Kerala

വിദ്യാഭ്യാസ യോഗ്യത വ്യാജമെന്ന് മന്ത്രി ജയലക്ഷ്മിയുടെ കുറ്റസമ്മതം

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രികയിൽ വിദ്യാഭ്യാസ യോഗ്യത തെറ്റായി ചേർത്തുവെന്ന്‌ മന്ത്രി പി കെ ജയലക്ഷ്മി റിട്ടേണിംഗ്‌ ഓഫീസർ വയനാട്‌ സബ്‌ കളക്ടർ മുൻപാകെ കുറ്റസമ്മതം നടത്തി.

പാസായ യോഗ്യത പ്രീഡിഗ്രിയാണെന്നും ബിരുദപഠനം പൂർത്തിയാക്കിയെങ്കിലും ബി എ ഡിഗ്രി പാസായിട്ടില്ലെന്നുമാണ്‌ ഇന്നലെ നടത്തിയ തെളിവെടുപ്പിൽ മന്ത്രി പി കെ ജയലക്ഷ്മി റിട്ടേണിംഗ്‌ ഓഫീസർ വയനാട്‌ സബ്‌ കളക്ടർ ശ്രീറാംസാംബശിവ റാവു മുൻപാകെ ഹാജരായി മൊഴി നൽകിയത്‌.
മൂന്ന്‌ വർഷം ബിരുദ പഠനം നടത്തിയെന്ന അർഥത്തിലാണ്‌ ബി എ ഡിഗ്രിയെന്ന്‌ ചേർത്തിട്ടുള്ളതെന്നാണ്‌ മൊഴി. ബി എ പരീക്ഷ എഴുതിയിട്ടുണ്ട്‌. പല വിഷയങ്ങളിലും വിജയിച്ചില്ലെന്നും മന്ത്രിയുടെ മൊഴിയിലുണ്ട്‌.

നാമനിർദേശ പത്രികയിൽ യോഗ്യത ബിരുദമെന്ന്‌ വ്യാജമായി ചേർത്തുവെന്നും തെരഞ്ഞെടുപ്പ്‌ കമ്മിഷന്‌ സമർപ്പിച്ച ചെലവ്‌ കണക്ക്‌ വ്യാജമാണെന്നും ആരോപിച്ച്‌ വിവരാവകാശ പ്രവർത്തകൻ ബത്തേരിയിലെ കെ പി ജീവൻ ആദ്യം വക്കീൽ നോട്ടീസ്‌ അയച്ചിരുന്നു. ഇതിന്‌ മറുപടി ലഭിക്കാത്ത സാഹചര്യത്തിൽ റിട്ടേണിംഗ്‌ ഓഫീസർക്ക്‌ പരാതി നൽകി. എന്നാൽ പരാതിയിൽ റിട്ടേണിംഗ്‌ ഓഫീസർ അന്നത്തെ സബ്കളക്ടർ വീണ എസ്‌ മാധവൻ അന്വേഷണം നടത്താനും കേസെടുക്കാനും തയ്യാറായില്ല. പരാതിയിൽ നടപടി സ്വീകരിക്കാത്തതിന്‌ എതിരെ കെ പി ജീവൻ, കേരള ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. വിഷയത്തിൽ അടിയന്തരമായി ഇടപെടാൻ തെരഞ്ഞെടുപ്പ്‌ കമ്മിഷന്‌ ഹൈക്കോടതി നൽകിയ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ്‌ മാനന്തവാടി നിയോജക മണ്ഡലം റിട്ടേണിംഗ്‌ ഓഫീസർ ഏപ്രിൽ നാലിന്‌ നേരിട്ട്‌ ഹാജരാവാൻ മന്ത്രി പി കെ ജയലക്ഷ്മിക്ക്‌ നോട്ടീസ്‌ നൽകിയത്‌.
കേസിൽ ഇരുപക്ഷത്തിന്റെയും വിശദമായ വാദം കേൾക്കാനെന്ന പേരിൽ ഏപ്രിൽ 16ലേക്ക്‌ മാറ്റിവെച്ചു. ഇന്നലെ നടന്ന ഹിയറിംഗിൽ കുറ്റം സമ്മതിക്കേണ്ടി വന്നതോടെ ജയലക്ഷ്മിയെ സംരക്ഷിക്കാൻ സർക്കാർ നേരിട്ട്‌ ഇടപെട്ടു തുടങ്ങിയതായി പരാതിക്കാരൻ ജീവൻ ആരോപിച്ചു. ഉന്നത ഉദ്യോഗസ്ഥരെ വിളിച്ചു വരുത്തിയാണ്‌ കേസിൽ വഴിത്തിരിവുണ്ടാക്കി ജയലക്ഷ്മിക്ക്‌ അനുകൂലമാക്കാൻ സർക്കാർ നിർദേശം നൽകിയത്‌. ഇടപെടൽ ശക്തമായതിന്റെ സൂചനയാണ്‌ ഹിയറിംഗ്‌ മാറ്റി വെച്ചതിലൂടെ വെളവാകുന്നതെന്ന്‌ കെ പി ജീവൻ പറഞ്ഞു. വിദ്യാഭ്യാസ യോഗ്യത തെളിയിക്കാൻ ബിഎ സർട്ടിഫിക്കറ്റും കണക്കുകൾ ബോധ്യപ്പെടുത്താൻ അതിനുള്ള തെളിവുകളും ഹാജരാക്കിയാൽ മതി. ഇവ കൊണ്ടുവരണമെന്ന്‌ റിട്ടേണിംഗ്‌ ഓഫീസറുടെ നോട്ടീസിലും പറഞ്ഞിരുന്നു. എന്നിട്ടും ഈ രണ്ടുകാര്യങ്ങൾ പരിശോധിക്കാൻ മൂന്ന്‌ മണിക്കൂർ സമയമാണ്‌ ഉപയോഗിച്ചത്‌. പരാതിക്കാരന്‌ വേണ്ടി ഹൈക്കോടതി അഭിഭാഷകൻ സി എസ്‌ ഹൃത്യക്‌, അഡ്വ ജോഷി മുണ്ടക്കൽ എന്നിവർ ഹാജരായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button