റിയിറക്കിയ യൂറോപ്യന്‍ പൗരന്റെ പേരിലാണ്‌ നിലവിലെ ഗിന്നസ്‌ റെക്കോഡ്‌.

50 വയസുകാരനായ റോജി കഴിഞ്ഞ 33 വര്‍ഷമായി ആയോധന കലാരംഗത്തു സജീവമാണ്‌. ഒക്‌നോവ ഷ്വോറിന്‍ റിയു റിയോകാന്‍ കരാട്ടേ അസോസിയോഷന്‍ ഓഫ്‌ ഇന്ത്യയുടെ ചീഫ്‌ ഇന്‍സ്‌ട്രക്‌ടര്‍ കൂടിയാണ്‌ റോജി. ലിംകാ ബുക്ക്‌ ഓഫ്‌ വേള്‍ഡ്‌ റിക്കാര്‍ഡ്‌, യൂണിവേഴ്‌സല്‍ റിക്കാര്‍ഡ്‌ ഫോറം, റിക്കാര്‍ഡ്‌ സെക്‌ടര്‍ യു.എസ്‌.എ. എന്നിവയില്‍ പൊന്‍കുന്നത്തെ പ്രകടനത്തോടെ റെക്കോഡിടാന്‍ കഴിയുമെന്നാണു പ്രതീക്ഷ. കന്യാകുമാരി മുതല്‍ കശ്‌മീര്‍ വരെ സൈക്കിള്‍ യാത്ര നടത്തിയിട്ടുള്ള റോജി കര്‍ണാടക ബോക്‌സിങ്‌ ചാമ്പ്യനാണ്‌.

shortlink

Related Articles

Post Your Comments

Related Articles


Back to top button