KeralaNews

കണ്‍സ്യൂമര്‍ഫെഡ് പ്രതിസന്ധിയില്‍

കൊച്ചി: കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ ഉഴലുന്ന കണ്‍സ്യൂമര്‍ഫെഡ് വിഷവിപണിയില്‍ ഇടപെടാന്‍ സാധ്യതയില്ലാത്തത് ജനത്തെ വലയ്ക്കും. മുന്‍ഭരണസമിതികളുടെ ധൂര്‍ത്തും അഴിമതിയുമാണ് കണ്‍സ്യൂമര്‍ഫെഡിനെ ഈ ദുരവസ്ഥയില്‍ എത്തിച്ചത്. കുടിശികത്തുക കിട്ടാതെ കണ്‍സ്യൂമര്‍ഫെഡിന് സാധനങ്ങള്‍ നല്‍കില്ലെന്ന് കരാറുകാര്‍ മുന്നറിയിപ്പു നല്‍കിയിരിക്കുകയാണ്. കണ്‍സ്യൂമര്‍ഫെഡ് വിഷു വിപണിയില്‍ ഇടപെടാതിരിക്കാന്‍ ഇതാണ് കാരണം.

പൊതുവിപണിയില്‍ വില കുതിക്കുമ്പോഴും വില പിടിച്ചു നിര്‍ത്താന്‍ യാതൊരുവിധ നടപടിയുമില്ലാതെ കണ്‍സ്യൂമര്‍ഫെഡ് സ്ഥാപനങ്ങള്‍ അടച്ചുപൂട്ടലിന്റെ വക്കിലാണ്. വിഷുവിനുള്ള സാധനങ്ങള്‍ വിതരണം ചെയ്യാന്‍ ടെന്‍ഡര്‍ വിളിച്ചെങ്കിലും മൊത്തവിതരണക്കാര്‍ ക്വട്ടേഷന്‍ നല്‍കാന്‍ തയാറാവാത്തതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്കു കാരണം.
300 കോടിയാണ് കണ്‍സ്യൂമര്‍ ഫെഡ് വിതരണക്കാര്‍ക്ക് നല്‍കാനുള്ളത്.
ഇതിനിടെ അവശ്യസാധനങ്ങള്‍ വിറ്റിരുന്ന പതിനഞ്ചോളം സ്ഥാപനങ്ങള്‍ മദ്യവില്‍പ്പനശാലകളായി മാറ്റുകയും ചെയ്തു. സെക്രട്ടേറിയറ്റിനു മുമ്പിലെ ത്രിവേണി ഔട്ട്‌ലെറ്റും എറണാകുളം ഗാന്ധിനഗറിലെ ത്രിവേണി കോഫിഹൗസും മദ്യവില്‍പനശാലകളായി. ആസാദ് റോഡിലെ ത്രിവേണി അടച്ചുപൂട്ടിയാണ് സെല്‍ഫ് സര്‍വീസ് മദ്യവില്‍പ്പനകേന്ദ്രം തുടങ്ങിയത്.

കേശവദാസപുരത്തെ കേദാരത്തിലെ ത്രിവേണിഷോപ്പിന്റെ വലിപ്പം കുറച്ച് അവിടെയും വിദേശമദ്യ ഔട്ട്‌ലെറ്റ് തുടങ്ങി. വിപണി ഇടപെടലുകള്‍ക്കു വേണ്ടി നിശ്ചിതശതമാനം ലാഭത്തുക മാറ്റിവയ്ക്കാമെന്ന ഉറപ്പിലാണ് കണ്‍സ്യൂമര്‍ഫെഡിന് കൂടുതല്‍ മദ്യ വില്‍പ്പന ലൈസന്‍സ് അനുവദിച്ചത്. എന്നാല്‍, കടത്തില്‍ മുങ്ങിയ കണ്‍സ്യൂമര്‍ഫെഡില്‍ ജീവനക്കാര്‍ക്കു ശമ്പളം നല്‍കുന്നതിനു പോലും കടം വാങ്ങേണ്ട അവസ്ഥയായതോടെ വിപണി ഇടപെടലുകളും നിലച്ചു.
നിലവില്‍ അവശ്യസാധനങ്ങള്‍ക്ക് പൊതുവിപണിയിലേതിനേക്കാള്‍ വിലയാണ് കണ്‍സ്യൂമര്‍ ഫെഡില്‍. ഉഴുന്ന്, കടല, മുളക്, തുവരപരിപ്പ്, കടലപരിപ്പ് എന്നിവയ്‌ക്കെല്ലാം വില കൂടുതലാണ്.

കഴിഞ്ഞ ഏപ്രിലില്‍ മാനേജ്‌മെന്റ് ശേഖരിച്ച കണക്കു പ്രകാരം കണ്‍സ്യൂമര്‍ഫെഡ് 1052 കോടി രൂപ നഷ്ടത്തിലാണെന്നു കണ്ടെത്തിയിരുന്നു. മദ്യവില്‍പ്പനയില്‍ മാത്രമാണ് മാനേജ്‌മെന്റിന് താത്പര്യമെന്നതാണ് മറ്റൊരു യാഥാര്‍ത്ഥ്യം. കഴിഞ്ഞ രണ്ടു സര്‍ക്കാരുകളുടെ കാലത്തായി കണ്‍സ്യൂമര്‍ഫെഡിന്റെ പണം മുഴുവന്‍ കീശയിലാക്കിയവര്‍ ഞെളിഞ്ഞുനടക്കുമ്പോഴാണ് ഏറെ ദീര്‍ഘവീക്ഷണത്തോടെ തുടങ്ങിയ സ്ഥാപനം നാശത്തിലേക്ക് കൂപ്പുകുത്തുന്നത്. രാഷ്ട്രീയതാത്പര്യങ്ങള്‍ കൊണ്ട് നിയമനം ലഭിച്ച ഇപ്പോഴത്തെ എം.ഡിയും തട്ടിപ്പുകാര്‍ക്ക് കൂട്ടുനില്‍ക്കുകയാണെന്ന് ഒരു വിഭാഗം ജീവനക്കാര്‍ ആരോപിക്കുന്നു. കഴിഞ്ഞദിവസവും തിരുവനന്തപുരം ചെങ്കല്‍ച്ചൂള ഗോഡൗണില്‍ പഴയ സാധനങ്ങളെന്ന വ്യാജേന നിരവധി സാധനങ്ങള്‍ നശിപ്പിച്ചതായാണ് വിവരം. നേരത്തെ കാണിച്ചിട്ടുള്ള അഴിമതികള്‍ക്ക് മറയിടാനാണ് ഇതെന്ന ആരോപണം ശക്തമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button