KeralaNews

ദേശീയ ഗെയിംസ് നടത്തിപ്പിലെ ഭീകരമായ ധൂര്‍ത്തിന്‍റെ വിശദാംശങ്ങള്‍: സി.എ.ജിയുടെ റിപ്പോര്‍ട്ട് പുറത്ത്

കൊച്ചി: ദേശീയ ഗെയിംസ് നടത്തിപ്പില്‍ ഭീകരമായ ധൂര്‍ത്ത് നടന്നതായി കംപ്ട്രോളര്‍ ആന്‍ഡ്‌ ഓഡിറ്റര്‍ ജനറല്‍ (സി.എ.ജി.)-യുടെ ഓഡിറ്റില്‍ കണ്ടെത്തി. മൈതാനങ്ങളുടെ തയാറാക്കല്‍ മുതല്‍ കുപ്പിവെള്ളം വാങ്ങുന്നതില്‍ വരെ വന്‍തുക വെട്ടിച്ചതായി സി.എ.ജി കണ്ടെത്തിയിട്ടുണ്ട്.

1.50-കോടി രൂപ മുടക്കി, വളര്‍ന്നു വരുന്ന ടെന്നീസ് താരങ്ങള്‍ക്ക് പരിശീലന സൗകര്യത്തിനായി എന്ന പേരില്‍ നവീകരിച്ച സ്വകാര്യ ക്ലബ്ബ് ‘ട്രിവാന്‍ഡ്രം ടെന്നീസ് ക്ലബ്ബ്”-ല്‍ സി.എ.ജി-യുടെ പരിശോധന നടക്കുമ്പോള്‍ പരിശീലന ടൈം ടേബിള്‍ പോലും തയ്യാറായിരുന്നില്ല.

10.71-കോടി രൂപ ചിലവിട്ട് നവീകരിച്ച കൊച്ചി രാജീവ്ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തിന്‍റെ വരുമാനത്തില്‍ ഒരു വിഹിതം സര്‍ക്കാരിന് നല്‍കാം എന്ന കരാര്‍ ഉണ്ടാക്കിയിരുന്നു. പക്ഷേ, ലക്ഷക്കണക്കിന് രൂപ അംഗത്വ ഫീസിനത്തില്‍ വരുമാനമുള്ള ഈ സ്റ്റേഡിയത്തിന്‍റെ ഓഡിറ്റ് നടത്തിയപ്പോള്‍ പ്രസ്തുത കരാര്‍ വെറും ജലരേഖയായി മാറിയെന്ന് കണ്ടെത്താന്‍ കഴിഞ്ഞു.

വാട്ടര്‍ അതോറിറ്റിയുടെ കൈവശമുള്ള വെള്ളയമ്പലത്തെ സ്ഥലത്ത് സ്വിമ്മിംഗ് പൂള്‍ ഒരുക്കാനായി കോടികള്‍ മുടക്കിയതും പാഴായി. നിര്‍മ്മാണത്തിലെ പാളിച്ചകള്‍ മൂലം ഇവിടെ മത്സരങ്ങള്‍ നടത്താനായില്ല. അതോടെ മത്സരങ്ങള്‍ അക്വാട്ടിക് കോംപ്ലക്സിലേക്ക് മത്സരങ്ങള്‍ മാറ്റേണ്ടി വന്നു. അവിടെയും നവീകരണം നടത്തി. രണ്ടിടത്തുമായി ചിലവായത് 8-കോടി രൂപ.

പോലീസ് പരിശോധന, അഗ്നിരക്ഷയ്ക്കുള്ള ഉപകരണങ്ങള്‍ എന്നിവ വാങ്ങിയതില്‍ വന്‍ ക്രമക്കേടുകള്‍ നടന്നതായും കണ്ടെത്തിയിട്ടുണ്ട്. ആവശ്യമുള്ളതിലധികം ലാപ്ടോപ്പുകളും വാങ്ങിക്കൂട്ടി. അതില്‍, ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുള്ള 181 ലാപ്ടോപ്പുകള്‍ എവിടെയെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. 2300 ലാപ്ടോപ്പുകള്‍ അധികമായി വാങ്ങിയിട്ടുണ്ട്.

വാടകയ്ക്ക് എടുത്ത എയര്‍ കണ്ടീഷണറുകള്‍ക്ക് പുറമേ 500 എണ്ണം വാങ്ങുകയും ചെയ്തു. വെള്ളക്കുപ്പികളും അനാവശ്യമായി വാങ്ങിക്കൂട്ടി.

ഗെയിംസിന് ശേഷം മിച്ചം വന്ന 20-കോടി രൂപ സ്വകാര്യ അക്കൌണ്ടിലാണ് സൂക്ഷിച്ചതെന്നും സി.എ.ജി കണ്ടെത്തി. വിവരാവകാശ പ്രവര്‍ത്തകന്‍ ബിനുവിന്‍റെ പരാതിയിന്മേലാണ് സി.എ.ജി. അന്വേഷണം നടത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button