KeralaNews

അടൂര്‍ മണ്ഡലത്തിലെ കോണ്ഗ്രസ് സ്ഥാനാര്‍ഥി കെ.കെ ഷാജുവിനെതിരെ കോണ്‍ഗ്രസ് നേതാവ് അഡ്വ.പന്തളം പ്രതാപന്‍ രംഗത്ത്

പത്തനംതിട്ട: ദിവസങ്ങള്‍ക്ക് മുമ്പ് കോണ്‍ഗ്രസില്‍ എത്തിയവര്‍ക്ക് സ്ഥാനാര്‍ഥിത്വം നല്‍കുകയും യഥാര്‍ഥ കോണ്‍ഗ്രസുകാര്‍ക്ക് സീറ്റ് നിഷേധിച്ചക്കുകയും ചെയ്തത് തെരഞ്ഞെടുപ്പില്‍ അടൂര്‍ മണ്ഡലത്തില്‍ പ്രതിഫലിക്കുമെന്ന് കെ.പി.സി.സി നിര്‍വാഹക സമിതിയംഗം അഡ്വ. പന്തളം പ്രതാപന്‍. കോണ്‍ഗ്രസില്‍ പതിറ്റാണ്ടുകളായി പ്രവര്‍ത്തിക്കുന്ന പട്ടികജാതിക്കാരെ അവഗണിച്ചു കൊണ്ടാണ് സ്ഥാനാര്‍ഥി നിര്‍ണയം നടത്തിയിരിക്കുന്നത്. കോണ്‍ഗ്രസിലെ ഐ വിഭാഗത്തിന്റെ പ്രതിനിധിയായ തനിക്കാണ് ഇക്കുറി അടൂര്‍ സീറ്റെന്ന് നേരത്തേ തന്നെ രമേശ് ചെന്നിത്തല പറഞ്ഞിരുന്നു.

കെ.പി.സി.സി പ്രസിഡന്റിനെയും മുഖ്യമന്ത്രിയെയും കണ്ട് അവകാശവാദം ഉന്നയിക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തു. അതിന്‍ പ്രകാരം അവരെ പലതവണ കണ്ട് സീറ്റിന്റെ കാര്യം ഓര്‍മിപ്പിച്ചു. ഇവിടെ നിന്ന് ഡല്‍ഹിക്ക് പോയ പട്ടികയില്‍ തന്റെ പേരായിരുന്നു ആദ്യം. അതില്‍ ഷാജു ഉണ്ടായിരുന്നോ എന്നു പോലും അറിയില്ല. സ്ഥാനാര്‍ഥി നിര്‍ണയം നടക്കുന്നതിന് മുന്‍പ് തന്നെ അടൂരില്‍ ഷാജു പോസ്റ്റര്‍ പതിച്ചു. ഈ വിവരം കെ.പി.സി.സി പ്രസിഡന്റിനെ നേരില്‍ കണ്ട് പറഞ്ഞു. അദ്ദേഹം തന്റെ മുന്നില്‍ വച്ച് തന്നെ ഷാജുവിനെ വിളിച്ച് സ്ഥാനാര്‍ഥിയെ നിശ്ചയിക്കാത്ത സാഹചര്യത്തില്‍ പോസ്റ്റര്‍ പതിക്കരുതെന്ന് കര്‍ശനമായി താക്കീത് ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ ഷാജു പോസ്റ്ററൊട്ടിക്കുന്നത് തുടര്‍ന്നു. അന്തിമ പട്ടിക വന്നപ്പോള്‍ ഷാജുവിന് തന്നെ സീറ്റ് കിട്ടി.

ഷാജുവിന് കോണ്‍ഗ്രസ് അംഗത്വം ഉണ്ടോയെന്ന് പോലും അറിയില്ല. ഏതായാലും അദ്ദേഹം പത്തനംതിട്ട ഡി.സി.സിയില്‍ അംഗമല്ല. കഴിഞ്ഞ തവണ അടൂരില്‍ സ്ഥാനാര്‍ഥിയായിരുന്ന പന്തളം സുധാകരന്‍ വെറും 607 വോട്ടിനാണ് തോറ്റത്. അതിന് കാരണം അവിടുത്തെ ഗ്രൂപ്പ് നേതാക്കള്‍ മറ്റൊരു മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് വോട്ടു പിടിക്കാന്‍ പോയതാണ്. അവര്‍ തിരിച്ചെത്തി വോട്ട് ചെയ്തിരുന്നെങ്കില്‍ സുധാകരന്‍ ജയിക്കുമായിരുന്നു. 2010 ലെ പുനഃസംഘടനയില്‍ ഇല്ലാതായ പന്തളം സംവരണ മണ്ഡലത്തില്‍ നിന്നാണ് ഷാജു 2006 ല്‍ ജെ.എസ്.എസിന്റെ എം.എല്‍.എയായത്. അന്നും നഷ്ടമുണ്ടായത് തനിക്കാണ്. അവിടെ മത്സരിക്കാന്‍ സീറ്റുറപ്പിച്ചിരുന്ന തന്നോട് ഘടകകക്ഷിക്ക് വേണ്ടി പിന്മാറാന്‍ ആവശ്യപ്പെടുകയായിരുന്നു. മുന്നണി മര്യാദ പാലിച്ചാണ് അന്ന് മിണ്ടാതിരുന്നത്. ഇപ്പോള്‍ മിണ്ടാതിരിക്കാന്‍ കഴിയാത്ത സാഹചര്യമാണുള്ളതെന്നും പ്രതാപന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button