NewsInternational

പ്രതീക്ഷകള്‍ക്ക് വക നല്‍കുന്ന പ്രധാനമന്ത്രിയുടെ സൗദി സന്ദര്‍ശനം നാളെയും മറ്റന്നാളും

ദുബായ്: പ്രധാനമന്ത്രി നരേന്ദ്രമോദി രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി നാളെ സൗദിഅറേബ്യയിലെത്തും

ഒരു വര്‍ഷത്തിനകം മോദി സന്ദര്‍ശിക്കുന്ന രണ്ടാമത്തെ ഗള്‍ഫ് രാജ്യമാണിത്. പശ്ചിമേഷ്യന്‍ രാജ്യങ്ങളുമായുള്ള നയതന്ത്രബന്ധവും നിക്ഷേപ-വ്യാപാര സാധ്യതകളും മെച്ചപ്പെടുത്താനുള്ള കേന്ദ്രപദ്ധതികളുടെ തുടര്‍ച്ചയായാണ് സന്ദര്‍ശനം. സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ ക്ഷണമനുസരിച്ചാണ് മോദി എത്തുന്നത്.

കഴിഞ്ഞ ആഗസ്റ്റില്‍ യു.എ.ഇ സന്ദര്‍ശിച്ച മോദി നിര്‍ണായകമായ ചില കരാറുകള്‍ക്ക് രൂപം നല്‍കിയാണ് മടങ്ങിയത്. അറബ് മേഖലയില്‍ ഇപ്പോഴും കത്തിനില്‍ക്കുന്ന സംഘര്‍ഷങ്ങളും ഭീകരപ്രവര്‍ത്തനങ്ങളും ചെറുക്കുന്നതില്‍ ഇസ്ലാമിക രാജ്യങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് സൗദിയാണ്. മുപ്പതോളം രാജ്യങ്ങളെ അണിനിരത്തി സൗദിയുടെ നേതൃത്വത്തിലുള്ള സൈനിക സഖ്യത്തിന്റെ ആസൂത്രണവും നേതൃത്വവും സൗദി തന്നെയാണ് വഹിക്കുന്നത്. ഈ പശ്ചാത്തലത്തിലാണ് മോദി സൗദിയിലെത്തുന്നതെന്നാണ് സന്ദര്‍ശനത്തിന്റെ പ്രസക്തി വര്‍ധിപ്പിക്കുന്നത്.

പ്രധാനമന്ത്രിയായ ശേഷം 2014 നവംബറില്‍ ആസ്‌ട്രേലിയായിലെ ബ്രിസ്‌ബെയ്‌നില്‍ നടന്ന ജി-20 രാജ്യങ്ങളുടെ സമ്മേളത്തിനിടയില്‍ സൗദി രാജാവുമായി മോദി ചര്‍ച്ച നടത്തിയിരുന്നു. സൗദിയുടെ സുഹൃദ് രാജ്യങ്ങളുടെ സുഹൃത്ത് എന്നാണ് സൗദി രാജാവ് അന്ന് മോദിയെ വിശേഷിപ്പിച്ചത്.

മോദി സൗദി സന്ദര്‍ശിക്കുമ്പോള്‍ മേഖലയെ സ്പര്‍ശിക്കുന്ന ഒരുപാട് വിഷയങ്ങള്‍ സജീവമായി നിലനില്‍ക്കുന്നു. സിറിയ,യെമന്‍,ഐ.എസ്, വിഷയങ്ങള്‍ തന്നെയാണ് ഇതില്‍ പ്രധാനം. രാജ്യങ്ങളുടെ സുരക്ഷയ്ക്ക് ഏറെ വെല്ലുവിളി ഉയര്‍ത്തുന്ന ഐ.എസിന്റെ ഭീകരവാദത്തെ ചെറുക്കാന്‍ സൗദി എല്ലാവരുടേയും സഹകരണവും സഹായവും ആഗ്രഹിക്കുന്നുണ്ട്.

എണ്ണ വില കുറഞ്ഞ സാഹചര്യവും ചര്‍ച്ചാവിഷയമാകും. ഇന്ത്യയുടെ ആവശ്യത്തിനുള്ള അസംസ്‌കൃത എണ്ണ നല്‍കുന്നതില്‍ ഒന്നാംസ്ഥാനത്താണ് സൗദി. ഇന്ത്യക്ക് ആവശ്യമായ അസംസ്‌കൃത എണ്ണയുടെ അഞ്ചിലൊന്ന് സൗദിയില്‍ നിന്നാണ്.

അതേസമയം, സൗദി സ്വദേശവത്ക്കരണവുമായി മുന്നോട്ട് പോകുമ്പോള്‍ ആയിരക്കണക്കിന് ഇന്ത്യക്കാരുടെ തൊഴില്‍ അനിശ്ചിതത്വത്തിലായിട്ടുണ്ട്. ഈ വിഷയത്തില്‍ ഇന്ത്യയോട് കൂടുതല്‍ അനുഭാവപൂര്‍ണമായ സമീപനത്തിന് സന്ദര്‍ശനം വഴിവെക്കുമോ എന്ന് പ്രവാസിലോകം പ്രതാക്ഷയോടെ നോക്കുന്നുണ്ട്‌

shortlink

Related Articles

Post Your Comments

Related Articles


Back to top button